നെഹ്റുവിനും മേലെ മോദിയെ പ്രതിഷ്ഠിക്കാൻ പ്രചാരണതന്ത്രവുമായി ബി.ജെ.പി

ന്യൂഡൽഹി: കോൺഗ്രസ് നേതാക്കളായിരുന്ന പ്രധാനമന്ത്രിമാർക്കുമേൽ നരേന്ദ്ര മോദിയെ പ്രതിഷ്ഠിക്കാൻ പുതിയ പദ്ധതിയുമായി ബി.ജെ.പി. ഇതിനായി 'ദേശ് കി ബദ്‍ലി സോച്' (രാജ്യം മാറിച്ചിന്തിക്കുന്നു) എന്ന സമൂഹമാധ്യമ കാമ്പയിൻ തുടങ്ങി. മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗം ഇതര പ്രധാനമന്ത്രിമാരുടേതുമായി താരതമ്യം ചെയ്യലാണ് ആദ്യ ഘട്ടത്തിൽ ചെയ്യുന്നത്. ചൊവ്വാഴ്ച രാത്രി ട്വിറ്ററിൽ ഗ്രാഫിക്സ് പിന്തുണയോടെ ഈ പരീക്ഷണം ബി.ജെ.പി നടപ്പാക്കി തുടങ്ങി.

മോദിയുടെ പ്രസംഗത്തെ മൻമോഹൻസിങ്, രാജീവ് ഗാന്ധി, ഇന്ദിര ഗാന്ധി, ജവഹർലാൽ നെഹ്റു എന്നിവരുടെ പ്രസംഗത്തിനുമേൽ പ്രതിഷ്ഠിക്കുകയാണ് ചെയ്യുന്നത്. 1962ലെ ചൈന യുദ്ധത്തിനുശേഷം വന്ന സ്വാതന്ത്ര്യദിനത്തിലെ പ്രസംഗത്തിൽ നെഹ്റു വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലിയർപ്പിച്ചില്ല എന്നാണ് ട്വിറ്റർ വഴി ബി.ജെ.പി നടത്തുന്ന ആരോപണങ്ങളിലൊന്ന്. എന്നാൽ, ലഡാക്കിൽ ചൈനീസ് ഭടന്മാരുമായുണ്ടായ ഏറ്റുമുട്ടലിൽ മരിച്ച സൈനികരെ 2020ലെ പ്രസംഗത്തിൽ മോദി സ്മരിച്ചതായി ട്വീറ്റിൽ പറയുന്നു.

2008, 2009 വർഷങ്ങളിലെ പ്രസംഗങ്ങളിൽ മൻമോഹൻസിങ്, നെഹ്റു-ഗാന്ധി കുടുംബത്തെ പ്രകീർത്തിച്ചത് ചില കുടുംബങ്ങളെ പ്രീതിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഇത്തരം നടപടികളിലൂടെ ചിലരെ മാത്രം സ്മരിക്കുന്നു. 1975ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചശേഷം രാജ്യത്തെ ശുദ്ധീകരിക്കാനുള്ള പ്രക്രിയ എന്നു പറഞ്ഞ് അത് ന്യായീകരിക്കാനാണ് ഇന്ദിര ഗാന്ധി ശ്രമിച്ചത്.

പക്ഷേ, 2017ലെ പ്രസംഗത്തിൽ മോദി ജനാധിപത്യമാണ് ഇന്ത്യയുടെ ഏറ്റവും വലിയ കരുത്തെന്ന് പറഞ്ഞു. പഞ്ചശീല കരാറുണ്ടായിട്ടും '62ൽ ഇന്ത്യയെ ചൈന ആക്രമിച്ച ശേഷം കശ്മീർ, ലഡാക്ക് നയത്തിൽ കോൺഗ്രസ് മൃദുനയം സ്വീകരിച്ചു. എന്നാൽ, മോദി കടുത്ത നിലപാടെടുത്തു തുടങ്ങിയ ആരോപണ-ന്യായീകരണവും ബി.ജെ.പി നടത്തി.

Tags:    
News Summary - BJP has campaigned to place Modi over Nehru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.