മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേനയും തന്നെ കൊല്ലാൻ ശ്രമിച്ചെന്ന് ബി.ജെ.പി നേതാവ് മോഹിത് കംബോജ് ആരോപിച്ചു. വെള്ളിയാഴ്ച മുംബൈയിലെ കലാനഗർ ജംഗ്ഷനിൽ ഒരു ജനക്കൂട്ടം തന്റെ കാർ ആക്രമിച്ചു. ശിവസേനയും മഹാരാഷ്ട്ര മുഖ്യമന്ത്രിയും ചേർന്ന് തന്നെ കൊല്ലാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് ബി.ജെ.പി നേതാവ് മോഹിത് കംബോജ് ആരോപിച്ചു. മഹാ വികാസ് അഘാഡി (എം.വി.എ) മന്ത്രിമാർക്ക് മയക്കുമരുന്ന് മാഫിയകളുമായി ബന്ധമുണ്ടെന്ന് കംബോജ് ഒരിക്കൽ ആരോപിച്ചിരുന്നു. പശ്ചിമ ബംഗാളിനേക്കാൾ മോശം ഭരണകൂടം ആണ് മഹാരാഷ്ട്രയിൽ ഉള്ളതെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.
"കലാനഗർ ജംഗ്ഷനിൽ വെച്ച് ഒരു ജനക്കൂട്ടം എന്റെ കാർ ആക്രമിച്ചു. ഞങ്ങൾ ഓടി രക്ഷപ്പെട്ടു. മഹാരാഷ്ട്രയിലെ ഭരണം ബംഗാളിലേതിനേക്കാൾ മോശമാണെന്ന് തെളിയുന്നു. നവാബ് മാലിക്കിനെപ്പോലുള്ള അഴിമതിക്കാരായ മന്ത്രിമാരെ തുറന്നുകാട്ടുന്ന പ്രതിപക്ഷ നേതാക്കളെ സംസ്ഥാന സർക്കാർ ആക്രമിക്കുന്നു. ഞാൻ അപലപിക്കുന്നു" -കംബോജ് പറഞ്ഞു.
"എന്റെ ശബ്ദം അടിച്ചമർത്താൻ ശ്രമിക്കുന്നു. ശിവസേനയും മഹാരാഷ്ട്ര മുഖ്യമന്ത്രിയും ചേർന്ന് എന്നെ കൊല്ലാനുള്ള ശ്രമമാണിത്. മുംബൈ പൊലീസ് എന്ത് നടപടി സ്വീകരിക്കുമെന്ന് നോക്കാം. എല്ലാം സി.സി ടി.വിയിൽ പതിഞ്ഞിട്ടുണ്ട്" -അദ്ദേഹം പറഞ്ഞു.
ഈ വർഷം ഫെബ്രുവരിയിൽ സാന്താക്രൂസ് പൊലീസ് സ്റ്റേഷനിൽ കൊവിഡ്-19 നിയമങ്ങൾ ലംഘിച്ചതുൾപ്പെടെ ആയുധ നിയമം ലംഘിച്ചതിന് കാംബോജിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. എൻ.സി.പി നേതാവ് നവാബ് മാലിക്കിന്റെ അറസ്റ്റിനെ തുടർന്ന് പൊതുസ്ഥലത്ത് വാളുമായി ആഘോഷിച്ചതിന് കാംബോജിനെതിരെ മുംബൈ പൊലീസ് എഫ്.ഐ.ആർ ഫയൽ ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.