രാഹുൽ ഗാന്ധിക്കെതിരെ രാജ്യദ്രോഹ കേസ് ഫയൽ ചെയ്യാൻ ബി.ജെ.പി

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പിക്കെതിരെ ആയിരം രാജ്യദ്രോഹ കേസുകൾ ഫയൽ ചെയ്യാൻ അസം ബി.ജെ.പി. രാഹുൽ ഗാന്ധിയുടെ ട്വീറ്റിലെ വരികൾ രാജ്യദ്രോഹമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി പരാതി നൽകുന്നത്. യോഗി ആദിത്യനാഥിന്‍റെ വിവാദ പരാമർശത്തിന് രാഹുൽ മറുപടി നൽകിയ ട്വീറ്റാണ് ബി.ജെ.പി വിവാദമാക്കാൻ ശ്രമം നടത്തുന്നത്.

വോട്ട് ചെയ്യുന്നതിൽ അബദ്ധം പറ്റിയാല്‍ ഉത്തര്‍പ്രദേശ് കശ്മീരോ കേരളമോ പശ്ചിമ ബംഗാളോ ആയി മാറുമെന്നായിരുന്നു ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെ യോഗിയുടെ ട്വീറ്റ്. ഇത് വലിയ വിവാദമായി മാറുകയും ചെയ്തു. രാഹുൽ ഗാന്ധിയും യോഗിക്ക് മറുപടിയുമായി രംഗത്തെത്തി. കശ്മീര്‍ മുതല്‍ കേരളം വരെയും ഗുജറാത്ത് മുതല്‍ പശ്ചിമ ബംഗാള്‍ വരെയും ഇന്ത്യ എല്ലാ നിറങ്ങളിലും മനോഹരമാണെന്നായിരുന്നു രാഹുലിന്‍റെ മറുപടി. സംസ്‌കാരം, ഭാഷ, മനുഷ്യര്‍, സംസ്ഥാനങ്ങള്‍ എന്നിവയിലെ വൈവിധ്യങ്ങളാണ് ഇന്ത്യയെ മഹത്തരമാക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

'ഗുജറാത്ത് മുതല്‍ പശ്ചിമ ബംഗാള്‍ വരെ' എന്ന് പറഞ്ഞതിലൂടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ രാഹുൽ മന:പൂർവം ഒഴിവാക്കിയെന്ന തരത്തിൽ വിവാദം സൃഷ്ടിക്കാൻ ഇതിന് പിന്നാലെ ശ്രമം നടന്നു. അസം, ത്രിപുര, മണിപ്പൂർ മുഖ്യമന്ത്രിമാർ രാഹുൽ വടക്കു-കിഴക്കിനെ ഒഴിവാക്കിയെന്നാരോപിച്ചിരുന്നു. ഇത് ആയുധമായെടുത്താണ് ബി.ജെ.പി രാഹുലിനെതിരെ നീങ്ങുന്നത്.

ഗുജറാത്ത് മുതൽ പശ്ചിമബംഗാൾ വരെ എന്ന് പറഞ്ഞതിലൂടെ രാഹുൽ ഗാന്ധി, അരുണാചൽ പ്രദേശിനെ ഒഴിവാക്കിയിരിക്കുകയാണെന്ന് അസം ബി.ജെ.പി ആരോപിക്കുന്നു. അരുണാചൽ പ്രദേശ് തങ്ങളുടേതാണെന്ന ചൈനയുടെ വാദം അംഗീകരിക്കുന്നതാണ് രാഹുലിന്‍റെ ട്വീറ്റെന്നും ഇത് രാജ്യദ്രോഹമാണെന്നുമാണ് ഹിന്ദുത്വ പാർട്ടിയുടെ വാദം. ആയിരം പരാതികളാണ് രാഹുലിനെതിരെ നൽകുക.

നേരത്തെ, രാഹുലിനെതിരെ വിമർശനവുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് രംഗത്തെത്തിയിരുന്നു. രാഹുലിന്‍റെ പൂർവികർ ചെയ്തത് പോലെ അദ്ദേഹവും വടക്കുകിഴക്കിനെ അവഗണിച്ചിരിക്കുകയാണെന്നും ഈ അജ്ഞതയാണ് കോൺഗ്രസിനെ രാജ്യത്തുനിന്ന് തന്നെ തുടച്ചുനീക്കുന്നതെന്നും ബിപ്ലബ് ദേബ് പറഞ്ഞു. 

Tags:    
News Summary - BJP Assam to file sedition cases against Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.