സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഷൂ എറിഞ്ഞ അക്രമിയുടെ ‘ധീരത’യെ പ്രകീർത്തിച്ച് കർണാടകയിലെ ബി.ജെ.പി നേതാവ്, വിവാദം

ബംഗളൂരു: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആർ ഗവായിയെ കോടതിക്കുള്ളിൽ വെച്ച് ഷൂ എറിഞ്ഞതിന് സസ്പെൻഡ് ചെയ്യപ്പെട്ട അഭിഭാഷകനെ പിന്തുണച്ച് കോളിളക്കം സൃഷ്ടിച്ച് ബി.ജെ.പി നേതാവ് ഭാസ്കർ റാവു. മുൻ പൊലീസ് കമീഷണർ കൂടിയാണ് ഭാസ്കർ റാവു. സനാതന ധർമത്തിന് എതിരുനിൽക്കു​ന്നുവെന്ന് ആരോപിച്ചാണ് തീവ്രഹിന്ദുത്വ വാദിയായ അഭിഭാഷകൻ രാകേഷ് കിഷോർ കഴിഞ്ഞ ദിവസം കോടതി മുറിയിൽ അതിക്രമം നടത്തിയത്.

2023ലാണ് ഭാസ്കർ റാവു ആം ആദ്മി പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നത്. നിയമപരമായി തെറ്റായ കാര്യമാണെങ്കിലും നേരിടാൻ പോകുന്ന പ്രത്യാഘാതങ്ങൾ അറിഞ്ഞു കൊണ്ട് തന്നെ നിങ്ങൾ എടുത്ത ധീരമായ നിലപാടിനെ അഭിനന്ദിക്കുന്നുവെന്നാണ് റാവു കിഷോറിനെ അഭിനന്ദിച്ചത്. സംഭവം നിയമ രാഷ്ട്രീയ വൃത്തങ്ങൾക്കിടയിൽ വലിയ രോഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. അക്രമത്തെ അനുകൂലിച്ച റാവുവിന്റെ നടപടി ദലിത് സമൂഹത്തിലും ചർച്ച ചെയ്യപ്പെടുന്നുണ്ട്.

കിഷോറിന്‍റെ നടപടി കോടതിയുടെ പെരുമാറ്റ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്നും അന്തസ്സിന് കോട്ടം വരുത്തിയെന്നും ബാർ കൗൺസിൽ ചെയർപേഴ്സൺ മനാൻ കുമാർ മിശ്ര പറഞ്ഞു. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഇന്ത്യയിലെ ഏതെങ്കിലും കോടതിയിൽ പ്രാക്ടീസ് ചെയ്യുന്നത് കൗൺസിൽ വിലക്കിയിട്ടുണ്ട്. ‘സ്വേച്ഛാധിപത്യ ഉത്തരവ്’ എന്നാണ് നടപടിയോട് കിഷോർ പ്രതികരിച്ചത്.

ദൈവത്തിന്‍റെ ആഗ്രഹമാണ് താൻ നടപ്പിലാക്കിയതെന്നാണ് ആക്രമണ ശേഷം കിഷോർ പറഞ്ഞത്. ഖജുരാഹോയിലെ തല ഭാഗം തകർന്ന ഏഴടി ഉയരമുള്ള വിഷ്ണുവിന്‍റെ പ്രതിമ പുനർനിർമിക്കണമെന്ന ഹരജിയിൽ വാദം നടക്കുന്നതിനിടെയാണ് അഭിഭാഷകനായ കിഷോർ ചീഫ് ജസ്റ്റിസിനു നേർക്ക് ആക്രമണം നടത്തിയത്. യോഗി ആദിത്യനാഥിന്‍റെ ബുൾഡോസർ രാജിനെ വിമർശിച്ച ചീഫ് ജസ്റ്റിസിന്‍റെ നിലപാടിനെയും കിഷോർ എതിർത്തിരുന്നു. 

Tags:    
News Summary - BJP leader in Karnataka publicly supports the lawyer who attacked supreme court chief justice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.