മുംബൈ: മഹാരാഷ്ട്ര നഗരസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കൂറ്റൻജയം പ്രവചിച്ച് എക്സിറ്റ്പോളുകൾ. 272 സീറ്റുകളുള്ള മുംബൈ നഗരസഭയിൽ ബി.ജെ.പി സഖ്യം 150 ഓളം സീറ്റുകൾ നേടുമെന്നും ഉദ്ധവ് -രാജ് താക്കറെമാരുടെ ശിവസേന (യു.ബി.ടി)- എം.എൻ.എസും ശരദ് പവാർ പക്ഷ എൻ.സി.പിയും 70ൽ താഴെ ഒതുങ്ങുമെന്നുമാണ് പ്രവചനം. അജിത് പവാർ പക്ഷ എൻ.സി.പിയും ശരദ് പവാർ പക്ഷവും ഒന്നിച്ചു മത്സരിക്കുന്ന പുണെ, പിമ്പ്രി-ചിഞ്ച്വാദ് എന്നിവിടങ്ങളിലും പ്രവചനത്തിൽ ബി.ജെ.പിക്കാണ് മേൽക്കൈ. വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ.
വ്യാഴാഴ്ച വോട്ടെടുപ്പിൽ നിരവധി ആരോപണങ്ങളാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനെതിരെ ഉന്നയിക്കപ്പെട്ടത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ ദിനേഷ് വാഗ്മാരെയെ സസ്പെൻഡ് ചെയ്യണമെന്ന് ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു. ഭരണത്തിലിരിക്കുന്നവർക്ക് അനുകൂലമായ നിലപാടാണ് കമീഷണർ സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു.
സ്ഥാനാർഥികളുടെ സത്യവാങ്മൂലങ്ങൾ അപ്ലോഡ് ചെയ്യുന്നതിലെ താമസം, മാതൃകാ പെരുമാറ്റച്ചട്ട ലംഘനം, വിരലിൽ പതിക്കാൻ മായ്ച്ചുകളയാൻ കഴിയുന്ന മഷിയുടെ ഉപയോഗം തുടങ്ങിയ ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടത്. മഹാരാഷ്ട്ര കേഡറിലെ 1994 ബാച്ച് ഐ.എ.എസുകാരനാണ് ദിനേഷ് വാഗ്മാരെ. കഴിഞ്ഞ വർഷം ജനുവരിയിൽ മഹാരാഷ്ട്ര അഡീഷനൽ ചീഫ് സെക്രട്ടറിയായി വിരമിച്ചതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമീഷണറായി നിയമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.