ന്യൂഡൽഹിയിൽ നടക്കുന്ന ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവിന് മുന്നോടിയായ റോഡ് ഷോക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുയായികൾക്ക് നേരെ കൈ വീശുന്നു
ന്യൂഡൽഹി: പാർട്ടി ദുർബലമായ 100 ലോക്സഭാ മണ്ഡലങ്ങളിലെ 72,000 ബൂത്തുകളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കാൻ ബി.ജെ.പി. 1,30,000 ബൂത്തുകളിൽ പാർട്ടി ഇതിനകം എത്തിക്കഴിഞ്ഞുവെന്നും ഡൽഹി കൊണാട്ട് പ്ലേസിൽ ആരംഭിച്ച ബി.ജെ.പി ദേശീയ നിർവാഹകസമിതിയിൽ അധ്യക്ഷൻ ജെ.പി. നഡ്ഡ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയോടെയായിരുന്നു ദ്വിദിന ദേശീയ നിർവാഹക സമിതിയുടെ ഔദ്യോഗിക തുടക്കം.
തിങ്കളാഴ്ച ഉച്ചക്കുശേഷം പാർലമെന്റ് സ്ട്രീറ്റിൽ പട്ടേൽ ചൗക്കിൽ നിന്ന് കൊണാട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യവരെയായിരുന്നു പുഷ്പാലംകൃതമായ വീഥിയിൽ പുഷ്പവർഷം നടത്തിയുള്ള പ്രധാനമന്ത്രിയുടെ റോഡ് ഷോ. പ്രത്യേക ശ്രദ്ധ നൽകേണ്ട 72,000 ബൂത്തുകൾ കണ്ടെത്തിയിട്ടുണ്ടെന്ന് നിർവാഹക സമിതിക്ക് മുന്നോടിയായുള്ള ഭാരവാഹികളുടെ യോഗത്തിൽ ജെ.പി. നഡ്ഡ പറഞ്ഞു. ഹർ ഘർ തിരംഗ കാമ്പയിനിലൂടെ നാല് കോടി വീടുകളുമായി പാർട്ടി സമ്പർക്കമുണ്ടാക്കി.
സഖ്യകക്ഷികൾ ബി.ജെ.പിയെ ഉപേക്ഷിച്ചുപോകുകയല്ലാതെ ബി.ജെ.പി ആരെയും ഒഴിവാക്കിയിട്ടില്ലെന്ന് അകാലിദളിന്റെയും ജനതാദൾ യുവിന്റെയും ഉദാഹരണങ്ങൾ എടുത്തുകാട്ടി നഡ്ഡ പറഞ്ഞു. പ്രധാനമന്ത്രിയെ കൂടാതെ 35 കേന്ദ്ര മന്ത്രിമാർ, 12 ബി.ജെ.പി മുഖ്യമന്ത്രിമാർ, തുടങ്ങി പ്രമുഖ നേതാക്കൾ സംബന്ധിച്ചു.
2024ലെ പൊതുതെരഞ്ഞെടുപ്പിനും 2023ലെ ഒമ്പത് നിയമസഭാ തെരഞ്ഞടുപ്പുകൾക്കും പാർട്ടിയെ സജ്ജമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിർവാഹക സമിതി ചേരുന്നത്. ബൂത്ത് തലത്തിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിലാണ് പാർട്ടി ഊന്നുന്നതെന്ന് മുൻ കേന്ദ്ര മന്ത്രി രവി ശങ്കർ പ്രസാദ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. 2014 തൊട്ടുള്ള ഭരണനേട്ടങ്ങൾ ജനങ്ങൾക്ക് മുന്നിൽവെച്ചാണ് തെരഞ്ഞെടുപ്പിനെ നേരിടുകയെന്നും പ്രസാദ് കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിച്ച പ്രതിപക്ഷത്തിന് അതിലെല്ലാം കോടതിയിൽ തിരിച്ചടി നേരിട്ടുവെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അഭിപ്രായപ്പെട്ടു. പെഗസസ്, റഫാൽ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സെൻട്രൽ വിസ്റ്റ, സംവരണം, നോട്ടുനിരോധനം എന്ന് തുടങ്ങി പ്രതിപക്ഷം ഉന്നയിച്ച വിഷയങ്ങളെല്ലാം കോടതി തള്ളിയെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.