ഇന്ത്യയെ പരിവര്‍ത്തനം ചെയ്ത ധിഷണാശാലിയായ ഭരണകര്‍ത്താവ് -ചെന്നിത്തല

ലോക സാമ്പത്തിക ശക്തികളിലൊന്നായി ഇന്ത്യയെ പരിവര്‍ത്തനം ചെയ്ത ധിഷണാ ശാലിയായ ഭരണകര്‍ത്താവായിരുന്നു ഡോ. മന്‍മോഹന്‍ സിങ്ങെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല അനുസ്മരിച്ചു. ഇന്ത്യയുടെ കരുതല്‍ സ്വര്‍ണ്ണശേഖരം പോലും വിദേശത്ത് കൊണ്ടുപോയി പണയം വയ്‌ക്കേണ്ട ദയനീയമായ അവസ്ഥയില്‍ നിന്ന് കരുത്തുറ്റ സാമ്പത്തിക ഭദ്രത രാഷ്ട്രത്തിന് സമ്മാനിച്ച സാമ്പത്തിക മാന്ത്രികനായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ഇന്നത്തെ സാമ്പത്തിക സുസ്ഥിരതയ്ക്ക് മന്‍മോഹന്‍സിംഗിനോട് രാഷ്ട്രം കടപ്പെട്ടിരിക്കുന്നു.

2004 മുതല്‍ 2014 വരെയുള്ള ഇന്ത്യയുടെ നിര്‍ണ്ണായക കാലഘട്ടത്തില്‍ പ്രതിസന്ധികളില്‍ തളരാതെ പക്വതയോടെയും കരുത്തോടെയും ഇന്ത്യയെ മുന്നോട്ട് നയിച്ചു അദ്ദേഹം. ഒരു സാമ്പത്തിക ശാസ്ത്രജ്ഞന്റെ സൂക്ഷ്മതയോടെ ഉദാരവത്ക്കരണത്തിന്റെ വാതായനങ്ങള്‍ തുറന്നിട്ടപ്പോഴും രാഷ്ട്രത്തിന്റെ അടിസ്ഥാന ജനതയെ അദ്ദേഹം മറന്നില്ല. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പോലുള്ള ശക്തമായ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കിയിപ്പോള്‍ അദ്ദേഹത്തിന്റെ ഭരണ നൈപുണ്യവും ദീര്‍ഘവീക്ഷണവും പ്രതിബദ്ധതയുമാണ് വ്യക്തമായത്.

തികഞ്ഞ മതേതര വാദിയും മാന്യനും മിതഭാഷിയുമായിരുന്ന അദ്ദേഹം അടിയുറച്ച ഗാന്ധിയനുമായിരുന്നു. എനിക്ക് ദീര്‍ഘകാലത്തെ അടുത്ത ബന്ധമാണ് ഡോ. മന്‍മോഹന്‍സിംഗുമായി ഉണ്ടായിരുന്നത്. അദ്ദേഹത്തിന്റെ വേര്‍പാട് കനത്ത വേദന വേദനയാണ് സൃഷ്ടിക്കുന്നത്. രാഷ്ട്രത്തിനും കോണ്‍ഗ്രസിനിനും കനത്ത നഷ്ടമാണ് മന്‍മോഹന്‍സിംഗിന്റെ മരണം മൂലം ഉണ്ടായിട്ടുള്ളത് -രമേശ് ചെന്നിത്തല പറഞ്ഞു. 

Tags:    
News Summary - brilliant leader who transformed India - Chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.