രാമക്ഷേത്ര കൊള്ള: ‘മഞ്ഞുമലയുടെ അറ്റം’ മാത്രമെന്ന് കോൺഗ്രസ്

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയുമായി ബന്ധപ്പെട്ട് പുറത്തുവന്ന പ്രത്യേക അന്വേഷണ സംഘത്തി (എസ്.ഐ.ടി)ന്റെ കണ്ടെത്തലുകൾ ‘മഞ്ഞുമലയുടെ അറ്റം’ മാത്രമാണെന്ന് കോൺഗ്രസ്.

വിഷയത്തിൽ എന്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നുവെന്നും കോൺഗ്രസ് ചോദിച്ചു. സംഭാവനയുമായി ബന്ധപ്പെട്ട വിവാദത്തിൽ സുപ്രീം കോടതിയുടെ മേൽനോട്ടത്തിലുള്ള ജുഡീഷ്യൽ അന്വേഷണം വേണമെന്നും പാർട്ടി ആവശ്യപ്പെട്ടു. രാമക്ഷേത്രവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ വിശ്വാസം പുനഃസ്ഥാപിക്കുന്നതിന് സ്വതന്ത്രവും വിശ്വസനീയവുമായ അന്വേഷണം വേണമെന്ന് രാജ്യസഭ എം.പി അഭിഷേക് സിങ്‍വി ആവശ്യപ്പെട്ടു.

സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ അടിയന്തരമായി നടപടിയെടുക്കണം. ട്രസ്റ്റിന്റെ തുടക്കം മുതലുള്ള അക്കൗണ്ടുകൾ ഫോറൻസിക് ഓഡിറ്റിന് വിധേയമാക്കണം. പൊതുജനങ്ങളുടെ വിശ്വാസം പുനഃസ്ഥാപിക്കുകയാണ് ഉദ്ദേശ്യമെങ്കിൽ സുപ്രീം കോടതിയിലെ മുതിർന്ന അംഗം നേതൃത്വം നൽകുന്ന ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണം.

കളവ് ആര് നടത്തിയെന്നതല്ല ചോദ്യം, സ്വന്തം മൂക്കിനുതാഴെ അത് സംഭവിക്കാൻ അനുവദിച്ചതാരെന്ന് കണ്ടെത്തണം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ട്രസ്റ്റും തമ്മിൽ ധാരണപത്രങ്ങളും പ്രവർത്തന നടപടിക്രമങ്ങളും നിലവിലുണ്ട്.

എന്നിട്ടും, ഏറ്റവും താഴേത്തട്ടിലുള്ള ജീവനക്കാർക്കപ്പുറത്തേക്ക് അന്വേഷണം എത്തിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.എസ്.ഐ.ടിയുടെ വിശ്വാസ്യതയെ കോൺഗ്രസ് നേതാവ് കനയ്യ കുമാറും ചോദ്യം ചെയ്തു.

സുപ്രീം കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണമാണ് വേണ്ടതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അയോധ്യയിൽ നടന്നത് ‘വലിയ പാപം’ ആണ്. അതിന് അടിയന്തര പരിഹാരം കാണണമെന്നും മുംബൈയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.

വ്യാജരേഖ ചമച്ച കേസിൽ ആരോപണവിധേയനായ ഉദ്യോഗസ്ഥനാണ് എസ്.ഐ.ടിയുടെ തലവൻ. മോഷണം തടയാൻ കള്ളന് കഴിയുമെന്ന് എങ്ങനെ വിശ്വസിക്കും. രാഷ്ട്രീയ നേട്ടങ്ങൾക്കുവേണ്ടി മതസ്ഥാപനങ്ങളെ ബി.ജെ.പി നിയന്ത്രിക്കുന്നതിനെയും അദ്ദേഹം ചോദ്യം ചെയ്തു.

അതേസമയം, രാമക്ഷേത്ര സംഭാവന കൊള്ള അങ്ങേയറ്റം അപമാനകരമാണെന്ന് രാമക്ഷേത്ര നിർമാണ സമിതി ചെയർമാൻ നൃപേന്ദ്ര മിശ്ര പറഞ്ഞു.

രാമക്ഷേത്ര നിർമാണ സമിതിയുടെ യോഗത്തിൽ പങ്കെടുക്കാൻ അയോധ്യയിൽ എത്തിയപ്പോഴാണ് പ്രതികരണം.

Tags:    
News Summary - Ram Temple Donation Scam: Congress Calls SIT Findings 'Tip Of The Iceberg', Demands SC-Monitored Probe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.