കേരളം പിടിക്കാൻ പ്രകാശ് ജാവദേക്കറിനെ പ്രഭാരിയാക്കി ബി.ജെ.പി; ഡോ. രാധാമോഹൻ സഹപ്രഭാരി

ന്യൂഡൽഹി: കേരളത്തിൽ പാർട്ടി പ്രവർത്തനം കാര്യക്ഷമമല്ലെന്ന കേന്ദ്ര മന്ത്രിമാരുടെ റിപ്പോർട്ടിന് പിന്നാലെ, ബി.ജെ.പി കേരള ഘടകത്തിന്റെ പ്രഭാരി ചുമതല മുൻ കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറിന് നൽകി. പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഡോ. രാധാമോഹൻ അഗർവാളാണ് സഹപ്രഭാരി. മലയാളിയായ അരവിന്ദ് മേനോന് തെലങ്കാനയുടെ സഹചുമതല നൽകിയിട്ടുണ്ട്. ഇതോടൊപ്പം വിവിധ സംസ്ഥാനങ്ങളിലെ പ്രഭാരിമാരെയും പ്രഖ്യാപിച്ചു.

2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയിൽ കാലുറപ്പിക്കാനാണ് ബി.ജെ.പി നീക്കം. 2019ൽ നേരിയ ഭൂരിപക്ഷത്തിൽ തോറ്റ 140 മണ്ഡലങ്ങളിൽ ഇക്കുറി വിജയിക്കാൻ പ്രവർത്തന പദ്ധതി ആവിഷ്കരിക്കണമെന്ന് അമിത്ഷായുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന പാർട്ടി നേതൃത്വ യോഗം തീരുമാനമെടുത്തിരുന്നു. നിലവില്‍ ദക്ഷിണേന്ത്യയില്‍ കര്‍ണാടകയില്‍ മാത്രമാണ് പാര്‍ട്ടിക്ക് അധികാരം ഉള്ളത്. തെലങ്കാനയിലും തമിഴ്‌നാട്ടിലും കേരളത്തിലും സ്വാധീനം വർധിപ്പിക്കാനാണ് കൊണ്ടുപിടിച്ച ശ്രമം. അതേസമയം, കേരളത്തിൽ ക്രിസ്ത്യൻ വോട്ട് ബാങ്കിനെ സ്വാധീനിക്കാൻ പാർട്ടിക്ക് കഴിയുന്നില്ലെന്ന് കേന്ദ്രമന്ത്രിമാർ നൽകിയ റിപ്പോർട്ടിൽ വിമർശിച്ചിരുന്നു. ഹിന്ദുവോട്ട് ഏകീകരണത്തിലും പാർട്ടി അമ്പേ പരാജയമാണെന്നാണ് വിലയിരുത്തൽ. ഇതിനുപിന്നാലെയാണ് മുതിർന്ന നേതാവിന് ചുമതല നൽകിയത്.

ബിഹാർ, ഛത്തീസ്ഗഢ്, ദാദ്ര നഗർ ഹവേലി, ഹരിയാന, ഝാർഖണ്ഡ്, ലക്ഷദ്വീപ്, മദ്ധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ, ത്രിപുര, പശ്ചിമ ബംഗാൾ, വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെയും പ്രഭാരിമാരെയും സഹപ്രഭാരിമാരെയും പ്രഖ്യാപിച്ചിട്ടുണ്ട്.

മുൻ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബാണ് ഹരിയാനയുടെ പ്രഭാരി. മുരളീധർ റാവുവിനാണ് മദ്ധ്യപ്രദേശിന്റെ ചുമതല. പഞ്ചാബിന്റെ ചുമതല വിജയ് രൂപാണിക്കും പശ്ചിമ ബംഗാളിന്റെ ചുമതല മംഗൾ പാണ്ഡെക്കും നൽകി. അമിത് മാളവ്യയും ആശ ലാക്രയുമാണ് ബംഗാളിന്റെ സഹപ്രഭാരിമാർ. ഡോ. സംബിത് പത്രയ്‌ക്ക് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ ചുമതലയാണ് നൽകിയിരിക്കുന്നത്.

Tags:    
News Summary - BJP Names 15 State In-Charges: Prakash Javadekar kerala prabhari

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.