ലഖ്നോ: ക്രിസ്മസിന് ലോകമെമ്പാടും നക്ഷത്ര വിളക്കുകൾ കത്തിക്കുന്നതിനെ പുകഴ്ത്തിയ സമാജ്‌വാദി പാർട്ടി നേതാവും ലോക്‌സഭാ എംപിയുമായ അഖിലേഷ് യാദവിനെതിരെ വിമർശനവുമായി ബി.ജെ.പി നേതാക്കൾ. ദീപാവലിക്ക് ഉത്തർപ്രദേശ് ടൂറിസം വകുപ്പ് ജില്ലാ ഭരണകൂടവും അയോധ്യ അതോറിറ്റിയുമായി സഹകരിച്ച് കോടികൾ ചിലവിട്ട് ദീപാലങ്കാരം നടത്തുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ അഖിലേഷ് യാദവ് നൽകിയ മറുപടിയെയാണ് ബി.ജെ.പി കടന്നാക്രമിക്കുന്നത്.
അയോധ്യയിൽ 26,17,215 ദീപങ്ങളും ഉത്തർപ്രദേശിൽ മൊത്തം 1.51 കോടി ദീപങ്ങളുമാണ് ദീപാവലിക്ക് തെളിക്കുന്നത്. ഇതിന് പണം ചെലവഴിക്കുന്നതിനെ ചോദ്യം ചെയ്ത അഖിലേഷ്, ക്രിസ്മസ് സമയത്ത് ലോകമെമ്പാടുമുള്ള നഗരങ്ങളിലെ ദീപാലങ്കാരങ്ങളിൽ നിന്ന് പാഠം പഠിക്കാൻ ബി.ജെ.പിയോട് ആഹ്വാനം ചെയ്തു.
‘എനിക്ക് (യു.പിയിലെ ഈ ദീപാലങ്കാരങ്ങളെ കുറിച്ച്) ഒന്നും പറയാനില്ല. പക്ഷേ ശ്രീരാമന്റെ പേരിൽ ഞാൻ ഒരു നിർദ്ദേശം നൽകാം. ലോകമെമ്പാടും, എല്ലാ നഗരങ്ങളും ക്രിസ്മസിന് പ്രകാശപൂരിതമാകും. അത് ഒരു മാസം നീണ്ടുനിൽക്കും. നമ്മൾ അവരിൽ നിന്ന് പഠിക്കണം. വിളക്കുകൾക്കും മെഴുകുതിരികൾക്കും ഇത്രയധികം പണം ചെലവഴിക്കുന്നത് എന്തിനാണ്? ഈ സർക്കാരിൽ നിന്ന് നമുക്ക് എന്താണ് പ്രതീക്ഷിക്കാൻ കഴിയുക? ഇവരെ പുറത്താക്കണം. ഇതേക്കാൾ കൂടുതൽ മനോഹരമായ വിളക്കുകൾ ഉണ്ടെന്ന് ഞങ്ങൾ ഉറപ്പാക്കും..’ -എന്നായിരുന്നു അഖിലേഷിന്റെ മറുപടി.
എന്നാൽ, അഖിലേഷിന്റെ പരാമർശങ്ങളെ അപലപിച്ച ബി.ജെ.പി നേതാക്കൾ, അദ്ദേഹം സനാതന വിരുദ്ധ മനോഭാവം ഉള്ളയാളാണെന്ന് ആരോപിച്ചു. സ്വന്തം സമുദായത്തിനെതിരെ സംസാരിക്കുന്ന അഖിലേഷ്, മതമൗലികവാദികളുടെ വോട്ടുകളോടുള്ള സ്നേഹം മൂലം അന്ധനായെന്ന് ബിജെപി രാജ്യസഭാ എംപിയും പാർട്ടിയുടെ ദേശീയ വക്താവുമായ സുധാംശു ത്രിവേദി ആരോപിച്ചു.
‘അഖിലേഷ് യാദവ് മതമൗലികവാദികളുടെ വോട്ടുകളോടുള്ള സ്നേഹം കൊണ്ട് അന്ധനായിരിക്കുന്നു. ഇപ്പോൾ അദ്ദേഹം സ്വന്തം സമുദായമായ യാദവർക്കെതിരെ സംസാരിക്കാൻ തുടങ്ങിയിരിക്കുന്നു. കൂടാതെ പ്രജാപതി സമുദായത്തിന്റെ അഭിവൃദ്ധി തട്ടിയെടുക്കാനും ആഗ്രഹിക്കുന്നു’ -ത്രിവേദി പറഞ്ഞു. യാദവിന്റെ പരാമർശങ്ങൾ ഇൻഡ്യ സഖ്യത്തിന്റെ മാനസികാവസ്ഥയെയും ഇന്ത്യൻ സംസ്കാരത്തോടും ഹിന്ദു ധർമ്മത്തോടും ദീപങ്ങൾ നിർമ്മിക്കുന്ന പ്രജാപതി സമൂഹത്തോടുമുള്ള വെറുപ്പിനെയും പ്രതിഫലിപ്പിക്കുന്നതാണെന്നും ത്രിവേദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.