പട്ന: ഡൽഹി ആം ആദ്മി പാർട്ടിയിൽ നിന്ന് പിടിച്ചെടുത്തു. ബിഹാറിൽ ആർ.ജെ.ഡിയും കോൺഗ്രസിനെയും നിലംപരിശാക്കി. ഇനി പശ്ചിമ ബംഗാളാണ് ബി.ജെ.പിയുടെ അടുത്ത ലക്ഷ്യം. അതിനുള്ള ഒരുക്കങ്ങൾ ബംഗാളിൽ ബി.ജെ.പി തുടങ്ങുകയും ചെയ്തു.
2026 മാർച്ച്-ഏപ്രിൽ മാസങ്ങളിലായിരിക്കും ബംഗാൾ ജനത പോളിങ് ബൂത്തിലെത്തുക. എന്നാൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയല്ല ബി.ജെ.പിയുടെ പ്രധാന ഫോക്കസ്. പകരം അഭിഷേക് ബാനർജിയോട് കൂറില്ലാത്ത തൃണമൂൽ കോൺഗ്രസ് പ്രവർത്തകരെയാണ് ബി.ജെ.പി ഉന്നമിടുന്നത്. മമതയുടെ അനന്തരവനും മൂന്നുതവണ ലോക്സഭ എം.പിയുമായ അഭിഷേകിനെ പശ്ചിമ ബംഗാളിലെ ഭാവി മുഖ്യമന്ത്രിയായാണ് കരുതുന്നത്. കുടുംബ വാഴ്ചയെ തള്ളിക്കളയണമെന്ന കോൺഗ്രസിനെയും നെഹ്റു കുടുംബത്തെയും അടിക്കാനുപയോഗിച്ച അതേ വടിതന്നെയാണ് ബി.ജെ.പി ഇവിടെയും പ്രയോഗിക്കുക. തന്റെ അനന്തരവനെ മുഖ്യമന്ത്രിയാക്കാനുള്ള മമതയുടെ നീക്കങ്ങളെ എന്തുവിലകൊടുത്തും ചെറുക്കണമെന്നാണ് ബി.ജെ.പി വോട്ടർമാരെ പറഞ്ഞുവിശ്വസിപ്പിക്കാൻ പോകുന്നത്.
2021ലെ നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തൃണമൂലിന്റെ പ്രമുഖ നേതാക്കളായ സുവേന്ദു അധികാരിയെ പോലുള്ള നേതാക്കളെ ബി.ജെ.പി ഉന്നമിട്ടിരുന്നു. അഭിഷേകിന്റെ ഉയർച്ചയിൽ അസ്വസ്ഥനാണ് മമതയുടെ വിശ്വസ്തനായിരുന്ന സുവേന്ദു അധികാരി. ഇത്തവണ ഇത്തരക്കാരെ അല്ല ബി.ജെ.പി ലക്ഷ്യംവെക്കുന്നത്. തൃണമൂലിലെ അടിസ്ഥാന വിഭാഗങ്ങളായ പ്രവർത്തകരെയാണ് അവരുടെ ഉന്നം. ബിഹാറിൽ പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളിലുള്ള ആളുകളെ സീറ്റ് നൽകി കൂടെ നിർത്തിയ തന്ത്രം പശ്ചിമ ബംഗാളിൽ ബി.ജെ.പി പയറ്റാൻ സാധ്യതയില്ല. ബിഹാറിൽ ഈ തന്ത്രങ്ങളിലൂടെ 200ലേറെ സീറ്റുകളാണ് എൻ.ഡി.എയുടെ അക്കൗണ്ടിലെത്തിയത്. എന്നാൽ പശ്ചിമ ബംഗാളിൽ മറ്റ് സംസ്ഥാനങ്ങളിലെ പോലെ ജാതിരാഷ്ട്രീയത്തിനും ധ്രുവീകരണത്തിനും വലിയ സ്വാധീനമില്ല.
പകരം പ്രാദേശികവും മതപരവുമായ സമവാക്യങ്ങൾക്കായിരിക്കും ബി.ജെ.പി ഇവിടെ കൂടുതൽ ഊന്നൽ നൽകുക. ബംഗാളിലെ ജനസംഖ്യയുടെ 30 ശതമാനം മുസ്‍ലിംകളാണ്. 30-40 സീറ്റുകളിൽ അവരുടെ വോട്ട് നിർണായകമാണ്. മുസ്‍ലിം വോട്ടുകളിൽ ഭൂരിഭാഗവും തൃണമൂലിനാണ് പോകുന്നത്. അതിനു പകരം ഹിന്ദുവിഭാഗങ്ങളിൽ ധ്രുവീകരണംനടത്തി വോട്ട് പിടിക്കാനുള്ള തന്ത്രവും ബി.ജെ.പി പയറ്റിയേക്കും. പതുക്കെയാണെങ്കിലും പശ്ചിമ ബംഗാളിൽ ചുവടുറപ്പിക്കുകയാണ് ബി.ജെ.പിയും ലക്ഷ്യം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 77സീറ്റുകളാണ് പാർട്ടിക്ക് കിട്ടിയത്. ഇക്കുറി അത് 160ൽ കൂടുതലാക്കുകയാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.