രാമക്ഷേത്ര വിഗ്രഹം കാണിച്ച് വോട്ട് ചോദിച്ച് ബി.ജെ.പി; ‘നിങ്ങളുടെ ഒരു വോട്ടിന്‍റെ ശക്തി’യെന്ന്

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കെ ബാബരി മസ്ജിദ് തകർത്ത് നിർമിച്ച അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ പേരിൽ വോട്ട് ചോദിച്ച് ബി.ജെ.പി. ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ അയോധ്യ രാമക്ഷേത്രത്തിലെ വിഗ്രഹത്തിന്‍റെ നെറ്റിയിൽ ഒപ്റ്റോ മെക്കാനിക്കൽ സാങ്കേതികവിദ്യയിലൂടെ സൂര്യതിലകം ചാർത്തിയ ചിത്രം പങ്കുവെച്ചാണ് ബി.ജെ.പിയുടെ പ്രചാരണം.

നിങ്ങളുടെ ഒരു വോട്ടിന്‍റെ ശക്തി എന്നാണ് അടിക്കുറിപ്പായി നൽകിയിരിക്കുന്നത്. മാത്രമല്ല, ‘അവർ: ബി.ജെ.പിക്കുള്ള നിങ്ങളുടെ ഒരു വോട്ട് വ്യത്യാസമൊന്നുമുണ്ടാക്കില്ല. വ്യത്യാസം: (വിഗ്രഹത്തിന്‍റെ ചിത്രം ചേർത്തിരിക്കുന്നു)’ എന്ന് ചിത്രത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണിതെന്ന് വിമർശനം ഉയർന്നുകഴിഞ്ഞു. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുമ്പോൾ ബി.ജെ.പിക്കെതിരെ നടപടിയെടുക്കാത്ത തെരഞ്ഞെടുപ്പ് കമീഷൻ പക്ഷപാതപരമായാണ് പ്രവർത്തിക്കുന്നതെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നു.

മാതൃകാ പെരുമാറ്റ ചട്ടത്തിൽനിന്ന് ബി.ജെ.പിയെ ഒഴിവാക്കുന്നത് എന്തുകൊണ്ടാണെന്ന് തൃണമൂൽ കോൺഗ്രസ് എം.പി സാകേത് ഗോഖലെ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമീഷനോട് ചോദിച്ചു. ചില വിഷയങ്ങളിൽ മറ്റ് പാർട്ടികളിൽ നിന്നുള്ള ട്വീറ്റുകൾ നീക്കം ചെയ്യുന്നുണ്ടെങ്കിലും ബി.ജെ.പിയിൽ നിന്നുള്ളവ നീക്കം ചെയ്യുന്നില്ലെന്ന് ഗോഖലെ കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസം ബി.ജെ.പിയുടെ ട്വിറ്റർ അക്കൗണ്ടിൽ വന്ന സമാനമായ മറ്റൊരു പോസ്റ്റിന്‍റെ സ്ക്രീൻഷോട്ട് മാധ്യമപ്രവർത്തകൻ മുഹമ്മദ് സുബൈർ ഷെയർ ചെയ്തിരുന്നു.


Tags:    
News Summary - BJP Makes Direct Appeal to Religion in Power of One Vote Post Showing Ram Idol

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.