പുതുതലമുറ ബ്രഹ്മോസ് മിസൈല്‍ നിര്‍മിക്കാന്‍ ഇന്ത്യ-റഷ്യ കരാര്‍

ന്യൂഡല്‍ഹി: പാകിസ്താനിലെ വിദൂരപ്രദേശങ്ങളില്‍ വരെ നാശം വിതക്കാവുന്ന പുതുതലമുറ ബ്രഹ്മോസ് മിസൈല്‍ നിര്‍മിക്കാന്‍ ഇന്ത്യ റഷ്യയുമായി കൈകോര്‍ക്കുന്നു. ഗോവയില്‍ നടന്ന ബ്രിക്സ് ഉച്ചകോടിയിലാണ്  600 കിലോമീറ്റര്‍ ദൂരം വരെ പ്രഹരശേഷിയുള്ള മിസൈല്‍ സാങ്കേതികവിദ്യ സംയുക്തമായി വികസിപ്പിക്കാന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചത്. കരാറൊപ്പിട്ടത് ഉച്ചകോടിയില്‍ പരസ്യമാക്കിയിരുന്നില്ല. കരാര്‍ നിലവില്‍വന്നത് റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിനും ഇന്ത്യന്‍ ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചു.

32 രാജ്യങ്ങളുടെ സംഘമായ മിസൈല്‍ ടെക്നോളജി റെജിം (എം.സി.ടി.ആര്‍) അംഗമായി ചേര്‍ന്നതോടെയാണ് റഷ്യയുമായി ചേര്‍ന്ന് ഇന്ത്യക്ക് 600 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈല്‍ നിര്‍മിക്കാന്‍ കഴിയുന്നത്. നിലവില്‍ ഇരുരാജ്യങ്ങളും ചേര്‍ന്ന് നിര്‍മിക്കുന്ന ബ്രഹ്മോസിന് 300 കിലോമീറ്ററാണ് പരിധി. അംഗമല്ലാത്ത രാജ്യങ്ങള്‍ക്കായി 300 കിലോമീറ്റര്‍ പരിധിക്കപ്പുറമുള്ള മിസൈല്‍ നിര്‍മിച്ചുകൊടുക്കാന്‍ എം.സി.ടി.ആര്‍ അംഗങ്ങള്‍ക്ക് വിലക്കുണ്ടായിരുന്നു.

എതിരാളികളുടെ പ്രതിരോധത്തെ തട്ടിത്തെറിപ്പിച്ച് ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുന്ന മിസൈലാണ് നിര്‍മിക്കുക. ബ്രഹ്മോസിനേക്കാള്‍ ലക്ഷ്യവേധികളായ ബാലിസ്റ്റിക് മിസൈലുകള്‍ ഇന്ത്യക്കുണ്ടെങ്കിലും ഈ ബ്രഹ്മാസ്ത്രംപോലെ അതിവിനാശകാരിയല്ല. പര്‍വതമേഖലകളിലെ ശത്രുവിന്‍െറ ഒളിയിടങ്ങളിലേക്ക് ആക്രമണം നടത്താനും ബ്രഹ്മോസ് മിടുക്കുകാട്ടാറുണ്ട്. കര, കടല്‍, ആകാശം എന്നിവിടങ്ങളില്‍നിന്ന് പോര്‍മുനകളുമായി കുതിക്കാനും ഈ മിസൈലിന് കഴിയും. നിലവിലെ ബ്രഹ്മോസില്‍ ചെറിയ അഴിച്ചുപണി നടത്തിയാല്‍ 600 കിലോമീറ്റര്‍ പ്രഹരശേഷി നേടാം. എം.സി.ടി.ആര്‍ അംഗമെന്ന നിലയില്‍ 300 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈല്‍ നിര്‍മാണ സാങ്കേതികവിദ്യ മറ്റു രാജ്യങ്ങള്‍ക്ക് കൈമാറാനും ഇന്ത്യക്ക് തടസ്സമില്ല. വിയറ്റ്നാം ഇതിന് ഇന്ത്യയെ സമീപിച്ചിട്ടുണ്ട്.

Tags:    
News Summary - BrahMos missile with higher range: India-Russia project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.