രാഹുൽ ഗാന്ധി
ന്യൂഡൽഹി: ഇന്ത്യയിൽ ജനാധിപത്യം പരസ്യമായി കശാപ്പ് ചെയ്യപ്പെടുന്നുവെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ‘ദശലക്ഷക്കണക്കിന് ബി.ജെ.പി പ്രവർത്തകർ വിവിധ സംസ്ഥാനങ്ങളിൽ ഒന്നിലധികം വോട്ടുചെയ്ത് കറങ്ങി നടക്കുന്നു. ബി.ജെ.പിയും തെരഞ്ഞെടുപ്പ് കമീഷനും പരസ്യമായി വോട്ട് മോഷ്ടിക്കുകയാണ്,’ രാഹുൽ എക്സിൽ കുറിച്ചു.
2024 ലോക്സഭ തെരഞ്ഞെടുപ്പിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ജില്ല തെരഞ്ഞെടുപ്പ് ഓഫീസർമാരുടെ പക്കലില്ലെന്നും നശിപ്പിച്ചെന്നും വ്യക്തമാക്കി ഡെൽഹി ഹൈകോടതിയിൽ തെരഞ്ഞെടുപ്പ് കമീഷൻ നൽകിയ സത്യവാങ്മൂലം പരാമർശിക്കുന്ന മാധ്യമറിപ്പോർട്ട് പങ്കിട്ടായിരുന്നു രാഹുലിന്റെ കുറിപ്പ്. ബിഹാറടക്കം സംസ്ഥാനങ്ങളിൽ വോട്ട് കൊള്ള പരാതികൾ ഉന്നയിക്കുന്ന കോൺഗ്രസിന്റെ മുമ്പത്തെ പോസ്റ്റും രാഹുൽ ഗാന്ധി ഉയർത്തിക്കാട്ടി.
വിവിധ സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ക്രമക്കേടുകൾ ‘ഒരുവ്യക്തി, ഒരുവോട്ട്’ തത്വത്തിന്റെ ലംഘനമാണെന്നും വോട്ടുകൊള്ളക്ക് ഉദാഹരണമാണെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു. ഓഗസ്റ്റ് മുതൽ ബി.ജെ.പിയെയും തെരഞ്ഞെടുപ്പ് കമീഷനെയും പ്രതിക്കൂട്ടിൽ നിർത്തി വോട്ടുകൊള്ള ആരോപണമുന്നയിച്ച് മൂന്ന് വാർത്തസമ്മേളനങ്ങളാണ് രാഹുൽ ഗാന്ധി നടത്തിയത്. ബിഹാറിൽ ആദ്യഘട്ട വോട്ടിംഗ് ആരംഭിക്കാനിരിക്കെ, നവംബർ അഞ്ചിന് നടത്തിയ വാർത്തസമ്മേളനത്തിൽ 2024ലെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ജയിച്ചത് വോട്ട് അട്ടിമറിയിലൂടെയാണെന്ന് രാഹുൽ ആരോപിച്ചിരുന്നു.
ഹരിയാനയിലെ വോട്ടർപ്പട്ടികയിലെ രണ്ടു കോടി വോട്ടർമാരിൽ 25 ലക്ഷത്തിലേറെയും വ്യാജ വോട്ടർമാരാണെന്നായിരുന്നു രാഹുലിന്റെ വെളിപ്പെടുത്തൽ. 5.21 ലക്ഷം ഇരട്ട വോട്ടുകളാണ്. 93174 വോട്ടുകൾ വ്യാജവിലാസങ്ങളിലാണ്. 19.26 ലക്ഷം ബൾക്ക് വോട്ടുകളാണ്. വോട്ടർപ്പട്ടികയിലെ എട്ടിലൊന്നും തട്ടിപ്പാണ്– ‘എച്ച് ഫയൽസ്’ എന്ന പേരിൽ നടത്തിയ വെളിപ്പെടുത്തലിൽ രാഹുൽ പറഞ്ഞു.
മധ്യപ്രദേശിലും ഛത്തീസ്‌ഗഡിലും മഹാരാഷ്‌ട്രയിലും വോട്ടുമോഷണത്തിലൂടെയാണ് ബി.ജെ.പി ജയിച്ചതെന്നും രാഹുൽ ആരോപിച്ചു. തെരഞ്ഞെടുപ്പ് കമീഷനും ബി.ജെ.പിയും ചേർന്നാണ് തട്ടിപ്പ് ആസൂത്രണം ചെയ്‌തത്. എട്ട് നിയമസഭാ മണ്ഡലങ്ങളിൽ 22,779 വോട്ട് മാത്രമാണ് കോൺഗ്രസും ബി.ജെ.പിയുമായുള്ള വ്യത്യാസം. ആകെ വോട്ടുവ്യത്യാസം 1.12 ലക്ഷം മാത്രം. ഒരു സ്‌ത്രീയുടെ ഫോട്ടോ തന്നെ 223 വോട്ടർമാരുടേതായി ഉപയോഗിച്ചു. 1.24 ലക്ഷം വോട്ടുകളിൽ വ്യാജ ഫോട്ടോയാണ്. ബ്രസീലിയൻ മോഡലിന്റെ ചിത്രം വരെ ഇത്തരത്തിൽ ഉപയോഗിച്ചു. വ്യാജ വോട്ടുകൾ തിരിച്ചറിയാൻ കമീഷൻ പ്രത്യേക സോഫ്‌റ്റ്‌വെയർ സംവിധാനമുണ്ടങ്കിലും ഉപയോഗിച്ചിട്ടില്ല. ബി.ജെ.പിയെ സഹായിക്കാനാണിത്. പോസ്റ്റൽ വോട്ട് എണ്ണിയപ്പോൾ ഹരിയാനയിൽ 73 മണ്ഡലങ്ങളിൽ കോൺഗ്രസ് മുന്നിലായിരുന്നു. ബി.ജെ.പി പതിനേഴിടത്ത് മാത്രമാണ് ലീഡ് ചെയ്‌തിരുന്നത്. എന്നാൽ ബാലറ്റ് വോട്ട് എണ്ണിയപ്പോൾ ബി.ജെ.പി 48 സീറ്റുനേടിയെന്നും ചൂണ്ടിക്കാണിച്ചായിരുന്നു രാഹുലിന്റെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.