ന്യൂഡല്‍ഹി: ഇന്ത്യൻ ശതകോടീശ്വരനും വ്യവസായിയുമായ ഗൗതം അദാനിയെ കടക്കെണിയില്‍ നിന്നും രക്ഷിക്കാനായി രാജ്യത്തെ സാധാരണക്കാരന്റെ പണം ചെലവഴിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും ധനകാര്യമന്ത്രാലയത്തിന്റെ സഹായത്തോടെ പദ്ധതി ആവിഷ്‌കരിച്ചതായി വാഷിങ്ടണ്‍ പോസ്റ്റിന്റെ എക്സ്ക്ലുസീവ് റിപ്പോര്‍ട്ട്.
ബി.ജെ.പിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ഏറ്റവും വലിയ അടുപ്പക്കാരനായി അറിയപ്പെടുന്ന ഗൗതം അദാനിയുടെ വ്യവസായ സാമ്രാജ്യത്തെ സഹായിക്കാന്‍ ലൈഫ് ഇൻഷൂറൻസ് കോർപറേഷനിലെ സാധാരണക്കാരുടെ പണം വകമാറ്റുന്നതായാണ് വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോർട്ട്.
90 ബില്യണ്‍ യു.എസ് ഡോളര്‍ ആസ്തിയുള്ള ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ സമ്പന്നനാണ് അദാനി. എന്നാൽ, യു.എസിൽ കൈക്കൂലി, തട്ടിപ്പ് കേസുകള്‍ നേരിടുന്ന അദാനി ഗ്രൂപ്പിന്റെ കടങ്ങള്‍ ഈ അടുത്ത കാലത്ത് വലുതായി വർധിക്കുകയും കുടിശ്ശികയുടെ കാലാവധി തീരുകയും ചെയ്തിരുന്നു. അമേരിക്കയിലെ കേസ് മൂലം ദീര്‍ഘകാലമായി വായ്പകള്‍ നല്‍കുന്ന പല യു.എസ്, യൂറോപ്യന്‍ ബാങ്കുകളും കേസുകൾ മൂലം അദാനിയെ സഹായിക്കാന്‍ മടിക്കുകയാണ്.
മിക്ക ബില്ലുകളും കുടിശ്ശിക വരുത്തിയതോടെ അദാനിയെ യു.എസ് കൈക്കൂലി കേസിലും വഞ്ചന കേസിലും പ്രതി ചേര്‍ത്തിരുന്നു. ഈ സംഭവത്തോടെ യു.എസിലേയും യൂറോപ്പിലെയും ബാങ്കുകള്‍ അദാനിക്ക് വായ്പ ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ നല്‍കുന്നത് അവസാനിപ്പിച്ചു.
ഈ സാഹചര്യത്തിൽ ഗൗതം അദാനിയെ സഹായിക്കാന്‍ ഇന്ത്യയിലെ ഗ്രാമീണ ജനങ്ങളുടെ നിക്ഷേപ പദ്ധതിയായ ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പറേഷനിൽ നിന്ന് 390 കോടി ഡോളര്‍ (മൂന്നര ലക്ഷം കോടിയോളം രൂപ) അദാനി കമ്പനികളിലേക്ക് നിക്ഷേപിക്കാന്‍ സര്‍ക്കാര്‍ കേന്ദ്ര പദ്ധതിയിടുന്നതെന്നാണ് വാഷിങ്ടൺ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനായി 2025 മേയ് മാസം മുതല്‍ തന്നെ കേന്ദ്ര സര്‍ക്കാറിലെ ഉദ്യോഗസ്ഥര്‍ രഹസ്യമായി ആദ്യഘട്ട നീക്കം പൂര്‍ത്തിയാക്കിയെന്ന് റിപ്പോര്‍ട്ട് പറയുന്നു. അതേ മാസത്തിൽ തന്നെ എല്‍.ഐ.സിയില്‍ നിന്ന് അദാനിയുടെ ബിസിനസുകളിലേക്ക് ഏകദേശം 3.9 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്താനുള്ള നിർദേശം ചില ഉദ്യോഗസ്ഥര്‍ തയ്യാറാക്കി സമര്‍പ്പിച്ചിരുന്നുവെന്ന് വാഷിങ്ടൺ പോസ്റ്റിനു ലഭിച്ച രേഖകൾ സൂചിപ്പിക്കുന്നു.
ഏകദേശം 3.4 ബില്യണ്‍ ഡോളര്‍ വരുന്ന ബോണ്ട് നിക്ഷേപങ്ങളില്‍ ഭൂരിഭാഗവും അദാനി ഗ്രൂപ്പിന്റെ രണ്ട് ഉപസ്ഥാപനങ്ങളിലേക്ക് വിഭജിച്ചു നല്‍കാനാണ് ഇന്ത്യന്‍ ധനമന്ത്രാലയം എല്‍.ഐ.സിയോട് നിർദേശിച്ചതെന്നും അവർ പുറത്തുവിട്ടു. ഒന്നാമത്തേത് അദാനി പോര്‍ട്സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡും രണ്ടാമത്തേത് അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡുമാണ്.
കടം പെരുകിയതോടെ അദാനി ഗ്രൂപ്പിന് വേണ്ടി എല്‍.ഐ.സി, നീതി ആയോഗ് എന്നിവയുമായി ചേര്‍ന്ന് ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ ഫിനാന്‍ഷ്യല്‍ സര്‍വിസസ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ പ്രത്യേക നിക്ഷേപ പദ്ധതി ആവിഷ്‌കരിക്കുകയായിരുന്നു. ഇതിന് ധനകാര്യമന്ത്രാലയം അനുമതിയും നല്‍കി. അതേസമയം, സംഭവം വിവാദമായിട്ടും വിഷയത്തില്‍ നീതി ആയോഗ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചിട്ടില്ല.
എന്നാൽ, ഒരു പൊതുഫണ്ടിന്റെ ദുരുപയോഗമാണ് നടന്നതെന്നാണ് ഇതിനെതിരെ ഉയരുന്ന വിമര്‍ശനം. രാജ്യത്തേറ്റവും ഉന്നത രാഷ്ട്രീയബന്ധങ്ങളുള്ള വ്യവസായിയുടെ കമ്പനിയിലേക്ക് രാജ്യത്തെ നികുതിദായകരുടെ പണം എത്തിക്കാനുള്ള മോദി സര്‍ക്കാറിന്റെ വിപുല പദ്ധതിയുടെ ഭാഗമായി ഇതിനെ കാണുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഗൗതം അദാനിയുടെ ദീര്‍ഘകാല ബന്ധം പരസ്യമാണ്.
മാത്രമല്ല, അദാനിക്ക് കൂടുതല്‍ ബിസിനസ് പ്രതസിന്ധികൾ ഉണ്ടായാല്‍, ഇന്ത്യയിലെ ഗ്രാമീണ/ദരിദ്ര ജനതയുടെ കൈത്താങ്ങായ എല്‍.ഐ.സിയെ ഗുരുതരമായി അപകടത്തിലാഴ്ത്തുമെന്നും നിരീക്ഷകർ പറയുന്നു.
അതേസമയം, വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് എൽ.ഐ.സി നിഷേധിച്ചു. റിപ്പോർട്ട് തെറ്റും അടിസ്ഥാനരഹിതവും ആണെന്ന് പറഞ്ഞ എൽ.ഐ.സി പൊതുമേഖലാ കമ്പനി എല്ലാ നിക്ഷേപ തീരുമാനങ്ങളും സ്വതന്ത്രമായി എടുക്കുന്നുവെന്നും, ജാഗ്രതയോടെ ബോർഡ് അംഗീകരിച്ച നയങ്ങൾ വഴി നയിക്കപ്പെടുന്നുവെന്നും വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.