പാവപ്പെട്ടവരുടെ അവകാശങ്ങൾ കവർന്നെടുക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത് -ഖാർഗെ

റായ്പൂർ: ബി.ജെ.പിയെ വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി 400ൽ അധികം സീറ്റുകൾ ആവശ്യപ്പെടുന്നത് ദരിദ്രരുടെയും പട്ടികജാതിക്കാരുടെയും പട്ടികവർഗക്കാരുടെയും പിന്നാക്കക്കാരുടെയും ക്ഷേമത്തിനല്ലെന്നും പാവപ്പെട്ടവരുടെ അവകാശങ്ങൾ കവർന്നെടുക്കാനാണ് അവർ ശ്രമിക്കുന്നതെന്നും ഖാർഗെ ആരോപിച്ചു. ഇന്ത്യയെ ഒരുമിച്ച് നിർത്താനും ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കുന്നതിനുമാണ് ഈ തെരഞ്ഞെടുപ്പ് പോരാട്ടമെന്നും അദ്ദേഹം വ്യക്തമാക്കി.

ചില ബി.ജെ.പി നേതാക്കൾ ഭരണഘടന മാറ്റുന്നതിനെക്കുറിച്ച് നേരത്തെ സംസാരിച്ചിട്ടില്ലെങ്കിൽ തങ്ങൾ ഭരണഘടന മാറ്റാനോ സംവരണം അവസാനിപ്പിക്കാനോ പോകുന്നില്ലെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭഗവതിന് വ്യക്തമാക്കേണ്ടി വന്നത് എന്തുകൊണ്ടാണെന്നും ഖാർഗെ ചോദിച്ചു. ഛത്തീസ്ഗഡിലെ കോൺഗ്രസ് സ്ഥാനാർഥി ശിവകുമാർ ദഹാരിയക്ക് വോട്ട് തേടികൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പിൽ വിദ്വേഷ പ്രസംഗം നടത്തിയതിന് പ്രധാനമന്ത്രി മോദിയെ അദ്ദേഹം വിമർശിച്ചു. വിഡിയോകൾ ഉണ്ടാക്കാനും സമൂഹമാധ്യമത്തിലൂടെ ആളുകളെ അപകീർത്തിപ്പെടുത്താനും ബി.ജെ.പിക്ക് വൈദഗ്ദ്ധ്യമുണ്ട്. തങ്ങൾ ഒരിക്കലും അത് ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യം ഒന്നായി തുടരണമെന്നും എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും ഖാർഗെ പറഞ്ഞു.

ഛത്തീസ്ഗഡിന് 11 ലോക്സഭ സീറ്റുകളാണുള്ളത്. ബസ്തർ മണ്ഡലത്തിൽ ഏപ്രിൽ 19 ന് വോട്ടെടുപ്പ് നടന്നു. രാജ്നന്ദ്ഗാവ്, മഹാസമുന്ദ്, കാങ്കർ എന്നിവിടങ്ങളിൽ ഏപ്രിൽ 26 നും. മെയ് 7നാണ് സർഗുജ, റായ്ഗഡ്, ജഞ്ജ്ഗിർ- ചമ്പ, കോർബ, ബിലാസ്പൂർ, ദുർഗ്, റായ്പൂർ എന്നീ മണ്ഡലങ്ങളിലെ വോട്ടെടുപ്പ്. 2019 ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഛത്തീസ്ഗഡിൽ 11ൽ ഒമ്പത് സീറ്റുകളും നേടി ബി.ജെ.പി ആധിപത്യം പുലർത്തിയിരുന്നു. കോൺഗ്രസിന് രണ്ടു മാത്രമാണ് ലഭിച്ചത്.

Tags:    
News Summary - BJP is focussing to win 400-plus seats to snatch rights of poor people, says Mallikarjun Kharge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.