മിറാഷ് 2000 യുദ്ധ വിമാനം, വ്യോമസേന പൈലറ്റ് സ്ക്വാഡ്രൺ ലീഡർ ജസ്പ്രീത് സിങ്

ഇന്ത്യൻ വ്യോമസേനയുടെ കരുത്തറിയിച്ച ദൗത്യം; മൗറീഷ്യസിൽ നിന്നും മിറാഷുമായി ഒരു സാഹസിക പറക്കൽ

കോഴിക്കോട്: ട്രോളുകളിലും വാർത്തകളിൽ ഇടം നേടിയതായിരുന്നു ബ്രിട്ടീഷ് എഫ് 35 ​യുദ്ധവിമാനത്തിന്റെ കേരള വാസം. സാ​ങ്കേതിക തകരാറിനെ തുടർന്ന് കഴിഞ്ഞ ജൂൺ 14ന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയ വിമാനം 39 ദിവസത്തെ വാസത്തിനു ശേഷം ചൊവ്വാഴ്ചയോടെ തിരികെ മടങ്ങുമ്പോൾ ഇന്ത്യൻ വ്യോമസേനക്കുമുണ്ട് സമാനമായൊരു അനുഭവത്തിന്റെ കഥ.

2004 ഒക്ടോബർ നാലിനായിരുന്നു ഇന്ത്യൻ വ്യോമസേനയുടെ ​ധീരതയും, സാ​ങ്കേതിക മികവും, കരുത്തും പ്രകടമാക്കിയ ആ സംഭവം. മൗ​റീഷ്യസിൽ വ്യോമാഭ്യാസത്തിൽ പ​ങ്കെടുക്കുന്നതിനിടെ വ്യോമസേനയുടെ മിറാഷ് 2000 യുദ്ധ വിമാനം അടിയന്തരമായി ഇടിച്ചിറക്കുന്നതോടെയായിരുന്നു തുടക്കം. പിന്നെ കണ്ടത് യുദ്ധസമാനമായ നീക്കങ്ങൾ. 4000ത്തോളം കിലോമീറ്റർ അകലെ, ഇന്ത്യൻ സമുദ്രത്തിൽ ഒറ്റപ്പെട്ടു നിലക്കുന്ന ദ്വീപുരാജ്യമായ മൗറീഷ്യസിൽ കുടുങ്ങിയ യുദ്ധ വിമാനം തകരാറുകൾ പരിഹരിച്ച് തിരികെയെത്തിക്കുകയെന്ന ദുഷ്‍കരമായ ദൗത്യം ഇന്ത്യൻ വ്യോമസേനാ സംഘം ധൈര്യസമേതം ഏറ്റെടുത്തു. 

22 ദിവസത്തെ ​​െഎതിഹാസിക ദൗത്യം; പറന്നിറങ്ങിയത് തിരുവനന്തപുരത്ത്

എയർഷോയിലെ പങ്കാളിത്തതിനിടെ സാ​ങ്കേതികതകരാർ ക​ണ്ടെത്തിയതോടെയാണ് മിറാഷ് 2000 മൗറീഷ്യയിലെ പോർട് ലൂയിസ് വിമാനത്താവളത്തിൽ ഇടിച്ചിറക്കുന്നത്. കോക്പിറ്റ് മുതൽ, എയർഫ്രെയിമും ഇന്ധനടാങ്കിനും വരെ കേടുപാടുകൾ സംഭവിച്ചു. ഗുരുതര കേടുപാടുകൾ സമയബന്ധിതമായി പൂർത്തിയാക്കി തിരികെയെത്തിക്കൽ ദുഷ്‍കരമായിരുന്നു. വ്യോമസേനയുടെ എൻജിനിയർമാർ, പൈലറ്റ്, വിമാന ഉപകരണങ്ങൾ വഹിച്ചുകൊണ്ടുള്ള എയർക്രാഫ്റ്റ് ട്രാൻസ്​പോർട്ട് ഐ.എൽ 76 വിമാനം, റിഫ്യുവലിങ് ടാങ്കർ സംവിധാനമുള്ള വിമാനം എന്നിവ സഹിതം വ്യോമസേന സംഘം മൗറീഷ്യയിലേക്ക് പറന്നു. ശേഷം, കണ്ടത് അതിവേഗത്തിലെ രക്ഷാ പ്രവർത്തനം. യുദ്ധ വിമാനം മറ്റൊരു രാജ്യത്ത് തുടരുന്നത് രാജ്യരക്ഷയിലും സാമ്പത്തികമായും ബാധ്യതയുള്ളതായതിനാൽ എത്രയും വേഗം പ്രശ്നം പരിഹരിച്ച് തിരികെ എത്തിക്കുകയായിരുന്നു ലക്ഷ്യം. അടിയന്തര സാഹചര്യത്തിൽ പോലും മിറാഷിന് ചക്രങ്ങൾ ഉപയോഗിക്കാതെയുള്ള ബെല്ലി ലാൻഡിങ്ങിന് നിർമാതാക്കളുടെ അനുമതിയി​െ​ല്ലന്ന വെല്ലുവിളി വേറെയും.

സ്ക്വാഡ്രൺ ലീഡർ ജസ്പ്രീത് സിങ്ങിനായിരുന്നു തിരികെ യാത്രയിൽ വിമാനം പറത്താനുള്ള ചുമതല. പരിചയ സമ്പന്നനും, ശ്രദ്ധേയ ​സൈനിക ദൗത്യങ്ങൾക്ക് നേതൃത്വം നൽകിയ ഓഫീസറുമായ ജസ്പ്രീത് വാർത്താ ഏജൻസിയായി പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ ആ ദിവസങ്ങൾ ഇന്നലെ കഴിഞ്ഞതുപോലെ ഓർത്തെടുത്തു.

മിറാഷിന്റെ സാ​ങ്കേതിക പ്രശ്നം പരിഹരിക്കുകയായിരുന്നു ടെക്നികൽ ടീമിന്റെ ദൗത്യം. ശേഷം, ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിലൂടെ ഒറ്റ​ എഞ്ചിൻ വിമാനം പറത്തി ഇന്ത്യയിലെത്തിക്കാനുള്ള ഉത്തരവാദിത്തം ജസ്പ്രീത് സിങ്ങിനും. കൂട്ടായ പ്രവർത്തനത്തിനൊടുവിൽ ഒക്ടോബർ 13 ആകുമ്പോഴേക്കും വിമാനം ഗ്രൗണ്ട് റണ്ണിന് സജ്ജമായി. പത്താം ദിവസം ആദ്യ പരിശീലനപ്പറക്കലും നടത്തി. ബെല്ലി ലാൻഡിങ്ങിന് കമ്പനിയുടെ അനുവാദമില്ലാത്തപ്പോഴായിരുന്നു ഈ അതിസാഹസം. തുടർന്നുള്ള ദിവസങ്ങളിൽ ടാക്സി ടെസ്റ്റും, ​എയർ ടെസ്റ്റും പൂർത്തിയാക്കി വിമാനം ഇന്ത്യയിലേക്ക് പറക്കാൻ സജ്ജമാക്കി. ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിൽ കാലാവസ്ഥ കൂടി അനുകൂലമായാൽ പറക്കാമെന്നായി നിർദേശം. അങ്ങനെ 2006 ഒക്ടോബർ 26 മിറാഷ് 2000ത്തിന്റെ തിരികെ യാത്രക്ക് തീയതി കുറിച്ചു. മുന്നിലുള്ളത് 4000 കിലോമീറ്റർ ആകാശ ദൂരം. യാത്രാ മധ്യേ, മൂന്നു തവണയെങ്കിലും ആകാശത്തിൽ വെച്ച് ഇന്ധനം നിറക്കേണ്ടിവരും. അടിയന്തര സാഹചര്യത്തിൽ ലാൻഡിങ്ങിന് പോലും ഒരിടമില്ലാത്ത ദീർഘയാത്ര.

വെല്ലുവിളിനിറഞ്ഞ ദൗത്യമേറ്റെടുത്ത ജസ്പ്രീത് രാവിലെ 7.55ന് വിമാനം തിരുവനന്തപുരം ലക്ഷ്യമിട്ട് ടേക്ക് ഓഫ് ചെയ്തു. പറന്നുയർന്ന് 11 മിനിറ്റിന് ശേഷം ആദ്യ ഇന്ധനം നിറക്കൽ. 25,000 അടി ഉയരത്തിലെത്തിയ ശേഷം രണ്ടാം ഇന്ധന നിറക്കലും വിജയിച്ചു. എന്നാൽ, അവസാന പാദത്തിലെ ഇന്ധനം നിറക്കുന്നതിന് കാലാവസ്ഥ വെല്ലുവിളിയായി. ഇതോടെ വിമാനം 40,000 അടി ഉയരത്തിലേക്ക് പറത്തി കുറഞ്ഞ ഇന്ധനക്ഷമതയിൽ പറത്താനായി പൈലറ്റിന്റെ ശ്രമം. അപ്പോഴും വെല്ലുവിളികൾ ഏറെയായിരുന്നു. അതിവേഗത്തിൽ പറക്കുന്ന മിറാഷ് റഡാർ പരിധികൾക്കപ്പുറത്തായിരിക്കുമെന്നതിനാൽ ട്രാക്ക് ചെയ്യൽ പ്രയാസമാണ്. റേഡിയോ ബന്ധം മുറിയുന്നതോടെ ഗ്രൗണ്ട് കൺട്രോൾ യൂണിറ്റുമായുള്ള ആശയവിനിമയവും തടസ്സപ്പെടും. അപകടത്തിൽ പെട്ടാൽ മഹാസമുദ്രത്തിൽ പരിശോധന​േപാലും അസാധ്യമാവുന്ന സാഹചര്യത്തിൽ ജസ്പ്രീത് സധൈര്യം വിമാനം പറത്തി. ഒടുവിൽ കാത്തിരിപ്പിനു ശേഷം, ​ഉച്ച കഴിഞ്ഞ് 2.50ന് തിരുവനന്തപുരത്ത് ഇറങ്ങിയ വിമാനത്തിനും പൈലറ്റിനും വമ്പൻ സ്വീകരണമായിരുന്നു ഒരുക്കിയത്. അടുത്ത ദിവസം വിമാനം ബംഗളൂരുവിലേക്കുമെത്തിച്ച ശേഷം, അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി നാലുമാസത്തിനു ശേഷം വീണ്ടും വ്യോമസേനയുടെ ഭാഗമായി.

ഇന്ത്യൻ വ്യോമസേന ചരിത്രത്തിൽ ഉജ്വല ഏടുകളിലൊന്നായി മാറിയ ഈ ദൗത്യത്തിന് നായകത്വം വഹിച്ചതിനുള്ള അംഗീകാരമായി സ്ക്വാഡ്രൺ ലീഡർ ജസ്പ്രീത് സിങ്ങിന് പ്രസിഡന്റിന്റെ വായുസേനാ മെഡലും സമ്മാനിച്ചു.

2126 നോട്ടിക്കൽ മൈൽ (ഏകദേശം 4000 കിലോമീറ്റർ) എന്ന ദൂരത്തിൽ ഒരു യുദ്ധവിമാനം പറത്താൻ ഇന്നും കൂടുതൽ വ്യോമസേനകൾക്കൊന്നും സാധ്യമല്ല. ധൈര്യസമേതം ആ വെല്ലുവിളി ഏറ്റെടുക്കാൻ കഴിഞ്ഞത് ഇന്ത്യൻ വ്യോമസേനയുടെ മികവിന്റെ അടയാളമാണെന്നും, ഇത് അഭിമാന നേട്ടമാണെന്നും 2018ൽ വിരമിച്ച ജസ്പ്രീത് സിങ് പറയുന്നു.

Tags:    
News Summary - British F35 recovery puts spotlight on daring ferry of stranded IAF Mirage from Mauritius

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.