വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ തമിഴ്നാട് ബി.ജെ.പി നേതാവിനെതിരേ ഗുണ്ടാ ആക്ട് ചുമത്തി. കോയമ്പത്തൂർ കളക്ടർ കെ രാജമണിയുടെ ഉത്തരവിനെത്തുടർന്ന് ബി.ജെ.പി സംസ്ഥാന പ്രവർത്തക സമിതി അംഗം ആർ .കല്യാണരാമനെ (54) ആണ് ഗുണ്ടാ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. പൊതുസമൂഹത്തിന്‍റെ സമാധാനം കെടുത്തുംവിധത്തിലുള്ള പ്രവർത്തനങ്ങളിൽ ബിജെപി നേതാവ് ഏർപ്പെട്ടതായി വ്യാഴാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
ജനുവരി 31ന് കോയമ്പത്തൂരിനടുത്തുള്ള മേട്ടുപാളയത്തിൽ നടന്ന പൊതു റാലിയിലാണ് കല്യാണരാമൻ വിവാദ പരാമർശങ്ങൾ നടത്തിയത്. 147 (കലാപം), 149 (നിയമവിരുദ്ധമായ അസംബ്ലി), 153 (എ) (കലാപമുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെ പ്രകോപനം നൽകുന്നത്) തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ഇയാളെ പിന്നീട് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ബുധനാഴ്ച കോയമ്പത്തൂർ ജില്ലാ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി ആർ ശക്തിവേൽ കല്യാണരാമന്‍റെ ജാമ്യാപേക്ഷ തള്ളി. നിലവിൽ സബ് ജയിലിൽ കഴിയുന്ന പ്രതിയെ പിന്നീട് കോയമ്പത്തൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും.
ഗുജറാത്തിലെ ഹിന്ദുക്കൾക്ക് നേരത്തേ ഒളിച്ചിരിക്കാൻ ബങ്കറുകളുണ്ടായിരുന്നെന്നും ഗുജറാത്ത് കലാപത്തെത്തുടർന്നാണ് ഈ ഭയം ശമിച്ചതെന്നുമായിരുന്നു കല്യാണരാമന്‍റെ പ്രസംഗം. പ്രവാചകൻ മുഹമ്മദ് നബിയേയും പ്രസംഗത്തിൽ അപമാനിച്ചിരുന്നു. കല്യാണരാമൻ സംസാരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.