കൊൽക്കത്ത: രണ്ടുതവണ എം.എൽ.എയും ബി.ജെ.പി നേതാവുമായ തപസി മൊണ്ടൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. മൊണ്ടലിന്റെ രണ്ടാമത്തെ കൂടുമാറ്റമാണിത്. മുൻപ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയിൽ (സി.പി.ഐ.എം.) അംഗമായിരുന്ന മൊണ്ടൽ പ്രതിപക്ഷ നേതാവും നന്ദിഗ്രാമിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എയുമായ സുവേന്ദു അധികാരിയുടെ അടുത്തയാളായിരുന്നു.
ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു വർഷം മുമ്പാണ് മൊണ്ടലിന്റെ തൃണമൂലിലേക്കുള്ള കൂടുമാറ്റം. അധികാരിയുടെ ശക്തികേന്ദ്രമായ ഹാൽദിയ തുറമുഖ പട്ടണം സ്ഥിതി ചെയ്യുന്ന പുർബ മേദിനിപൂരിൽ ബിജെപിക്ക് ഒരു തിരിച്ചടിയായി ഇത് കണക്കാക്കപ്പെടുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ മുഖ്യമന്ത്രി മമത ബാനർജിയെ 1,956 വോട്ടുകൾക്ക് അധികാരി പരാജയപ്പെടുത്തിയിരുന്നു.
ബി.ജെ.പി സംസ്ഥാനത്ത് വർഗീയ സംഘർഷങ്ങൾ ആളിക്കത്തിക്കാൻ ശ്രമിക്കുകയാണ്. അവർ പിന്തുടരുന്ന വർഗീയ രാഷ്ട്രീയം സംസ്ഥാനത്തെ ജനങ്ങൾ ആവർത്തിച്ച് നിരസിച്ചു. പാർട്ടിക്കുള്ളിൽ ഞാൻ ഇത് പറയാൻ ശ്രമിച്ചെങ്കിലും പാർട്ടി എന്നെ അവഗണിച്ചു. അത്തരം രാഷ്ട്രീയം എനിക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് മൊണ്ടൽ മാധ്യമങ്ങളോട് പറഞ്ഞു. അതുകൊണ്ട് മുഖ്യമന്ത്രി മമത ബാനർജിയുടെ വികസന പ്രവർത്തനങ്ങളിൽ ഭാഗമാകാൻ ഞാൻ തൃണമൂൽ കോൺഗ്രസ്സിൽ ചേരുന്നുവെന്നും മണ്ഡൽ കൂട്ടിച്ചേർത്തു. സംസ്ഥാന വൈദ്യുത-യുവജനകാര്യ മന്ത്രി ശ്രീ. അരുൺ ബിശ്വാസ് ഔദ്യോഗികമായി മൊണ്ടലിന് പാർട്ടി അംഗത്വം നൽകി.
ബി.ജെ.പിയുടെ ഹാൽദിയ എം.എൽ.എ തപസി മൊണ്ടലിനെ കോൺഗ്രസ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതായും ബി.ജെ.പി രാഷ്ട്രീയത്തോടുള്ള വർധിച്ചുവരുന്ന നിരാശയുടെ തെളിവാണ് ഞങ്ങളോടൊപ്പം ചേരാനുള്ള മണ്ടലിന്റെ തീരുമാനമെന്നും സാമൂഹ്യ മാധ്യമമായ എക്സ്സിൽ തൃണമൂൽ കുറിച്ചു.
2016ൽ സി.പി.ഐ.എം സ്ഥാനാർത്ഥിയായി ഹാൽദിയയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മൊണ്ടൽ നാല് വർഷത്തിന് ശേഷം ബി.ജെ.പിയിൽ ചേരുകയും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂലിന്റെ സ്വപൻ നാസ്കറിനെ 15,000ത്തിലധികം വോട്ടുകൾക്ക് പരാജയപ്പെടുത്തുകയും ചെയ്തു. കേന്ദ്ര സർക്കാരിൽ നിന്നും ഒരു ആനുകൂല്യവും ലഭിക്കാത്ത മൊണ്ടൽ ഹാൽദിയയിലെ ജനങ്ങൾക്കായി ഒന്നും ചെയ്യാൻ സാധിച്ചില്ലായെന്ന് അവകാശപ്പെടുന്നു. അതിനാൽ കൂടിയാണ് തൃണമൂലിൽ ചേർന്നത്. അത് കൂടുതൽ വികസന പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ സാധിക്കുമെന്നും മൊണ്ടൽ അഭിപ്രായപ്പെട്ടു.
എന്നാൽ മൊണ്ടലിന്റെ പാർട്ടി മാറ്റം ബി.ജെ.പിയെ ബാധിക്കില്ലെന്ന് മുതിർന്ന നേതാവായ സുവേന്ദു അധികാരി പറഞ്ഞു. മൊണ്ടലിന്റെ ഈ മാറ്റം ജനങ്ങൾ നിരീക്ഷിക്കുന്നുണ്ട്. വരുന്ന തിരഞ്ഞെടുപ്പിൽ ജനം മറുപടി കൊടുക്കുമെന്നും മൊണ്ടൽ പാർട്ടിയിൽ ജില്ലാ പ്രസിഡറ്റും എം.എൽ.എയും ആകാൻ ആഗ്രഹിച്ചു. പക്ഷെ നേതൃതം അത് നിരസിച്ചു. തുടർന്നായിരുന്നു മൊണ്ടലിന്റെ തീരുമാനമെന്ന് അധികാരി പറഞ്ഞു.
തൃണമൂൽ കോൺഗ്രസിൽ ചേരുന്ന ആദ്യത്തെ ബി.ജെ.പി നിയമസഭാംഗമല്ല മൊണ്ടൽ. 2021ലെ തിരഞ്ഞെടുപ്പിൽ 77 സീറ്റുകൾ നേടിയ ബി.ജെ.പിയുടെ 12 എം.എൽ.എമാർ ഭരണകക്ഷിയിൽ ചേർന്നിരുന്നു. കൂടാതെ രണ്ട് ബി.ജെ.പി എം.പിമാരും തൃണമൂലിൽ ചേർന്നിരുന്നു. 2024ലെ പൊതു തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ബാരക്പൂരിലെ അർജുൻ സിങ് ബി.ജെ.പിയിലേക്ക് മടങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.