തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനം രാഷ്ട്രീയനേട്ടമാക്കാൻ ബി.ജെ.പി ഒരുങ്ങുമ്പോൾ യുവാക്കളെ അണിരത്തി പ്രതിരോധിക്കാൻ സി.പി.എം രംഗത്ത്. കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന ‘യുവം’ പരിപാടിക്ക് പുറമെ, ക്രിസ്ത്യൻ മതമേലധ്യക്ഷരുമായി മോദിക്ക് കൂടിക്കാഴ്ച ഒരുക്കാനും ‘വന്ദേഭാരത്’ നേട്ടമായി അവതരിപ്പിക്കാനും ബി.ജെ.പി അണിയറ നീക്കം നടത്തുന്നുണ്ട്. എന്നാൽ, ‘വന്ദേഭാരതി’നേക്കാള്‍ ഗൗരവത്തോടെ കാണേണ്ടത് മോദിയുടെ യുവാക്കളുമായുള്ള സംവാദത്തെയാണെന്ന വിലയിരുത്തലിലാണ് ഡി.വൈ.എഫ്.ഐയെ മുന്‍നിര്‍ത്തി പ്രതിരോധിക്കാനുള്ള സി.പി.എം തീരുമാനം.
23, 24 തീയതികളിൽ സംസ്ഥാന വ്യാപകമായി അഞ്ചുലക്ഷത്തോളം യുവാക്കളെ പങ്കെടുപ്പിച്ചാണ് ഡി.വൈ.എഫ്.ഐ കാമ്പയിൻ. വന്ദേഭാരത് ചര്‍ച്ചകള്‍ക്ക് ഏറെ ദിവസത്തെ ആയുസ്സുണ്ടാവില്ലെന്നാണ് സി.പി.എമ്മിന്റെ പൊതുവിലയിരുത്തൽ. എന്നാൽ, യുവാക്കളെ ആകർഷിക്കുന്ന പദ്ധതികൾ ബി.ജെ.പി സംഘടിപ്പിക്കുന്നത് ഗൗരവമുള്ളതാണ്. പാർട്ടി കൊടിയോ ചിഹ്നമോ ഇല്ലാതെ ബി.ജെ.പി സംഘടിപ്പിക്കുന്ന പരിപാടികൾ മോദിയെ മുന്‍നിര്‍ത്തി യുവാക്കളെ ആകര്‍ഷിക്കാനുള്ള തന്ത്രമാണ്. മോദിയുടെ കേരളത്തിലേക്കുള്ള വരവിന്റെ പ്രധാന ഉദ്ദേശ്യംതന്നെ ‘യുവം’ പരിപാടിയാണ്. യുവാക്കള്‍ പിന്തുണക്കുന്ന നേതാവ് മോദിയാണെന്ന ബി.ജെ.പി പ്രചാരണത്തിന് തടയിടാൻ അദ്ദേഹത്തോടുള്ള 100 ചോദ്യങ്ങളുമായാണ് ഡി.വൈ.എഫ്.ഐയെ കളത്തിലിറക്കിയത്.
വന്ദേഭാരത് സിൽവർലൈനിന്റെ പ്രസക്തി വര്‍ധിപ്പിച്ചെന്ന വാദവുമായി മുന്നോട്ടുപോകാനാകും സി.പി.എം ശ്രമം. സിൽവർലൈൻ അപ്രസക്തമാകണമെങ്കില്‍ വന്ദേഭാരതിന് നാല് മണിക്കൂര്‍ കൊണ്ടെങ്കിലും കാസര്‍കോട് എത്താനാകണം. കേന്ദ്ര അവഗണനക്കെതിരായ പ്രതിഷേധത്തിന്റെ ഫലമായാണ് വന്ദേഭാരത് വന്നതെന്ന് പ്രചാരണം നടത്താനും സി.പി.എം ഉദ്ദേശിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.