അർധസൈനിക സേനയുടെ വേദിയിൽ ആർ.എസ്.എസ് രാഷ്ട്രീയം?, നേതാക്കൾ നടത്തിയത് വർഗീയമായ പരാമർശങ്ങൾ; മൗനം പാലിച്ച് കേന്ദ്ര സർക്കാർ

ഗുവാഹത്തി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അസ്വസ്ഥതകൾ പുകയുന്നതിനിടെ, കേന്ദ്ര സർക്കാർ നേരിട്ട് നിയന്ത്രിക്കുന്ന അർധസൈനിക വിഭാഗമായ അസം റൈഫിൾസ് ആർ.എസ്.എസ് അനുകൂല സംഘടനയുമായി ചേർന്ന് വിവാദ കോൺഫറൻസ് സംഘടിപ്പിച്ചതായി റിപ്പോർട്ട്. ‘ദ റിപ്പോർട്ടേഴ്സ് കളക്ടീവ്’ പുറത്തുവിട്ട വാർത്തയിലാണ് ഗുരുതരമായ ഈ വിവരം പുറത്തുവരുന്നത്.

ഗുവാഹത്തിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്‌മെന്റ് ആൻഡ് പഞ്ചായത്തി രാജ് കാമ്പസിൽ ജൂൺ 18ന് നടന്ന രണ്ട് ദിവസത്തെ കോൺഫറൻസ്, ‘ഇൻഡോ-മ്യാൻമർ ഫ്രണ്ടിയർ ഇഷ്യൂസ് ആൻഡ് വേ ഫോർവേഡ്’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് സംഘടിപ്പിച്ചത്. ആർ.എസ്.എസ് അഫിലിയേറ്റഡ് സംഘടനയായ ‘സീമന്ത ചേതന മഞ്ച പൂർവ്വോത്തർ’ ആണ് അസം റൈഫിൾസുമായി ചേർന്ന് പരിപാടിക്ക് വേദിയൊരുക്കിയത്.

രാജ്യത്തിന്റെ ഔദ്യോഗിക പ്രതിരോധ സേനയുടെ പങ്കാളിത്തത്തോടെ നടന്ന പരിപാടിയിൽ ആർ.എസ്.എസ് നേതാക്കൾ നടത്തിയത് തീർത്തും വർഗീയമായ പരാമർശങ്ങളാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. വടക്കുകിഴക്കൻ മേഖലയിലെ കലാപങ്ങൾക്ക് കാരണം മതപരിവർത്തനമാണെന്ന് ആർ.എസ്.എസ് വെറ്ററൻ ജഗദംബ മല്ല പ്രസംഗത്തിൽ ആരോപിച്ചു. ‘നാഗാലാൻഡിലെ കലാപത്തിന് പിന്നിലെന്ത്? എവിടെയാണോ മതമാറ്റം നടക്കുന്നത്, അവിടെ കലാപമുണ്ടാകുന്നു. എവിടെ മതമാറ്റമില്ലയോ, അവിടെ കലാപവുമില്ല’-ഇതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. നാഗാലാൻഡിലെയും വടക്കുകിഴക്കൻ മേഖലയിലെയും കലാപങ്ങൾക്ക് പിന്നിൽ ക്രിസ്തുമതമാണെന്ന ധ്വനിയാണ് അദ്ദേഹം നടത്തിയത്.

സീമ ജാഗരൺ മഞ്ച അഖിലേന്ത്യ കൺവീനർ മുരളീധർ ഭിന്ദയും സമാനമായ രീതിയിൽ സംസാരിച്ചു. മ്യാൻമർ ദുർബലമാണെന്നും അത് ഭാരതത്തിന്റെ ഭാഗമായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. ‘മ്യാൻമർ ദുർബലമാണ്. അത് ഭാരതത്തിന്റെ ഭാഗമായിരുന്നു, എന്നാൽ ഇപ്പോൾ അതൊരു സ്വതന്ത്ര രാജ്യമാണ്. ലോകത്തെ മറ്റ് ശക്തികൾ അവിടെ പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങൾ അവിടെ നടക്കുന്നുണ്ട്. അവ എങ്ങനെ അവസാനിപ്പിക്കാമെന്ന് നാം പഠിക്കേണ്ടതുണ്ട്’-ഭിന്ദ പറഞ്ഞു.

അസം റൈഫിൾസ് ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ വികാസ് ലഖേര, അസം റൈഫിൾസ് (നോർത്ത്) ഇൻസ്പെക്ടർ ജനറൽ മേജർ ജനറൽ ഹരിന്ദർ സിങ് മാവി, ഇന്ത്യൻ ആർമി റിട്ടയേർഡ് ലെഫ്റ്റനന്റ് ജനറൽ റാണ പ്രതാപ് കലിത തുടങ്ങിയ ഉന്നത സൈനിക ഉദ്യോഗസ്ഥർ പരിപാടിയിൽ പങ്കെടുത്തു. കൂടാതെ മേഖലയിലെ സൈനിക-ഇന്റലിജൻസ് ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ, വിദ്യാഭ്യാസ വിദഗ്ധർ എന്നിവരും സന്നിഹിതരായിരുന്നു. ആർ.എസ്.എസ് പ്രതിനിധികളായി അഖിൽ ഭാരതീയ സഹ-പ്രചാർ പ്രമുഖ് പ്രദീപ് ജോഷി, നാഗാലാൻഡ് ബി.ജെ.പി എം.എൽ.എ ടെംജെൻ ഇംന അലോങ് എന്നിവരും പങ്കെടുത്തു.

ഒരു അർധസൈനിക വിഭാഗം ഇത്തരമൊരു പരിപാടിക്ക് സഹ-ആതിഥേയത്വം വഹിക്കാൻ അനുമതി നൽകിയത് എങ്ങനെയാണെന്നും ഇതിനുള്ള അധികാരം ലഭിച്ചത് എങ്ങനെയെന്നും ചോദിച്ച് 'ദ റിപ്പോർട്ടേഴ്സ് കളക്ടീവ്' അസം റൈഫിൾസിനും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും പ്രതിരോധ മന്ത്രാലയത്തിനും കത്തുകൾ അയച്ചിരുന്നു. എന്നാൽ ഇവർ ആരും ഇതിനോട് പ്രതികരിക്കാൻ തയ്യാറായില്ല. സൈന്യവും ആർ.എസ്.എസ് സംഘടനകളും കൈകോർത്ത് ഇത്തരമൊരു വേദിയിൽ വർഗീയ പരാമർശങ്ങൾ നടത്തിയത് വടക്കുകിഴക്കൻ മേഖലയിലെ വലിയ ആശങ്കകൾക്ക് വഴിവെച്ചിരിക്കുകയാണ്.

Tags:    
News Summary - Assam Rifles Co-Hosts RSS-Linked Conference With Communal Remarks, Centre Silent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.