നൈനിറ്റാൾ: ഉത്തരാഖണ്ഡിലെ നൈനിറ്റാളിൽ ബി.ജെ.പിക്കാർ ഖബറടക്കം തടഞ്ഞതിനെ തുടർന്ന് സംഘർഷാവസ്ഥ. നൈനിറ്റാൾ രാംനഗറിലെ ഗൗജാനി പ്രദേശത്താണ് കഴിഞ്ഞ ദിവസം മരിച്ചയാളുടെ ഖബറടക്കം ബി.ജെ.പിക്കാർ തടഞ്ഞത്. വൻ പൊലീസ് സംഘം സ്ഥലത്തെത്തി പ്രതിഷേധക്കാരെയും ഖബറടക്കാനെത്തിയവരെയും ബലം പ്രയോഗിച്ച് പിരിച്ചുവിട്ടു. വിഷയത്തിൽ ജില്ലാ ഭരണകൂടം ഇടപെടുകയും പ്രദേശത്ത് വൻ പൊലീസ് സന്നാഹത്തെയും സശസ്ത്ര സീമ ബൽ (എസ്.എസ്.ബി) യെയും വിന്യസിക്കുകയും ചെയ്തു. നിലവിൽ ഉപയോഗിക്കുന്ന ഖബർസ്ഥാനിൽ മാത്രം ഖബറടക്കണമെന്നും പുതിയ സ്ഥലത്ത് തൽസ്ഥിതി തുടരണമെന്നും സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ആവശ്യപ്പെട്ടു.
ഇന്നലെ മരിച്ച ഒരാളുടെ ഖബറടക്കത്തിനായി കുടുംബം ഖബർ കുഴിക്കാൻ തുടങ്ങിയപ്പോൾ ബിജെപി പ്രവർത്തകരെത്തി തടയുകയായിരുന്നു. ഇതോടെ പുതുതായി കുഴിച്ച ഖബറിൽ കിടന്ന് ഖബറടക്കാനെത്തിയവർ പ്രതിഷേധിച്ചു. പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കി. നേരത്തെ അനുവദിച്ച സ്ഥലത്ത് ഖബറടക്കം നടത്താനും പുതിയ ഖബർ മണ്ണിട്ട് നികത്താനും ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു. ഖബറടക്കത്തിന് അനുവദിച്ച സ്ഥലത്തല്ല ഖബർ കുഴിച്ചത് എന്നാണ് ബി.ജെ.പി നേതാവ് മദൻ ജോഷി ആരോപിക്കുന്നത്. ഖബർ കുഴിച്ചത് ഖബറടക്കത്തിന് അനുവദിച്ച സ്ഥലത്തിന്റെ അതിർത്തിക്ക് പുറത്താണെന്നും, 200 മീറ്റർ അകലെയാണ് ഖബർസ്ഥാനെന്നും മദൻ പറഞ്ഞു.
സബ് ഡിവിഷനൽ മജിസ്‌ട്രേറ്റ് പ്രമോദ് കുമാർ സ്ഥലത്തെത്തി ഇരുവിഭാഗവുമായി ചർച്ച നടത്തി. അന്തരീക്ഷം ശാന്തമാക്കാൻ ശ്രമം തുടരുകയാണെന്നും അനുമതിയില്ലാതെ തുടർനടപടികൾ പാടില്ലെന്നും ഇരുപക്ഷത്തോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 1994 മുതൽ ഈ ഭൂമിയുമായി ബന്ധപ്പെട്ട് തർക്കം നിലനിൽക്കുന്നുണ്ട്. വഖഫ് ബോർഡാണ് പ്രശ്‌നം രൂക്ഷമാക്കുന്നതെന്നും യഥാർഥത്തിൽ ഈ ഭൂമി ഒരു ഹിന്ദു കുടുംബത്തിന്റേതാണെന്നും മദൻ ജോഷി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.