ഓപറേഷൻ ലോട്ടസ് ആരോപണം: 'തെളിയിക്കുക അല്ലെങ്കിൽ മാപ്പ് പറയുക'; ഉമർ അബ്ദുല്ലക്കെതിരെ സുധാൻഷു ത്രിവേദി

 ന്യൂഡൽഹി: നാഷണൽ കോൺഫറൻസ് എം.എൽ.എമാരെ വിലക്കുവാങ്ങാൻ ബി.ജെ.പി ശ്രമിക്കുന്നുവെന്ന ജമ്മു കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ലയുടെ ആരോപണത്തിനെതിരെ ബി.ജെ.പി ദേശീയ വക്താവും രാജ്യസഭാ എം.പിയുമായ സുധാൻഷു ത്രിവേദി. ഉമർ അബ്ദുല്ല ഒന്നുകിൽ കൃത്യമായ തെളിവുകൾ ഹാജരാക്കണമെന്നും അല്ലെങ്കിൽ മാപ്പ് പറയണമെന്നും സുധാൻഷു ആവശ്യപ്പെട്ടു.

ജമ്മു-കശ്മീർ സർക്കാരിനെ അട്ടിമറിക്കാൻ നാഷനൽ കോൺഫറൻസ് (എൻ.സി) എം.എൽ.എമാരെ പണവും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്ത് കൂറുമാറ്റാൻ ബി.ജെ.പി ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി ഉമർ അബ്ദുല്ല ആരോപിച്ചിരുന്നു. എന്നാൽ അടിസ്ഥാനരഹിതമായ അവകാശവാദങ്ങളാണ് ഉമർ അബ്ദുല്ല ഉന്നയിക്കുന്നതെന്നാണ് സുധാൻഷുവിന്റെ വാദം.

"ജമ്മു കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ല വളരെ നിരുത്തരവാദപരവും അപലപനീയവുമായ പ്രസ്താവനയാണ് നടത്തിയത്, ബി.ജെ.പി തന്റെ പാർട്ടിയിലെ എം.എൽ.എമാരെ മറുകണ്ടം ചാടിക്കാൻ ശ്രമിക്കുന്നുവെന്ന അടിസ്ഥാനരഹിതമായ ആരോപണം അദ്ദേഹം ഉന്നയിച്ചു. പാർട്ടിയിൽ പിളർപ്പ് സൃഷ്ടിച്ച് ജനവിധിയെ അട്ടിമറിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നായിരുന്നു ഉമർ അബ്ദുല്ലയുടെ ആരോപണം.

ശ്രീനഗറിലെ ഹസ്രത്ബാലിൽ തന്റെ മുത്തശ്ശി ബേഗം അക്ബർ ജഹാന്റെ 26-ാം ചരമവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാഷനൽ കോൺഫറൻസിനെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണെന്ന് ആരോപിച്ച ഉമർ അബ്ദുല്ല, ആദ്യം പണവും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തെങ്കിലും അത് ഫലിക്കാതായപ്പോൾ ഇപ്പോൾ "ഞങ്ങളോടൊപ്പം വന്നാൽ ജമ്മു-കശ്മീരിന് സംസ്ഥാന പദവി തിരികെ നൽകാം" എന്ന വാഗ്ദാനമാണ് എം.എൽ.എമാർക്ക് നൽകുന്നതെന്നും ആരോപിച്ചിരുന്നു. ജമ്മു മേഖലയിലെ ഒരു നാഷനൽ കോൺഫറൻസ് എം.എൽ.എ തന്നെ നേരിട്ട് സമീപിച്ച് വിവരം പങ്കുവെച്ചതായും അദ്ദേഹം അവകാശപ്പെട്ടിരുന്നു. ബി.ജെ.പിയിലെ ഒരു ഭാരവാഹിയും സുപ്രീംകോടതിയിലെ അഭിഭാഷകനുമായ ഒരാൾ 20 മുതൽ 30 കോടി രൂപയും ഒപ്പം മന്ത്രിസ്ഥാനവും കൂടാതെ സംസ്ഥാന പദവി തിരികെ നൽകുമെന്ന ഉറപ്പും വാഗ്ദാനം ചെയ്ത് പിന്തുണ തേടിയെന്നാണ് ആ എം.എൽ.എ അറിയിച്ചതെന്ന് ഉമർ അബ്ദുല്ല പറഞ്ഞു. ജമ്മു-കശ്മീരിൽ ബി.ജെ.പിക്ക് "പിൻവാതിലിലൂടെ" അധികാരത്തിലെത്താൻ കഴിയില്ലെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.

ജനവിധിയെ മറികടന്ന് അധികാരം പിടിക്കാനുള്ള ഏതൊരു ശ്രമവും വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ നിലവിലെ സർക്കാരിന്റെ പ്രകടനമില്ലായ്മയിൽ നിന്ന് പൊതുജനശ്രദ്ധ തിരിച്ചുവിടാനുള്ള ബോധപൂർവമായ ശ്രമമാണ് ഈ മറുകണ്ടം ചാടൽ കഥയെന്നാണ് ബി.ജെ.പിയുടെ വിശദീകരണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.