നെഹ്റുവിനെ ലക്ഷ്യമിട്ട് വിഭജനത്തെ കുറിച്ചുള്ള വിഡിയോയുമായി ബി.ജെ.പി; തിരിച്ചടിച്ച് കോൺഗ്രസ്

ന്യൂഡൽഹി: വിഭജന ഭീതിയുടെ രണ്ടാം ഓർമ പുതുക്കലിൽ കോൺഗ്രസിനെ ലക്ഷ്യം വെച്ച് വിഡിയോയുമായി ബി.ജെ.പി. 1947ൽ ഇന്ത്യ വിഭജനത്തിലേക്ക് നയിച്ച സംഭവങ്ങൾ വിവരിക്കുന്ന വിഡിയോ ആണ് ബി.ജെ.പി പുറത്തുവിട്ടത്. പാകിസ്താന്റെ രൂപീകരണത്തിനായുള്ള മുഹമ്മദലി ജിന്നയുടെ നേതൃത്വത്തിലുള്ള മുസ്‍ലിം ലീഗിന്റെ ആവശ്യത്തിന് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു വഴങ്ങിയെന്നാണ് വിഡിയോയിൽ വിമർശിക്കുന്നത്. 1947ലെ ഇന്ത്യാ വിഭജനത്തേക്കുറിച്ചുള്ള പാര്‍ട്ടിയുടെ കാഴ്ചപ്പാടുകള്‍ വിവരിക്കുന്ന ഏഴ് മിനിറ്റുള്ള വീഡിയോ ബി.ജെ.പി യുടെ ഔദ്യോഗിക ട്വിറ്ററിലാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്.

എന്നാൽ ജനതക്ക് ഏറ്റവും ആഘാതം നൽകിയ ചരിത്ര സംഭവങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ രാഷ്ട്രീയ പോരാട്ടങ്ങൾക്ക് ഇന്ധനമായി ഉപയോഗിക്കുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേഷ് തിരിച്ചടിച്ചു. ആധുനിക സവർക്കർമാരും ജിന്നമാരും രാജ്യത്തെ വിഭജിക്കാനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം ആരോപിച്ചു.

വിഭജന കാലത്തെ ഇന്ത്യക്കാരുടെ കഷ്ടപ്പാടുകളും ത്യാഗങ്ങളും രാജ്യത്തെ ഓർമിപ്പിക്കുന്നതിനായി എല്ലാ വർഷവും ആഗസ്റ്റ് 14ന് വിഭജന രീതിയുടെ ഓർമ ദിനമായി ആചരിക്കുമെന്ന് കഴിഞ്ഞ വർഷം ആഗസ്റ്റ് 14ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.

വിഭജന ഭൂപടം പഞ്ചാബിനെയും ബംഗാളിനെയും ഏതാണ്ട് പകുതിയായി വിഭജിച്ച സിറിൽ ജോൺ റാഡ്ക്ലിഫിനെ, രാജ്യത്തിന്റെ സാംസ്കാരിക പൈതൃകത്തെ കുറിച്ച് ഒരു അറിവും ഇല്ലാത്ത ഒരാളെ എങ്ങനെയാണ് ആഴ്ചകൾക്കകം ഇന്ത്യയെ വിഭജിക്കാൻ അനുവദിച്ചതെന്നും ബി.ജെ.പി വിഡിയോയിൽ ചോദിക്കുന്നുണ്ട്. വിഭജനത്തിന്റെ ഭീകരത വിവരിക്കുന്ന ആഖ്യാനത്തിനിടെ നെഹ്റുവിന്റെ ദൃശ്യങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. അതേസമയം,

വെറുപ്പും മുൻവിധിയും പ്രചരിപ്പിക്കാൻ വിഭജനം ദുരുപയോഗം ചെയ്യരുതെന്ന് ജയ്റാം രമേഷ് പറഞ്ഞു. സവർക്കർ ആണ് ദ്വിരാഷ്ട്ര സിദ്ധാന്തത്തിന്റെ വക്താവ്. ജിന്ന അത് പൂർണമാക്കി. വിഭജനത്തിന് നാം തയാറായില്ലെങ്കിൽ ഇന്ത്യ അനേകം ഭാഗങ്ങളായി ചിതറിപ്പോകുമെന്നും സമ്പൂർണമായി നശിച്ചുപോകുമെന്നും സർദാർ പട്ടേൽ എഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശരത് ചന്ദ്ര ബോസിന്റെ ആഗ്രഹത്തിന് വിരുദ്ധമായി ബംഗാൾ വിഭജനത്തിനായി നിലകൊള്ളുകയും പിന്നീട് പ്രഥമ സർക്കാരിന്റെ ഭാഗമാവുകയും ചെയ്ത ജന സംഘത്തിന്റെ സ്ഥാപകൻ ശ്യാമ പ്രസാദ് മുഖർജിയെ പ്രധാനമന്ത്രി ഓർക്കുന്നുണ്ടോ എന്നും ജയ്റാം രമേഷ് ചോദിച്ചു. ഇന്ത്യയെ ഒന്നിപ്പിക്കാനായി പരിശ്രമിച്ച ഗാന്ധിയുടെയും നെഹ്റുവിന്റെയും പട്ടേലിന്റെയും പാരമ്പര്യമാണ് ഇന്ത്യൻ നാഷനൽ കോൺഗ്രസ് ഉയർത്തിപ്പിടിക്കുന്നതെന്നും വെറുപ്പിന്റെ രാഷ്ട്രീയം പരാജ​യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കമ്മ്യൂണിസ്റ്റുകാരും വിഭജനത്തെ പിന്തുണച്ചതായും ജിന്നയുടെ മുസ്‍ലിം രാഷ്ട്രമെന്ന വാദത്തെ അംഗീകരിക്കുകയും ചെയ്തതായും വിഡിയോയിൽ വിമർശിക്കുന്നുണ്ട്. എന്നാൽ വിഡിയോയിൽ കൂടുതലും ഉൾപ്പെടുത്തിയിരിക്കുന്നത് നെഹ്റുവിന്റെയും ജിന്നയുടെയും ദൃശ്യങ്ങളാണ്.

Tags:    
News Summary - BJP Targets Jawaharlal Nehru In Video On Partition, Congress Hits Back

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.