അതിർത്തി തർക്കം: മേഘാലയയിലെ ഇന്‍റർനെറ്റ് വിലക്ക് 48 മണിക്കൂർ കൂടെ നീട്ടി

ഷില്ലോങ്: മേഘാലയയിലെ ഇന്‍റർനെറ്റ് വിലക്ക് 48 മണിക്കൂർ കൂടെ നീട്ടി സംസ്ഥാന സർക്കാർ വെള്ളിയാഴ്ച ഉത്തരവിറക്കി. ആറ് പേരുടെ മരണത്തിന് കാരണമായ അസം- മേഘാലയ അതിർത്തിയിലുണ്ടായ അനിഷ്ട സംഭവങ്ങളെ തുടർന്ന് സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഇന്‍റർനെറ്റ് ഉപയോഗത്തിന് നേരത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു.

വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ, യൂട്യൂബ് തുടങ്ങീ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി സംസ്ഥാനത്തെ ക്രമസമാധാന നില തകരാൻ സാധ്യതയുണ്ടെന്ന പൊലീസ് റിപ്പോർട്ട് അനുസരിച്ചാണ് നടപടി.

ജയന്തിയാ ഹിൽസ്, ഈസ്റ്റ് ജയന്തിയാ ഹിൽസ്, ഈസ്റ്റ് ഖാസി ഹിൽസ്, റി - ഭോയ്, ഈസ്റ്റേൺ വെസ്റ്റ് ഖാസി ഹിൽസ്, വെസ്റ്റ് ഖാസി ഹിൽസ്, സൗത്ത് വെസ്റ്റ് ഖാസി ഹിൽസ് എന്നീ ഏഴ് ജില്ലകളിലാണ് ഇന്റർനെറ്റ് വിലക്ക് തുടരാൻ സർക്കാർ തീരുമാനിച്ചത്.

വ്യാഴാഴ്ച വൈകുന്നേരം അക്രമികൾ ട്രാഫിക് ബൂത്തും സിറ്റി ബസും ഉൾപ്പെടെ മൂന്ന് പൊലീസ് വാഹനങ്ങൾ കത്തിച്ചതിന് പിന്നാലെയാണ് മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങിൽ സംഘർഷം വ്യാപിച്ചത്. നവംബർ 22 ന് അസം-മേഘാലയ അതിർത്തിയിൽ നടന്ന അക്രമത്തിൽ പ്രതിഷേധിച്ച് ചില ഗ്രൂപ്പുകൾ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയാണ് സംഭവം.

മേഘാലയയിൽ നിന്നുള്ള അഞ്ച് പേരും അസം ഫോറസ്റ്റ് ഗാർഡിലെ ഒരു ഉദ്യോഗസ്ഥനുമുൾപ്പടെ ആറ് പേർ വെടിവെപ്പിൽ കൊല്ലപ്പെട്ടു. സംഘർഷം ശാന്തമാക്കാൻ പ്രദേശത്ത് വിന്യസിച്ച പൊലീസ് സേനക്ക് നേരെ പ്രതിഷേധക്കാർ കല്ലുകളും പെട്രോൾ ബോംബുകളും എറിഞ്ഞു. പ്രതിഷേധക്കാരെ പിരിച്ചുവിടാനും ഉത്തരവ് നടപ്പാക്കാനും സുരക്ഷ സേനക്ക് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിക്കേണ്ടി വന്നു.

Tags:    
News Summary - Border Dispute: Meghalaya Extends Internet Shutdown For Another 48 Hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.