ബി.ജെ.പി തമിഴ്നാട് പ്രസിഡന്റ് കെ. അണ്ണാമലൈ

ഒന്നും മിണ്ടാതെ അണ്ണാമലൈ: ‘ദേശീയ നേതൃത്വം പ്രതികരിക്കും’

ചെന്നൈ: ബി.ജെ.പിയുമായുള്ള ബന്ധം വിച്ഛേദിക്കാൻ എ.ഐ.എ.ഡി.എം.കെ തീരുമാനിച്ചതിനെ കുറിച്ച് ഒന്നും പ്രതികരിക്കാതെ ബി.ജെ.പി തമിഴ്നാട് പ്രസിഡന്റ് കെ. അണ്ണാമലൈ. ‘പാർട്ടി ദേശീയ നേതൃത്വം പ്രതികരിക്കും’ എന്ന് പറഞ്ഞ് മാധ്യമപ്രവർത്തകരുടെ ​േചാദ്യങ്ങളിൽനിന്ന് അണ്ണാമലൈ ഒഴിഞ്ഞുമാറി.

മുൻമുഖ്യമന്ത്രിമാരും പാർട്ടിയുടെ പ്രമുഖ നേതാക്കളുമായിരുന്ന സി.എൻ. അണ്ണാദുരൈ, ജയലളിത തുടങ്ങിയവ​​രെ അപകീർത്തിപ്പെടുത്താനാണ് അണ്ണാമലൈ അടക്കമുള്ള ബി.ജെ.പി നേതാക്കൾ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് എ.ഐ.എ.ഡി.എം.കെ തെറ്റിപ്പിരിഞ്ഞത്. പാർട്ടി ആസ്ഥാനത്ത് പടക്കം പൊട്ടിച്ചാണ് എൻ.ഡി.എ ബന്ധം ഉപേക്ഷിക്കാനുള്ള തീരുമാനം എ.ഐ.എ.ഡി.എം.കെ നേതാക്കളും പ്രവർത്തകരും ആഘോഷിച്ചത്.

2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ പ്രത്യേക മുന്നണിയായി നിൽക്കുമെന്നും പാർട്ടി വ്യക്തമാക്കി. എ.ഐ.എ.ഡി.എം.കെ ആസ്ഥാനത്ത് പാർട്ടി അധ്യക്ഷൻ എടപ്പാടി പളനിസാമിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗമാണ് ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എയുമായുള്ള ബന്ധം വിഛേദിക്കാൻ തീരുമാനമെടുത്തത്.

അടുത്ത വർഷത്തെ തെരഞ്ഞെടുപ്പിൽ സമാന ചിന്താഗതിക്കാരായ പാർട്ടികളുടെ സഖ്യത്തെ നയിക്കാൻ ഐകകണ്ഠ്യേന തീരുമാനിച്ചതായി മുൻമന്ത്രിയും മുതിർന്ന നേതാവുമായ കെ.പി. മുനുസാമി മാധ്യമപ്രവർത്തകരോട് പറഞ്ഞു. രണ്ട് കോടിയിലധികം വരുന്ന പാർട്ടി പ്രവർത്തകരുടെ വികാരങ്ങളെയും അഭിലാഷങ്ങളെയും മാനിക്കുന്നതാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.

പാർട്ടി ഭാരവാഹികൾ, എം.എൽ.എമാർ, എം.പിമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ബി.ജെ.പി ഇനി തങ്ങളുടെ സഖ്യകക്ഷിയല്ലെന്ന് എ.ഐ.എ.ഡി.എം.കെ സംഘടന സെക്രട്ടറി ഡി. ജയകുമാർ ഈ മാസം 18ന് പറഞ്ഞിരുന്നു. എന്നാൽ, എൻ.ഡി.എ ബന്ധം തെരഞ്ഞെടുപ്പു വേളയിൽ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ പാർട്ടി പ്രതിനിധിസംഘം ഡൽഹിയിലെത്തി ബി.ജെ.പി ഉന്നതരെ കണ്ടു.

മുൻ മുഖ്യമന്ത്രി അണ്ണാദുരൈ 1956ൽ മധുരയിൽ പരിപാടിയിൽ സംസാരിക്കവെ ഹിന്ദുവിരുദ്ധ പരാമർശം നടത്തിയെന്നും ഇതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളിൽ അദ്ദേഹം മധുരയിൽ ഒളിച്ചു കഴിയുകയായിരുന്നുന്നെന്നുമാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ മുമ്പ് പറഞ്ഞത്. മാപ്പു പറഞ്ഞശേഷം മാത്രമാണ് അണ്ണാദുരൈക്ക് മധുര വിടാനായതെന്നും അദ്ദേഹം ആരോപിച്ചു. ജയലളിതയെ അഴിമതിക്കാരിയായ മുഖ്യമന്ത്രി എന്ന നിലക്കാണ് അണ്ണാമലൈ ഒരു അഭിമുഖത്തിൽ പരാമർശിച്ചത്. ഇത് പിന്നീട് മയപ്പെടുത്താൻ അണ്ണാമലൈ ശ്രമിച്ചെങ്കിലും എ.ഐ.എ.ഡി.എം.കെ പ്രവർത്തകരും നേതാക്കളും കടുത്ത പ്രതിഷേധത്തിലായിരുന്നു.

Tags:    
News Summary - BJP national leadership will react on AIADMK decision to break ties, says Annamalai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.