543 സീറ്റുകളിൽ ആദ്യം വനിത സംവരണം നടപ്പാക്കൂ... ബി.ജെ.പിയുടെ വനിത പ്രാതിനിധ്യം പ്രതിപക്ഷ പാർട്ടികളേക്കാൾ കുറവ്; കണക്കുകൾ നിരത്തി മഹുവ മൊയ്ത്ര

ന്യൂഡൽഹി: വനിത സംവരണ- മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണക്കാത്ത പ്രതിപക്ഷത്തെ വിമർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി​യുടെയും ബി.ജെ.പിയുടെയും വനിതാ സംവരണ കപടത തുറന്നുകാട്ടി ​തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര. നിലവിൽ 543 അംഗങ്ങളു​ള്ള ലോക്സഭയിൽ സ്ത്രീ പ്രാതിനിധ്യം ഏറ്റവും കുറഞ്ഞ രാഷ്ട്രീയ പാർട്ടി ബി.ജെ.പിയാണെന്ന കണക്കുകൾ പുറത്തുവിട്ടാണ് മഹുവയുടെ മറുപടി. ലോക്സഭയിൽ 240 അംഗങ്ങളുള്ള ബി.ജെ.പിയുടെ വനിത അംഗങ്ങളുടെ എണ്ണം 31 മാത്രമാണ്. അതായത് 12.90 ശതമാനം മാത്രം. മറ്റു പാർട്ടികളുടെ ​അംഗങ്ങളുടെ എണ്ണവും പ്രാതിനിധ്യവുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും കുറവ് വനിത അംഗങ്ങളുള്ള പാർട്ടിയാണ് ബി.ജെ.പിയെന്ന് മഹുവ മൊയ്ത്ര തുറന്നുകാട്ടുന്നു.

98 അംഗങ്ങളു​ള്ള ഇന്ത്യൻ നാഷനൽ കോൺഗ്രസിൽ വനിത എം.പിമാരുടെ എണ്ണം 14ആണ്. അതായത് 14.30 ശതമാനം. 29 അംഗങ്ങളുള്ള തൃണമൂൽ കോൺഗ്രസിൽ 14 ആണ് (37.90 ശതമാനം) വനിത അംഗങ്ങളുടെ എണ്ണം. 37 അംഗങ്ങളു​ള്ള എസ്.പിയിൽ അഞ്ച് വനിത അംഗങ്ങൾ (13.50 ശതമാനം). 22 അംഗങ്ങളുള്ള ഡി.എം.എയിൽ മൂന്ന് വനിത എം.പിമാർ (13.60 ശതമാനം). 12 എം.പിമാരുള്ള ജെ.ഡി.യുവിന് രണ്ട് വനിത എം.പിമാർ (16.70 ശതമാനം). അഞ്ച് അംഗങ്ങളുള്ള എൽ.ജെ.പിയിൽ 2 വനിത അംഗങ്ങൾ (40 ശതമാനം)... എന്നിങ്ങനെയാണ് മഹുവ മൊയ്ത്ര പങ്കുവെച്ച കണക്കുകൾ. പ്രതിപക്ഷ പാർട്ടികളേക്കാൾ കുറഞ്ഞ പ്രാതനിധ്യമാണ് വനിതകൾക്ക് ബി.ജെ.പിയിലെന്ന് ഈ കണക്കുകൾ സൂചിപ്പിക്കുന്നു.


‘പ്രിയ നരേന്ദ്രമോദി, ലോക്സഭയിലെ മറ്റു പാർട്ടികളെ അപേക്ഷിച്ചുനോക്കുമ്പോൾ ഏറ്റവും കുറഞ്ഞ വനിത പ്രാതിനിധ്യം നിങ്ങളുടെ പാർട്ടിയിലാണ്. 543 സീറ്റുകളുടെ അടിസ്ഥാനത്തിൽ ഇപ്പോൾ വനിത സംവരണം നടപ്പാക്കുക -അതിന് നിങ്ങളെ തടയുന്നതെന്താണ്?’ -കണക്കുകൾ നിരത്തി മഹുവ മൊയ്ത്ര സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.

വനിത സംവരണത്തിന്റെ പേരിൽ 2029​ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് മണ്ഡല പുനർനിർണയം നടത്താനുള്ള കേന്ദ്രസർക്കാറിന്റെ നീക്കം ലോക്സഭയിൽ പരാജയപ്പെട്ടിരുന്നു. മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാൻ കഴിയാത്തതിനെ തുടർന്നാണ് ബിൽ പരാജയപ്പെട്ടത്. വനിത സംവരണം നടപ്പാക്കാൻ പ്രതിപക്ഷം എതിരല്ലെന്നും അതിന്റെ പേരിൽ കേന്ദ്രം ആഗ്രഹിക്കുന്നതുപോലെ മണ്ഡലം പുനർനിർണയം നടത്താനുള്ള നീക്കമാണ് പരാജയപ്പെടുത്തിയതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ മറുപടി. 

Tags:    
News Summary - BJPs women representation is less than opposition parties Mahua Moitra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.