കൊൽക്കത്ത: പശ്ചിമബംഗാളിൽ എസ്.ഐ.ആർ നടപടികൾ ആരംഭിക്കുന്നതിന് മുന്നോടിയായി വ്യാജ ജനന സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തെന്ന ആരോപണത്തിൽ വ്യാപക പരിശോധന ആരംഭിക്കാന്‍ സംസ്ഥാന സർക്കാർ. 2025ലെ എസ്.ഐ.ആർ നടപടികൾക്ക് മുമ്പായി വിതരണം ചെയ്ത സർട്ടിഫിക്കറ്റുകളുടെ എണ്ണം വർധിച്ചുവെന്നാണ് സർക്കാറിന്‍റെ വാദം. പരിശോധനയുടെ ഭാഗമായി വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ ജനന മരണസർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട എല്ലാ രജിസ്റ്ററുകളും പിടിച്ചെടുക്കാന്‍ സർക്കാർ വ്യാഴാഴ്ചയാണ് ഉത്തരവിട്ടത്. മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും സൂക്ഷിച്ചിരുന്ന എല്ലാ രജിസ്റ്ററുകളും ഞങ്ങൾ ശേഖരിക്കുന്നുണ്ട്. വിവരങ്ങൾ ശേഖരിച്ച ശേഷം രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ രജിസ്റ്ററുകൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് തിരികെ നൽകും എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
വ്യാജ സർട്ടിഫിക്കറ്റുകൾ ഏറ്റവും കൂടുതൽ വിതരണം ചെയ്തത് മുസ്‍ലിം ഭൂരിപക്ഷ ജില്ലകളായ മുർഷിദാബാദ്, മാൾഡ, നോർത്ത് ദിനാജ്പൂർ എന്നിവിടങ്ങളിലാണെന്നാണ് ആരോപിക്കപ്പെടുന്നത്. തിരിച്ചറിയുന്നതിനായി ഏകദേശം മൂന്ന് മാസത്തോളം നീണ്ട സൂക്ഷ്മ പരിശോധന ആവശ്യമാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. അതേ സമയം ഇതൊരു ശുദ്ധിക്രിയയാണെന്നാണ് ചീഫ് സെക്രട്ടറി മനോജ് കുമാർ അഗർവാളിന്‍റെ വാദം. യഥാർഥ സർട്ടിഫിക്കറ്റ് കൈവശമുള്ളവർ പരിഭ്രമിക്കേണ്ട കാര്യമില്ല. വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയവർക്കെതിരെ കർശന നടപടിയുണ്ടാകും എന്ന് അദ്ദേഹം കൂട്ടി ചേർത്തു. അന്വേഷണത്തിന്‍റെ ഭാഗമായി കൊൽക്കത്ത നഗരസഭയടക്കം ബംഗാളിലെ വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ പൊലീസ് റെയ്ഡ് നടത്തി. സർക്കാർ നിർദ്ദേശങ്ങൾ അനുസരിച്ചാണ് തിരച്ചിൽ നടത്തുന്നത്. അന്വേഷണം പൂർത്തിയാകുന്നതുവരെ ഒരു നിഗമനത്തിലും എത്തരുത് എന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചു. അതേ സമയം പഞ്ചായത്തുകളിലെയും മറ്റ് തദ്ദേശസ്ഥാപനങ്ങളിലെയും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് ജനന-മരണ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യാന്‍ ഇനി മുതൽ കഴിയില്ലെന്ന് അധികൃതർ വ്യക്തമാക്കി. ജനന-മരണ സർട്ടിഫിക്കറ്റുകൾ നൽകാൻ നിയുക്ത സർക്കാർ ഉദ്യോഗസ്ഥർക്ക് മാത്രമേ അധികാരമുള്ളൂ.
എസ്.ഐ.ആർ സമയത്ത് വ്യാജ ജനന-മരണ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തുവെന്ന് പരാതികൾ ലഭിച്ചതായി ചീഫ് സെക്രട്ടറി പറയുന്നു. ഇവ ഉപയോഗിച്ച് തിരിച്ചറിയൽ രേഖകൾ നിർമിച്ചുവെന്ന പരാതി സംസ്ഥാന പോലീസ് മേധാവിക്കും ലഭിച്ചിരുന്നു. ചില കേസുകൾ കൊൽക്കത്ത ഹൈകോടതിയുടെ പരിഗണനയിലാണെന്നും ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പും അന്വേഷണം നടത്തുന്നുണ്ടെന്നും അഗർവാൾ പറഞ്ഞു.
എസ്.ഐ.ആർ പ്രക്രിയയിലൂടെ മുസ്ലിം ഭൂരിപക്ഷ ജില്ലകളിലും നിയമസഭാ മണ്ഡലങ്ങളിലും വോട്ടർമാരെ ഒഴിവാക്കിയതിൽ പ്രകടമായ അസന്തുലിതാവസ്ഥയുണ്ടായിരുന്നു. ഭാരതീയ ജനതാ പാര്‍ട്ടിയും (ബി.ജെ.പി) തൃണമൂൽ കോൺഗ്രസും (ടി.എം.സി) നേടിയ ആകെ വോട്ടുകളിലെ വ്യത്യാസം എസ്.ഐ.ആർ വഴി നീക്കം ചെയ്ത വോട്ടുകളുടെ ആകെ എണ്ണത്തിന് സമാനമായിരുന്നു. വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനാലാണ് പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയം നേടിയതെന്ന് ടി.എം.സി വ്യക്തമാക്കിയിരുന്നു. എന്നാൽ 294 സീറ്റുകളിൽ 207 സീറ്റുകൾ നേടി ആദ്യമായി അധികാരത്തിലെത്തിയ ബി.ജെ.പി ഈ വാദം തള്ളി. ടി.എം.സിക്ക് 80 സീറ്റ് മാത്രമാണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.