2024ൽ ജയിക്കുക എളുപ്പമല്ലെന്ന് ബി.ജെ.പിക്കറിയാം; അതുകൊണ്ടാണ് എൻ.ഡി.എ പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുന്നത് -ഉമർ അബ്ദുല്ല

ശ്രീനഗർ: 2024ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ജയിക്കുക എളുപ്പമല്ലെന്ന് ബി.ജെ.പിക്കറിയാമെന്നും അതുകൊണ്ടാണ് ദേശീയ ജനാധിപത്യ സഖ്യം (എൻ.ഡി.എ) പുനരുജ്ജീവിപ്പിക്കാൻ അവർ ശ്രമിക്കുന്നതെന്നും നാഷനൽ കോൺഫറൻസ് നേതാവ് ഉമർ അബ്ദുല്ല. കഴിഞ്ഞ അഞ്ചെട്ടു വർഷം സഖ്യ കക്ഷികളുമായുള്ള സൗഹൃദത്തെ ബി.ജെ.പി ഒരുതരത്തിലും മാനിച്ചിരുന്നില്ലെന്നും ഇപ്പോൾ പരാജയഭീതിയിൽ മറ്റു വഴികളില്ലെന്നുകണ്ടാണ് ബന്ധങ്ങൾ പുനഃസ്ഥാപിക്കാനുള്ള തിടുക്കമെന്നും മുൻ ജമ്മുകശ്മീർ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ബി.ജെ.പി നടപ്പാക്കുമെന്നുപറയുന്ന ഏക സിവിൽ കോഡിനെ നാഷനൽ കോൺഫറൻസ് പിന്തുണക്കില്ല. ഏക സിവിൽ കോഡ് മുന്നോട്ടുവെക്കാൻ ബി.ജെ.പിക്ക് അവകാശമുണ്ട്. കാരണം, അവർ ഉയർത്തിപ്പിടിക്കുന്ന അജണ്ടയാണത്. അവരുടെ ആശയം അവർ ജനങ്ങൾക്ക് മുമ്പാകെ വെക്കുന്നതിൽ തെറ്റുണ്ടെന്ന് ഞാൻ കരുതുന്നില്ല. അതവർ ചെയ്യട്ടെ. എന്താകുമെന്നു നോക്കാം. അങ്ങനെയൊരു നിയമം പ്രാബല്യത്തിൽ വരുത്തുന്നുണ്ടെങ്കിൽ ക്രിസ്ത്യാനികളും ദളിതുകളും ഗോത്രവർഗക്കാരുമടക്കം ആർക്കും ഒരു ഇളവുമുണ്ടാകരുത്. എങ്കിലാണത് ‘ഏക‘മാകുക.

ഇതുവരെ നിർദേശങ്ങളുടെ രൂപം പോലും ആയിട്ടില്ലാത്ത ഏക സിവിൽ കോഡിനു പകരം എൻ.ഡി.എ പുരജ്ജീവിപ്പിക്കാൻ ബി.ജെ.പി നടത്തുന്ന ശ്രമങ്ങളിലേക്കായിരിക്കണം നമ്മുടെ ശ്രദ്ധ. കാര്യങ്ങൾ തങ്ങൾക്ക് അനുകൂലമല്ലെന്ന് അവർ ചിന്തിക്കുന്നതിന് തെളിവാണത്.

സുഹൃത്തുക്കൾ ഓരോരുത്തരായി അവരെ കൈവിട്ടുപോയിക്കഴിഞ്ഞു. ശിവസേനയും അകാലി ദളും പോലെയുള്ള ദീർഘകാല സുഹൃത്തുക്കൾ വരെ ബി.ജെ.പിയുമായുള്ള ബാന്ധവം അവസാനിപ്പിച്ചു. അടുത്ത തെരഞ്ഞെടുപ്പിൽ ഒന്നും പന്തിയല്ലെന്നുകണ്ടാണ് ഇപ്പോൾ ചങ്ങാതിമാരെത്തേടി അവർ രംഗത്തുവരുന്നത്. ആന്ധ്ര പ്രദേശിൽ ച​ന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പിയെ കൂട്ടുപിടിക്കാൻ നീക്കം നടത്തുന്ന അവർ പഞ്ചാബിൽ അകാലി ദളിനെ സഖ്യത്തിൽ തിരിച്ചെത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ്. മഹാരാഷ്ട്രയിൽ ശിവസേനയുമായി അവർ സംസാരിക്കുന്നു.

അതുകൊണ്ട് ബി.ജെ.പിയുടെ അടിസ്ഥാന അജണ്ടകളുടെ പിന്നാലെ പായുന്നത് തൽക്കാലം വിടാം. ഭദ്രമെന്നു കരുതിയ തങ്ങളുടെ അടിത്തറ ഇളകുന്നുവെന്ന് അവരിപ്പോൾ ആശങ്കപ്പെടുന്നുണ്ട്. മാധ്യമങ്ങളിലൂടെ കൃത്രിമമായി വരച്ചും പടച്ചുമുണ്ടാക്കിയതിനപ്പുറം 2024ലെ തെരഞ്ഞെടുപ്പ് അവർക്ക് ഒരിക്കലും എളുപ്പമാവില്ലെന്നതാണ് യാഥാർഥ്യം’ -ഉമർ അബ്ദുല്ല വിശദീകരിച്ചു.

എൻ.സി.പിയിലെ പിളർപ്പ് രാഷ്ട്രീയമായി ശരദ് പവാറിനെ ദുർബലനാക്കുമെന്ന് താൻ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ‘യഥാർഥത്തിൽ ശരദ് പവാർ കൂടു​തൽ കരുത്തനാകുമെന്നാണ് ഞാൻ കരുതുന്നത്. അദ്ദേഹത്തി​ന്റെ പ്രായത്തെക്കുറിച്ചും റിട്ടയർ ചെയ്ത് വീട്ടി​ലിരിക്കണമെന്നും മറ്റും അജിത് പവാർ നടത്തിയ പ്രസ്താവനകൾ കണക്കിലെടുക്കുമ്പോൾ. മഹാരാഷ്ട്രയിലെ ജനങ്ങൾ അതൊരിക്കലും ഇഷ്ടപ്പെടില്ലെന്നാണ് ഞാൻ കരുതുന്നത്. വോട്ട് ചെയ്യാൻ അടുത്ത അവസരം ലഭിക്കുന്ന സമയത്ത് ജനം അതിന് മറുപടി നൽകും’.

Tags:    
News Summary - BJP trying to revive NDA as winning in 2024 will not be easy: Omar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.