ചണ്ഡിഗഡ്: ഹരിയാനയിലെ പ്രശസ്തയായ മോഡലിന്റെ മൃതദേഹം കഴുത്തറുത്ത നിലയിൽ കനാലിൽ കണ്ടെത്തി. സംസ്ഥാനത്ത് സംഗീത വിഡിയോകളിലൂടെ പ്രശസ്തയായ മോഡൽ ശീതൾ എന്ന സിമ്മി ചൗധരിയാണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെയാണ് സോനിപതിലെ കനാലിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പാനിപ്പത്തിൽ സഹോദരി നേഹക്കൊപ്പമാണ് ശീതൾ താമസിച്ചിരുന്നത്. കൊലപാതക കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.
ജൂണ്‍ 14ന് അഹാർ ജില്ലയിൽ ചിത്രീകരണത്തിനായി പോയതായിരുന്നു ശീതൾ. സഹോദരി മടങ്ങിയെത്താൻ വൈകിയപ്പോൾ നേഹ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ ഊർജിത അന്വേഷണത്തിലാണ് കഴുത്തറുത്ത നിലയിൽ മൃതദേഹം കനാലിൽ കണ്ടെത്തിയത്.
മുൻ കാമുകൻ സുനിലിൽ നിന്ന് ശീതൾ പീഡനം നേരിട്ടതായി സഹോദരിയുടെ പരാതി പറയുന്നു. ആറു മാസം മുമ്പ് ഷൂട്ടിങ്ങിനിടെ കർണാലിലെ മോഡൽ ടൗണിലുള്ള സുകുൻ എന്ന ഹോട്ടലിൽ ശീതൾ താമസിക്കുമ്പോഴാണ് സുനിലുമായി സൗഹൃദത്തിലാകുന്നത്. ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ വിവാഹം കഴിക്കാൻ സുനിൽ ശീതളിനോട് ആവശ്യപ്പെട്ടു.
അപ്പോഴാണ് സുനിൽ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണെന്ന് ശീതൾ അറിയുന്നത്. തുടർന്ന് വിവാഹാഭ്യർഥന നിരസിച്ച ശീതൾ, ഹോട്ടലിലെ താമസം അവസാനിപ്പിക്കുകയും ഷൂട്ടിങ് ഉപേക്ഷിക്കുകയും ചെയ്തതായും പരാതിയിൽ വിവരിക്കുന്നു. ശീതളിനെ അനുനയിപ്പിക്കാൻ സുനിൽ ശ്രമിച്ചിരുന്നതായും പൊലീസ് പറയുന്നു.
കഴിഞ്ഞയാഴ്ച സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ കമാൽ കൗറിന്‍റെ മൃതദേഹം ഭട്ടിൻഡ–ചണ്ഡിഗഡ് ദേശീയപാതക്ക് സമീപത്തെ അദേഷ് മെഡിക്കൽ സർവകലാശാലയുടെ കാർ പാർക്കിങ്ങിൽ നിന്ന് കണ്ടെത്തിയിരുന്നു. ജൂൺ ഒമ്പതിന് ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനായി വീട്ടിൽ നിന്ന് പോയതായിരുന്നു കമാൽ. ലുധിയാന രജിസ്ട്രേഷനിലുള്ള കാറിന്‍റെ പിൽസീറ്റിൽ അഴുകിയ നിലയിലായിരുന്നു മൃതദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.