ബിൽക്കീസ് ബാനു കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട കുറ്റവാളികളിലൊരാളെ കോടതിയിലേക്ക് കൊണ്ടുവരുന്നു (ഫയൽ ഫോട്ടോ -പി.ടി.ഐ)

ബിൽക്കീസ് ബാനു കേസ്: ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 11 പ്രതികളെയും ഗുജറാത്ത് സർക്കാർ ഇളവ് നൽകി വിട്ടയച്ചു

അഹമ്മദാബാദ്: ബിൽക്കീസ് ബാനു കൂട്ട ബലാത്സംഗക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളെയും ഗുജറാത്ത് സർക്കാർ വിട്ടയച്ചു. കൂട്ടബലാത്സംഗത്തിനും ബിൽക്കീസ് ബാനുവിന്റെ കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തിയതിനും 2008 ജനുവരി 21ന് മുംബൈയിലെ സി.ബി.ഐ കോടതിയാണ് ഇവരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഇവരുടെ ശിക്ഷ പിന്നീട് ബോംബെ ഹൈകോടതി ശരിവെച്ചു.

15 വർഷത്തെ ജയിൽവാസത്തിന് ശേഷം പ്രതികളിലൊരാൾ ജയിൽ മോചനം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ശിക്ഷാ ഇളവ് സംബന്ധിച്ച വിഷയം പരിശോധിക്കാൻ ഗുജറാത്ത് സർക്കാരിനോട് സുപ്രിംകോടതി നിർദ്ദേശിച്ചതിനെ തുടർന്ന് സർക്കാർ ഒരു കമ്മിറ്റി രൂപീകരിച്ചതായി പാനലിന്റെ തലവനായ പഞ്ച്മഹൽസ് കളക്ടർ സുജൽ മയ്ത്ര പറഞ്ഞു.


ഏതാനും മാസങ്ങൾക്ക് മുമ്പ് ഒരു കമ്മറ്റി രൂപീകരിക്കുകയും 11 പ്രതികളെയും വിട്ടയക്കാൻ ഏകകണ്ഠമായി തീരുമാനിക്കുകയുമായിരുന്നു. ഈ ശിപാർശ സർക്കാറിന് അയച്ചിരുന്നു. ഇന്നലെയാണ് മുഴുവനാളുകളെയും വിട്ടയക്കാനുള്ള ഉത്തരവ് ലഭിച്ചത്- മയ്ത്ര പറഞ്ഞു.



ഗുജറാത്ത് കലാപത്തിനിടെ 2002 മാർച്ച് മൂന്നിനായിരുന്നു ബൽക്കീസ് ബാനുവിനെതിരെ കലാപകാരികളുടെ ആക്രമണമുണ്ടായത്. അഞ്ച് മാസം ഗർഭിണിയായിരുന്ന ബൽക്കീസ് ബാനുവിനെ അക്രമികൾ ക്രൂരമായി ബലാത്സംഗം ചെയ്തു. ഇവരുടെ കുടുംബത്തിലെ ഏഴ് സ്ത്രീകളെയാണ് അക്രമികൾ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത്. തുടർന്ന് ബൽക്കീസ് ബാനു നടത്തിയ നിയമപോരാട്ടത്തെ തുടർന്ന് അവർക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരവും സർക്കാർ ജോലിയും വീടും നൽകാൻ സുപ്രീംകോടതി സംസ്ഥാന സർക്കാറിനോട് നിർദേശിച്ചിരുന്നു.

Tags:    
News Summary - Bilkis Bano gang-rape: All 11 life imprisonment convicts walk out of Godhra jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.