ഗുവാഹതി: അസമിൽ 2026 നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മുസ്ലിംകളെ താറടിക്കുന്ന എ.ഐ വിഡിയോയുമായി ബി.ജെ.പി. ബി.ജെ.പിയില്ലായിരുന്നെങ്കിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മുഴുവൻ മുസ്ലിംകളുടെ ആധിപത്യമായിരുന്നേനെയെന്ന് വിഡിയോയിൽ പറയുന്നു.
സെപ്റ്റംബർ 15നാണ് അസമിലെ ബി.ജെ.പിയുടെ ഔദ്യോഗിക ‘എക്സ്’ പേജിൽ വിഡിയോ പോസ്റ്റ് ചെയ്തത്. ‘മുസ്ലിംകളുടെ ആ സ്വപ്നം പൂവണിയാൻ ഞങ്ങൾ സമ്മതിക്കില്ല’ എന്ന തലക്കെട്ടോടെയാണ് വിഡിയോ. ഇതുവരെ 2.5 ദശലക്ഷം ആളുകളാണ് വിഡിയോ കണ്ടത്.
അയൽരാജ്യങ്ങൾ വഴി നിയമവിരുദ്ധ കുടിയേറ്റക്കാർക്ക് എളുപ്പത്തിൽ അസമിലെത്താമെന്ന് വിഡിയോയിലെ ചില രംഗങ്ങൾ സൂചിപ്പിക്കുന്നു. ഹിന്ദുക്കളുടെ ഭൂമി മുസ്ലിംകൾ കൈയേറുകയാണ്. ബി.ജെ.പിയില്ലായിരുന്നെങ്കിൽ സംസ്ഥാനത്തെ ജനസംഖ്യയിൽ 90 ശതമാനവും മുസ്ലിംകളായി മാറുമായിരുന്നെന്ന അവകാശവാദത്തോടെയാണിത്.
‘നിങ്ങളുടെ ഓരോ വോട്ടും ശ്രദ്ധയോടെ വിനിയോഗിക്കണം’ എന്നു പറഞ്ഞാണ് വിഡിയോ അവസാനിക്കുന്നത്.
വിഡിയോ അസ്വസ്ഥതയുണ്ടാക്കുന്നതും വെറുപ്പ് നിറഞ്ഞതുമാണെന്ന് എ.ഐ.എം.എം നേതാവ് അസദുദ്ദീൻ ഉവൈസി കുറ്റപ്പെടുത്തി. വോട്ടിനുവേണ്ടി മാത്രമല്ല, അവർ ഭയം ജനിപ്പിക്കുന്നത്. ഇതാണ് യഥാർഥ ഹിന്ദുത്വ പ്രത്യയശാസ്ത്രം.
ഇന്ത്യയിലെ മുസ്ലിംകളുടെ നിലനിൽപ് തന്നെ അവർക്ക് വലിയ പ്രശ്നമാണ്. മുസ്ലിംമുക്ത ഭാരതമാണ് അവരുടെ സ്വപ്നം''-ഉവൈസി എക്സിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.