ന്യൂഡൽഹി: ഒരുമിച്ചു കഴിയുന്ന യുവതിയെ കൊന്ന് മൃതദേഹം 35 കഷണങ്ങളാക്കി ഉപേക്ഷിച്ച സംഭവത്തിൽ ഡൽഹി പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. അഫ്താബ് അമീൻ പൂനെവാല എന്നായാളാണ് പങ്കാളിയായിരുന്ന ശ്രദ്ധയെ കഴുത്തുഞെരിച്ച് കൊന്നത്. മെയ് 18നാണ് സംഭവം.
ശ്രദ്ധയുമായി ഉണ്ടായ തർക്കത്തിനൊടുവിലാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് ഇയാൾ മൃതദേഹം 35 കഷണങ്ങളാക്കി മുറിച്ച് ഫ്രിഡ്ജിൽ സൂക്ഷിച്ചു. അടുത്ത 18 ദിവസങ്ങളിൽ പുലർച്ചെ രണ്ടിന് വീട്ടിൽ നിന്നിറങ്ങി ഡൽഹിയിലും സമീപ പ്രദേശങ്ങളിലുമായി വിവിധയിടങ്ങളിൽ നിക്ഷേപിക്കുകയായിരുന്നു.
26കാരിയായ ശ്രദ്ധ മുംബൈയിലെ മൾട്ടിനാഷണൽ കമ്പനിയിലെ കാൾ സെന്ററിൽ ജോലി ചെയ്യുകയായിരുന്നു. അതിനിടെയാണ് അഫ്താബുമായി പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു. എന്നാൽ ഇവരുടെ ബന്ധം വീട്ടുകാർ അംഗീകരിച്ചില്ല. തുടർന്ന് ഇവർ ഡൽഹിയിലേക്ക് മാറുകയായിരുന്നു.
ഡൽഹിയിലെ മെഹ്റൗലിയിൽ ഫ്ലാറെറടുത്ത് താമസിക്കുന്നതിനിടെ ശ്രദ്ധ വീട്ടുകാരുടെ ഫോൾൺ വിളികൾക്ക് മറുപടി നൽകാതായി. തുടർന്ന് നവംബർ എട്ടിന് ശ്രദ്ധയുടെ പിതാവ് വികാസ് മദൻ മകളെ കാണാനായി ഡൽഹിയിൽ എത്തി. അദ്ദേഹം ഫ്ലാറ്റിലെത്തിയപ്പോൾ അത് അടച്ചിട്ട നിലയിലായിരുന്നു.
തുടർന്ന് അദ്ദേഹം മെഹ്ദൗലി പൊലീസിൽ മകളെ തട്ടിക്കൊണ്ടുപായെന്ന് കാണിച്ച് പരാതി നൽകി. പരാതിയ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ശനിയാഴ്ചയാണ് അഫ്താബ് പിടിയിലാകുന്നത്. വിവാഹം ചെയ്യണമെന്നാവശ്യപ്പെട്ട് ശ്രദ്ധ നിത്യവും താനുമായി വഴക്കുകൂടാറുണ്ടായിരുന്നെന്ന് ഇയാൾ പൊലീസിന്റെ ചോദ്യം ചെയ്യലിൽ വ്യക്തമാക്കി. അതിനിടെയാണ് കൊലപാതകം നടന്നതെന്ന് പ്രതി സമ്മതിച്ചു. സംഭവത്തിൽ കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ശ്രദ്ധയുടെ മൃതദേഹം കണ്ടെത്താൻ തെരച്ചിൽ ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.