ന്യൂഡൽഹി: ‘ഓപറേഷൻ സിന്ദൂറി’ന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസ കൊണ്ടു മൂടാൻ ബി.ജെ.പിയും ഇതര കാവി പാർട്ടികളും ഒന്നടങ്കം രംഗത്ത്. കഴിഞ്ഞ വേനൽക്കാലത്തെ പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് സ്വന്തമായി ഭൂരിപക്ഷം നേടാനാകാത്തതിനെ തുടർന്ന് തിരിച്ചടി നേരിട്ട മോദി ബ്രാൻഡിനെ മിനുക്കാനുള്ള അവസരമായിട്ടുകൂടിയാണ് കാവി പാർട്ടി ഈ സന്ദർഭത്തെ കാണുന്നതെന്ന് പ്രതികരണങ്ങൾ സൂചിപ്പിക്കുന്നു.
‘ഓപ്പറേഷൻ സിന്ദൂറിലൂടെ രാജ്യത്തിന്റെ പെൺമക്കളുടെ സിന്ദൂരം തുടച്ചവരെ മോദി പാഠം പഠിപ്പിച്ചു’വെന്ന് ബി.ജെ.പി അവരുടെ ഔദ്യോഗിക ‘എക്സ്’ ഹാൻഡിൽ പോസ്റ്റ് ചെയ്തു. ഓപ്പറേഷൻ സിന്ദൂറിന്റെയും പഹൽഗാം ആക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് മോദി വാഗ്ദാനം ചെയ്യുന്നതിന്റെ വിഡിയോയും അറ്റാച്ചു ചെയ്തു.
ഹിന്ദു സ്ത്രീകൾക്ക് സിന്ദൂരത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് ബി.ജെ.പിയുടെ സമൂഹ മാധ്യമ മേധാവി അമിത് മാളവ്യ ഓപ്പറേഷന്റെ പേരിൽ കളത്തിലിറങ്ങി. ‘ഓപ്പറേഷൻ സിന്ദൂർ വളരെ വൈകാരികമാണ്. ഹിന്ദു സ്ത്രീകൾക്ക് സിന്ദൂരം പവിത്രമാണ്. അതിന് ആഴത്തിലുള്ള സാംസ്കാരികവും ആത്മീയവുമായ പ്രാധാന്യമുണ്ട്’- മാളവ്യ ഒരു പോസ്റ്റിൽ പറഞ്ഞു. തീവ്രവാദികൾ നിരപരാധികളായ ഹിന്ദു പുരുഷന്മാരെ അവരുടെ ഭാര്യമാരുടെയും അമ്മമാരുടെയും സഹോദരിമാരുടെയും പെൺമക്കളുടെയും മുന്നിൽ വെച്ച് കൊലപ്പെടുത്തിയെന്നും പോസ്റ്റിൽ പറയുന്നു.
‘പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ഹീനമായ ആക്രമണത്തിന് പ്രതികാരം ചെയ്തു.... ഒരിക്കലും മറക്കരുത്. ഏറ്റവും പ്രധാനം രാഷ്ട്രീയ ഇച്ഛാശക്തിയാണ്. 26/11നുശേഷം ഇന്ത്യക്ക് ഇല്ലാത്ത ഒന്ന്’- പോസ്റ്റ് കൂട്ടിച്ചേർത്തു.
‘ഭീകരർ പോയി മോദിയോട് പറയൂ എന്ന് പറയരുതായിരുന്നു’ എന്ന തലക്കെട്ടിലുള്ള മാളവ്യയുടെ മറ്റൊരു വിഡിയോ പോസ്റ്റിൽ, ഹോളിവുഡ് ചിത്രമായ ‘ടേക്കണി’ലെ പ്രശസ്തമായ സംഭാഷണം ഉൾപ്പെടുത്തി മോദിയെ ഒരു സാധാരണ നേതാവല്ലെന്ന് ചിത്രീകരിക്കാൻ ശ്രമിച്ചു. സിനിമയിലെ പ്രധാന കഥാപാത്രമായ മുൻ സി.ഐ.എ ഉദ്യോഗസ്ഥൻ തന്റെ മകളെ തട്ടിക്കൊണ്ടുപോയവർക്ക് നൽകുന്ന ഭീഷണിയാണ് ഈ സംഭാഷണം. ‘എനിക്ക് വളരെ പ്രത്യേകമായ ഒരു കൂട്ടം കഴിവുകളുണ്ട്. ഒരു നീണ്ട കരിയറിൽ ഞാൻ നേടിയെടുത്ത കഴിവുകൾ. നിങ്ങളെപ്പോലുള്ള ആളുകൾക്ക് എന്നെ ഒരു പേടിസ്വപ്നമാക്കി മാറ്റുന്ന കഴിവുകൾ. ഞാൻ നിന്നെ തേടി കണ്ടെത്തും. ഞാൻ നിന്നെ കൊല്ലും’- ടേക്കണിലെ ഈ സംഭാഷണം സൈനിക നടപടിയുടെയും മോദി ഒരു വൻ വേഷത്തിൽ നടക്കുന്നതിന്റെയും ദൃശ്യങ്ങൾക്കൊപ്പം പ്ലേ ചെയ്തു.
പ്രതികാര നടപടി ആഘോഷിക്കാൻ ബോളിവുഡ് സിനിമാ ഡയലോഗുകൾ പോലെ തോന്നിക്കുന്ന നിരവധി വൺ ലൈനറുകളും ബി.ജെ.പി പോസ്റ്റ് ചെയ്തു. ‘നവ ഇന്ത്യ വീട്ടിൽ കയറി കൊല്ലും’ എന്ന് അവരിൽ ഒരാൾ ഓപ്പറേഷൻ സിന്ദൂരിനെ ആഘോഷിച്ചുകൊണ്ട് മറ്റൊരു പോസ്റ്റിൽ പറഞ്ഞു. ‘ഒരിക്കലല്ല, വീണ്ടും വീണ്ടും ഞങ്ങൾ നിങ്ങളുടെ വീട്ടിൽ കയറി കൊല്ലും’ എന്നായിരുന്നു മറ്റൊന്ന്. മുൻകാല സർജിക്കൽ- വ്യോമാക്രമണങ്ങളെ ഓർമിപ്പിക്കുന്നതിനൊപ്പം കുറ്റവാളികൾക്കും ഗൂഢാലോചനക്കാർക്കും ശിക്ഷ നൽകുമെന്ന് മോദി വാഗ്ദാനം ചെയ്യുന്നതിന്റെ ദൃശ്യങ്ങളും ഇതിൽ ഉൾപ്പെടുന്നു. ‘വാഗ്ദാനം ചെയ്തു, നിറവേറ്റി…’ എന്ന് പഹൽഗാം ആക്രമണത്തിന് ശേഷമുള്ള മോദിയുടെ പ്രസംഗത്തിൽ പ്രതികാരം ചെയ്യുമെന്ന മുന്നറിയിപ്പ് ചൂണ്ടിക്കാട്ടി ഒരു പോസ്റ്റ് പറഞ്ഞു.
മന്ത്രിമാരും പാർട്ടി നേതാക്കളും മോദിയുടെ നേതൃത്വത്തെ പ്രശംസിച്ചു. ‘ഇന്ത്യക്കും ഇവിടുത്തെ ജനങ്ങൾക്കും നേരെയുള്ള ഏത് ആക്രമണത്തിനും ഉചിതമായ മറുപടി നൽകാൻ മോദി സർക്കാർ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു’ വെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചു.
‘പഹൽഗാമിനെക്കുറിച്ചുള്ള ഇന്ത്യയുടെ സന്ദേശം. നിങ്ങൾ ഞങ്ങളെ കളിയാക്കിയാൽ ഞങ്ങൾ നിങ്ങളെ വെറുതെ വിടില്ല. ഇന്ത്യയുടെ ആത്മാവിനെ ആക്രമിക്കുന്നവർക്ക് കഠിനമായ ശിക്ഷ നൽകുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു’വെന്ന് ബി.ജെ.പി പ്രസിഡന്റ് ജെ.പി. നദ്ദ ഓപറേഷൻ സിന്ദൂറിനെ പ്രശംസിച്ചുകൊണ്ടുള്ള പോസ്റ്റിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.