മ​ന്ത്രിക്കെതിരെ ലൈംഗികാരോപണവുമായി ഗായിക; ഗായികയുടെ സഹോദരിയുമായാണ്​ ബന്ധമെന്ന്​ വെളിപ്പെടുത്തൽ

മുംബൈ: മഹാരാഷ്​ട്ര സാമൂഹ്യ നീതി വകുപ്പ്​ മന്ത്രി ധനഞ്​ജയ്​ മുണ്ഡെക്കെതിരെ ലൈഗികാരോപണ പരാതി. 2006ൽ മുതൽ പലതവണ മന്ത്രി ബലാത്സംഗം ചെയ്​തെന്ന്​ മുംബൈ സ്വദേശിനിയായ ഗായികയാണ്​ പരാതി നൽകിയത്​​. എന്നാൽ ആരോപണം നിഷേധിച്ച ധനഞ്​ജയ്​ മുണ്ഡെ ഗായികയുമായി തനിക്ക്​ ബന്ധമില്ലെന്നും ഗായികയുടെ സഹോദരിയുമായി തനിക്ക്​ വി​വാഹേതര ബന്ധമുണ്ടെന്നും വെളിപ്പെടുത്തി. ഭീഷണിപ്പെടുത്തി പണം തട്ടുന്നതിനാണ്​ ആരോപണം ഉന്നയിക്കുന്നതെന്നും മുണ്ഡെ പറഞ്ഞു.

ജനുവരി പത്തിനാണ്​ എൻ.സി.പി നേതാവും മന്ത്രിയുമായ ധനഞ്​ജയ്​ മുണ്ഡെക്കെതിരെ ഗായിക പരാതിയുമായെത്തിയത്​. സിനിമയിൽ പാടാൻ അവസരം നൽകാമെന്നും വിവാഹം കഴിക്കാ​മെന്ന്​ വാഗ്​ദാനം നൽകി ബലാത്സംഗം ചെയ്​തുവെന്നുമാണ്​ പരാതി.

ഗായികയുമായി തനിക്ക്​ ബന്ധമില്ല. എന്നാൽ ഗായികയുടെ സഹോദരിയുമായി 2003 മുതൽ വിവാഹേതര ബന്ധം പുലർത്തുന്നുണ്ട്​. ആ ബന്ധത്തിൽ രണ്ടു കുട്ടികളുണ്ടെന്നും ത​ന്‍റെ കുടുംബത്തിന്​ ഇക്കാര്യം അറിയാമെന്നും ധനഞ്​ജയ്​ മുണ്ഡെ കൂട്ടിച്ചേർത്തു.

'വിവാഹേതര ബന്ധത്തിൽ ജനിച്ച കുട്ടികളുടെ പേരിനൊപ്പം എന്‍റെ പേരാണ്​ ചേർത്തിരിക്കുന്നത്​. കുട്ടികളുടെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുകയും അവർ എന്‍റെ ഒപ്പം താമസിക്കുകയും ചെയ്യുന്നുണ്ട്​. എന്‍റെ കുടുംബത്തിന്‍റെ ഭാഗമായി രണ്ടു കുട്ടികളെയും ഭാര്യ അംഗീകരിച്ചു. കുട്ടികളുടെ അമ്മയെ മുംബൈയി​ൽ ഫ്ലാറ്റ്​ വാങ്ങുന്നതിന്​ ഞാൻ സഹായിച്ചു. കൂടാതെ സഹോദരനെ ബിസിനസ്​ വിപുലീകരണത്തിനും സഹായിച്ചിട്ടുണ്ട്​' -മുണ്ഡെ പറഞ്ഞു.

ധനഞ്​ജയ്​ മുണ്ഡെക്കെതിരായ ലൈംഗികാരോപണവും മന്ത്രിയുടെ വിവാഹേതര ബന്ധവും മഹാരാഷ്​ട്ര സർക്കാറിനെതിരായ രാഷ്​ട്രീയ നീക്കമായി ബി.ജെ.പി ഏറ്റെടുത്തു. ബി.ജെ.പി നേതാവ്​ കിരിത്​ സോമയ്യ മു​ണ്ഡെക്കെതിരെ തെരഞ്ഞെടുപ്പ്​ കമ്മീഷനിൽ പരാതി നൽകി. വിവാഹേതര ബന്ധം മറച്ചുവെച്ചതിനും കുട്ടികൾ, സ്വത്ത്​ തുടങ്ങിയ വിവരങ്ങൾ വെളിപ്പെടുത്തിയില്ലെന്നുമാണ്​ പരാതി.

'തനിക്ക്​ രണ്ടു ഭാര്യമാരുണ്ടെന്നും അവരുടെ പേരിൽ സ്വത്തുക്കളുണ്ടെന്നും മുണ്ഡെ തന്നെ പറയുന്നു. എന്നാൽ ഇക്കാര്യം തെരഞ്ഞെടുപ്പ്​ സത്യവാങ്​മൂലത്തിൽ സൂചിപ്പിക്കുന്നില്ല. ഇക്കാര്യത്തിൽ അന്വേഷണം നടത്തണമെന്നും നടപടി സ്വീകരിക്കണമെന്നും തെരഞ്ഞെടുപ്പ്​ കമ്മീഷനോട്​ അഭ്യർഥിക്കുന്നു' -സോമയ്യ പറഞ്ഞു. 

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.