കൊപ്പാലിലെ ഖാസിമിന്റെ വീട്ടിൽ ‘അന്ന സന്താർപ്പണ’ യിൽ പ​ങ്കെടുക്കുന്ന അയ്യപ്പ ഭക്തർ

വിദ്വേഷ മലക്കപ്പുറം സാഹോദര്യ ജ്യോതി: ആനപ്പേടിയിൽ അയ്യപ്പ ഭക്തർക്ക് പള്ളിയിൽ അഭയം; കൊപ്പാലിൽ മുസ്‌ലിം കുടുംബത്തിൽ സസ്യാഹാരം

മംഗളൂരു: കർണാടകയിൽ കുടക്, കൊപ്പാൽ ജില്ലകളിൽ ശബരിമല തീർഥാടകർക്ക് ശരണമായി മുസ്‌ലിം ആരാധനാലയവും കുടുംബവും. കുടക് വീരാജ്പേട്ട താലൂക്കിലെ എടത്തറ ലിവാഉൽ ഹുദ മസ്ജിദും മദ്റസയും അയ്യപ്പ ഭക്തർക്ക് അഭയമായതിന് പിന്നാലെ കൊപ്പാൽ ജില്ലയിലെ ജയനഗറിൽ മുസ്‌ലിം കുടുംബം തീർഥാടകർക്കായി ‘അന്ന സന്താർപ്പണ’ ഒരുക്കിയത്.

കൊപ്പാലിൽ ഖാസിം അലി മുഡ്ഡബള്ളി തന്റെ വീട്ടിൽ ശബരിമല തീർഥാടകർക്ക് സസ്യാഹാരം ഒരുക്കിയാണ് സൗഹാർദം വിളമ്പിയത്. ഭജനക്കുള്ള സൗകര്യവും ഒരുക്കി. ഇതിന്റെ ചിത്രങ്ങളും വിഡിയോ ദൃശ്യവും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഖാസിം അലിയുടെ പ്രവൃത്തിക്ക് പിന്തുണയുമായി നിരവധി പേർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടു. പിഞ്ജാര സമുദായക്കാരുടെ ജില്ലാ പ്രസിഡന്റ് കൂടിയാണ് ഖാസിം അലി. വടക്കേ ഇന്ത്യൻ മുസ്‍ലിംകളിലെ ഒരു വിഭാഗമാണ് പിഞ്ജാര സമുദായം. വീട്ടിൽ ഭജനയും പൂജയും ‘അന്ന സന്താർപ്പണ’യുടെ ഭാഗമായി നടന്നു. ഖാസിമിന്റെ കുടുംബവും ഇതിൽ പങ്കാളികളായി. എല്ലാ മതങ്ങളും ഒന്നാണെന്നും എല്ലാ മതങ്ങളുടെയും അന്തഃസത്ത ഓരോരുത്തരും തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

അടുത്തിടെ ആറു ശബരിമല തീർഥാടകർക്ക് കുടകിലെ മസ്ജിദിൽ അഭയം നൽകിയിരുന്നു. ബെളഗാവി ജില്ലയിലെ ഗോകകിൽ നിന്ന് ബൈക്കുകളിൽ ശബരിമലയിലേക്ക് യാത്ര ചെയ്യുകയായിരുന്ന തീർഥാടകരാണ് കുടകിൽ രാത്രി കാട്ടാന ഭീഷണി നേരിട്ടത്. തുടർന്ന് അടുത്തു കണ്ട മസ്ജിദിൽ അവർ അഭയം തേടുകയായിരുന്നു. എടത്തറ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് ഉസ്മാൻ, ഖത്തീബ് ഖമറുദ്ദീൻ അൻവാരി എന്നിവർ മസ്ദിന്റേയും മദ്റസയുടേയും സൗകര്യങ്ങൾ അവർക്ക് നൽകി. കമലേഷ് ഗൗരി, ഭീമപ്പ സനാദി, ശിവാനന്ദ നവെഡി, ഗംഗാധര ബഡിഡെ, സിദ്ധറോഡ് സനാദി എന്നീ തീർഥാടകർ ശരണം വിളിച്ചും വിശ്രമിച്ചും രാത്രി ചെലവഴിച്ചു.

Tags:    
News Summary - Brotherhood- Ayyappa devotees sheltered in the mosque cause of elephant-A vegetarian diet in a Muslim family in Koppal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.