'അമിത് ഷാ വിശ്വസിക്കുന്നത് സ്തീ-ദലിത് വിരുദ്ധമായ മനുസ്മൃതിയെയാണോ ഭരണഘടനയെ ആണോ'; സനാതനധർമ പരാമർശത്തിൽ ഷായെ വിമർശിച്ച് ബൃന്ദ കാരാട്ട്

ന്യൂഡൽഹി: കേന്ദ്ര മന്ത്രി അമിത്ഷാ മനുസ്മൃതിയെയാണോ രാജ്യത്തിന്‍റെ ഭരണഘടനയെയാണോ വിശ്വസിക്കുന്നതെന്ന് മുതിർന്ന സി.പി.എം നേതാവും പോളിറ്റ്ബ്യൂറോ അംഗവുമായ ബൃന്ദ കാരാട്ട്. ഡി.എം.കെ നേതാവും മന്ത്രിയുമായ ഉദയിനിധി സ്റ്റാലിന്‍റെ സനാതനധർമ പരാമർശത്തിന് പിന്നാലെ ഇൻഡ്യ സഖ്യം ഹിന്ദുത്വത്തിനെതിരാണ് എന്ന പരാമർശവുമായി അമിത്ഷാ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഷായെ വിമർശിച്ച് ബൃന്ദ കാരാട്ട് രംഗത്തെത്തിയിരിക്കുന്നത്.

അമിത്ഷാ ചില കാര്യങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകേണ്ടതുണ്ട് എന്ന പറഞ്ഞ മുൻ എം.പി കൂടിയായ ബൃന്ദ കാരാട്ട്, ഷാ ജാതിവ്യവസ്ഥയെ പിന്തുണക്കുന്നുണ്ടോയെന്നും ചോദിച്ചു. " ആദ്യം അമിത് ഷാ ചില കാര്യങ്ങൾക്ക് ഉത്തരം പറയട്ടെ; സനാതന ധർമം ജന്മാധിഷ്ഠിതമായ വർണവിവേചനത്തെ മഹത് വത്കരിക്കുന്നുണ്ടോ? കേന്ദ്രമന്ത്രി അമിത്ഷാ ജാതിവ്യവസ്ഥയെ പിന്തുണക്കുന്നുണ്ടോ? ദലിതരേയും സ്ത്രീകളേയും കടന്നാക്രമിക്കുന്ന മനുസമൃതിയിലെ വചനങ്ങളെ ഷാ പിന്തുണക്കുന്നുണ്ടോ? ഭരണഘടന അനുശാസിക്കുന്ന പ്രകാരം ഒരു യുവതിക്ക് അവൾ ഇഷ്ടപ്പെട്ട യുവാവിനെ വിവാഹം ചെയ്യാനുള്ള അവകാശത്തിൽ ഷാ വിശ്വസിക്കുന്നുണ്ടോ? അതോ മനുസമൃതിയിൽ പറയുന്ന പ്രകാരം അത്തരത്തിൽ ഒരു വിവാഹം നടന്നാൽ ഉണ്ടാകുന്ന ക്രൂരമായ ശിക്ഷാവിധികളെയാണോ ഷാ വിശ്വസിക്കുന്നത്? അതുകൊണ്ട്, വിലക്കയറ്റം, തൊഴിലില്ലായ്മ, ദലിതർക്കും സ്ത്രീകൾക്കും എതിരെ ഉയരുന്ന അതിക്രമങ്ങൾ തുടങ്ങി കേന്ദ്രസർക്കാരിന്‍റെ പരാജയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കരുത്" - ബൃന്ദ കാരാട്ട് കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം ഉദയനിധി സ്റ്റാലിൻ രാജ്യത്ത് നിന്നും സനാതനധർമത്തെ തുടച്ചുനീക്കണമെന്ന് പറഞ്ഞിരുന്നു. സനാതനധർമം മലേറിയ, കൊറോണ, കൊതുക് എന്നിവയൊക്കെ പോലെ ഉന്മൂലനം ചെയ്യപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഉദയനിധി സ്റ്റാലിന്‍റെ പരാമർശം പൈതൃകത്തിന്മേലുള്ള അതിക്രമവും ഹിന്ദുത്വത്തോടുള്ള വെറുപ്പുമാണ് വ്യക്തമാക്കുന്നതെന്ന് ചൂണ്ടിക്കാട്ടി അമിത്ഷാ രംഗത്തെത്തിയത്. ഇൻഡ്യ സഖ്യത്തിന്‍റെ വോട്ട് രാഷ്ട്രീയമാണ് ഇതിൽ നിന്നും വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Tags:    
News Summary - Brinda karat slams Amit shah for his criticism against sanatan dharma remark, asks if he believes manusmrithi or constitution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.