ഓൺലൈൻ മണി ഗെയിമുകളുടെ പ്രമോഷൻ ക്രിമിനൽക്കുറ്റമാക്കാൻ ബില്ലുമായി കേന്ദ്രം; ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും

ന്യൂഡൽഹി: ഓൺലൈൻ മണിഗെയിമുകൾ പ്രമോട്ട് ചെയ്യുന്നത് ക്രിമിനൽക്കുറ്റമാക്കുന്ന ബില്ല് ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. ബിൽ പാസായാൽ ഇവയുടെ പ്രമോഷനുവേണ്ടി സാമ്പത്തിക വിനിമയം നടത്തുന്ന ബാങ്കുകൾ, സാമ്പത്തിക സ്ഥാപനങ്ങൾ,വ്യക്തികൾ എന്നിവരും നിയമ നടപടി നേരിടേണ്ടി വരും.

ബിൽ ഇലക്ട്രോണിക് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രി അശ്വിനി വൈഷ്ണവ് ലോക് സഭയിൽ അവതരിപ്പിക്കും.  ഇ-സ്പോർട്സ്, എഡ്യൂക്കേഷണൽ ഗെയിമുകൾ, സോഷ്യൽ ഗെയിമുകൾ, തുടങ്ങിയവയുടെ മേൽനോട്ടത്തിനും അവയെ നിയന്ത്രിക്കുന്നതിനും റെഗുലേറ്ററി അതോറിറ്റിയെ നിയമിക്കണമെന്ന് ബില്ലിൽ പറയുന്നു. ഏതെങ്കിലും കംപ്യൂട്ടർ റിസോഴ്സുകൾ, മൊബൈൽ ഡിവൈസുകൾ, ഇന്‍റർനെറ്റ് തുടങ്ങിയവ വഴി മണി ഗെയിമുകൾ പ്രചരിപ്പിക്കുന്നതും ഓപ്പറേറ്റ് ചെയ്യുന്നതും പരസ്യം ചെയ്യുന്നതും കുറ്റകരമാകും. പ്രത്യേകിച്ച് വിദേശത്ത് നിന്ന് കൈകാര്യം ചെയ്യുന്നവ.

ഓൺലൈൻ ഗെയിമുകൾ ഉണ്ടാക്കുന്ന സാമൂഹിക, സാമ്പത്തിക, മാനസിക, സ്വകാര്യതാ പ്രത്യാഘാതങ്ങളിൽ നിന്ന് യുവാക്കളെ സംരക്ഷിക്കുകയാണ് ബില്ലിന്‍റെ ലക്ഷ്യം. ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ ഉത്തരവാദിത്തത്തോടെയുള്ള ഉപയോഗവും പൊതു ക്രമം നിലനിർത്താനും പൊതുജനാരോഗ്യം സംരക്ഷിക്കാനും ബില്ല് ലക്ഷ്യമിടുന്നു.

മണി ഗെയിമിങ് പ്ലാറ്റ് ഫോമുകൾ പ്രമോട്ട് ചെയ്യുന്നവർക്ക് പിഴ ചുമത്തുന്നതിനൊപ്പം വീണ്ടും ആവർത്തിക്കുന്നവർക്ക് കടുത്ത ശിക്ഷയും ബില്ല് ശിപാർശ ചെയ്യുന്നു. ബില്ല് പാസായാൽ മണിഗെയിമുകൾ നിരോധിക്കുകയും അവയുമായി ബന്ധപ്പെട്ട വസ്തു വകകൾ കണ്ടുകെട്ടുകയും ചെയ്യും.

കള്ളപ്പണം വെളുപ്പിക്കലുൾപ്പെടെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് വ്യാപകമായി ഓൺലൈൻ മണി ഗെയമുകൾ ഉപയോഗിക്കുന്നുണ്ടെന്നാണ് അധികൃതർ പറയുന്നു. ഓഫ്ഷോർ ഗെയിമിങ് പ്ലാറ്റ് ഫോമുകൾ നികുതി വെട്ടിപ്പു വ്യാപകമായി നടത്തുന്നുണ്ട്. ഓൺലൈൻ ഗെയിമിങ് മേഖലയെ നിയന്ത്രിക്കാൻ രാജ്യത്ത് ഒരു റെഗുലേറ്ററി സംവിധാനം ഇല്ലാത്തത് തോന്നിയപടി പ്രവർത്തിക്കാൻ ഇത്തരം പ്ലാറ്റ് ഫോമുകളെ പ്രേരിപ്പിക്കുന്നു.

ഇ-സ്പോർട്സിന് ഔപചാരിക അംഗീകാരം നൽകുന്ന ബിൽ, ആഗോള മത്സരാധിഷ്ഠിത ഗെയിമിംഗ് ആവാസവ്യവസ്ഥ  പ്രയോജനപ്പെടുത്താൻ ഇന്ത്യയെ സഹായിക്കും. യുവാക്കൾക്ക് പുതിയ തൊഴിൽ അവസരങ്ങൾ തുറക്കാനും ഇത് സഹായിക്കും. റെഗുലേറ്ററി അതോറിറ്റി വരുന്നതോടെ ഇ-സ്പോർട്സ്, സോഷ്യൽ ഗെയിമിങ് മേഖലയിൽ കൂടുതൽ നിക്ഷേപങ്ങൾ ഉണ്ടാകുമെന്നാണ്  കരുതുന്നത്.  20 കോടി രൂപയുടെ വാർഷിക ആവർത്തന ചെലവുള്ള ഒരു പുതിയ നിയന്ത്രണ അതോറിറ്റി സ്ഥാപിക്കാനാണ് ബിൽ ലക്ഷ്യമിടുന്നത്. ബില്ലിന് മന്ത്രിസഭാ അംഗീകാരം ലഭിച്ചാൽ ആറ് മാസത്തിനുള്ളിൽ ആവശ്യമായ നടപടികൾ ആരംഭിക്കും.

Tags:    
News Summary - bill to criminalize online money game

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.