കോവിഡ് കാലത്ത് ചിലര്‍ ട്വിറ്ററില്‍ മാത്രം സജീവം, ബി.ജെ.പിക്കാര്‍ പുറത്തിറങ്ങി ജനങ്ങളെ സഹായിക്കുകയാണ് -നഡ്ഡ

പാട്‌ന: കോവിഡ് ദുരിതം വിതക്കുന്ന കാലത്ത് ചില നേതാക്കള്‍ ട്വിറ്ററില്‍ മാത്രമാണ് സജീവമാകുന്നതെന്നും, അതേസമയം ബി.ജെ.പി പ്രവര്‍ത്തകര്‍ തെരുവുകളിലേക്കിറങ്ങി ജനങ്ങളെ സഹായിക്കുകയാണെന്നും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ. ബിഹാര്‍ ബി.ജെ.പി എക്‌സിക്യൂട്ടിവ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു നഡ്ഡ. ആര്‍.ജെ.ഡി അധ്യക്ഷന്‍ തേജസ്വി യാദവിനെതിരെയായിരുന്നു നഡ്ഡയുടെ പരാമര്‍ശം.

സേവനം തന്നെയാണ് സംഘടന എന്നാണ് ബി.ജെ.പി പ്രവര്‍ത്തകരുടെ മുദ്രാവാക്യം. കോവിഡ് രണ്ടാംതരംഗത്തില്‍ ഒരു ഭയാശങ്കയുമില്ലാതെ ജനങ്ങള്‍ക്കിടയിലേക്ക് അവര്‍ ഇറങ്ങിച്ചെന്നു. എന്നാല്‍, മറ്റു പലരും ട്വിറ്ററിലായിരുന്നു സജീവമായത്. സുരക്ഷിതമായ ഇടങ്ങളില്‍ സ്വയം ക്വാറന്റീന്‍ ചെയ്യുകയായിരുന്നു അവര്‍ -നഡ്ഡ പറഞ്ഞു.

നിതീഷ് കുമാര്‍ സര്‍ക്കാറിനെതിരെ തേജസ്വി യാദവ് ട്വിറ്ററിലൂടെ കനത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. പിതാവ് ലാലു പ്രസാദ് യാദവിന്റെ ചികിത്സയുടെ ഭാഗമായി ഡല്‍ഹിയിലായിരുന്ന തേജസ്വി ഒരു മാസത്തിന് ശേഷമാണ് സംസ്ഥാനത്ത് തിരിച്ചെത്തിയത്. എന്നാല്‍, പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ഒളിച്ചോടുന്നുവെന്ന വിമര്‍ശനമാണ് എതിരാളികള്‍ ഉയര്‍ത്തുന്നത്.

ലാലു പ്രസാദ് ഭരിച്ചപ്പോഴുണ്ടായ സംസ്ഥാനത്തെ സാഹചര്യം ജനം ഓര്‍ക്കണമെന്ന് നഡ്ഡ യോഗത്തില്‍ പറഞ്ഞു. സൂര്യനസ്തമിച്ചാല്‍ പുറത്തിറങ്ങാന്‍ ഭയമായിരുന്നു ജനങ്ങള്‍ക്ക്. തട്ടിക്കൊണ്ടുപോകലും അക്രമവും ഭയന്ന് ഡോക്ടര്‍മാരും പ്രഫഷണലുകളും സംസ്ഥാനത്തിന് പുറത്തേക്കായിരുന്നു പോയതെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - BJP men helped people amid COVID-19 surge, some were active only on Twitter: J P Nadda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.