ന്യൂഡൽഹി: ‘വോട്ട് ബന്ദി’യെന്ന് പ്രതിപക്ഷവും ബിഹാറുകാരും വിളിക്കുന്ന വോട്ടർപട്ടിക തീവ്രപുനഃപരിശോധനക്കെതിരെ ഇന്ന് ഇൻഡ്യ സഖ്യത്തിന്റെ ബിഹാർ ബന്ദ്. സംസ്ഥാനത്തെ റോഡുകൾ ഉപരോധിക്കുകയും വാഹന ഗതാഗതം തടയുകയും ചെയ്യുന്ന ‘സമ്പൂർണ പണിമുടക്കി’ന് നേതൃത്വം കൊടുക്കാൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ബുധനാഴ്ച രാവിലെ പട്നയിൽ എത്തും. അടിയന്തര സേവനങ്ങളെ ബന്ദിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ബിഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവിനൊപ്പം രാഹുൽ ഗാന്ധി പട്നയിലെ ‘ഇൻകം ടാക്സ് കവല മുതൽ നിയമസഭക്കടുത്തുള്ള രക്തസാക്ഷി സ്മാരകം വരെയും അവിടെനിന്ന് പട്നയിലെ തെരഞ്ഞെടുപ്പ് കമീഷൻ ഓഫിസിലേക്കും മാർച്ച് നയിക്കും. സാധാരണക്കാരുടെയും വോട്ടർമാരുടെയും ആശങ്ക ബിഹാർ ബന്ദിൽ പ്രതിഫലിക്കുമെന്ന് തേജസ്വി യാദവും ബിഹാർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാജേഷ് കുമാറും വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ബിഹാർ സ്തംഭിക്കുന്ന ബന്ദിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ മുഴുവൻ പ്രതിപക്ഷ കക്ഷികളും അണിനിരക്കുമെന്നും തേജസ്വി യാദവ് പറഞ്ഞു. ഈ മാസം അഞ്ചിന് ആർ.ജെ.ഡി പ്രതിനിധി സംഘം കമീഷനെ കണ്ട് വോട്ടർപട്ടിക തീവ്രപുനഃപരിശോധനയെകുറിച്ചുള്ള ആശങ്കകളും സംശയങ്ങളും ഉന്നയിച്ചതാണ്. എന്നാൽ, അവക്ക് കമീഷൻ മറുപടിയോ വിശദീകരണമോ നൽകിയിട്ടില്ല.
ബിഹാറിലെ തെരഞ്ഞെടുപ്പ് കമീഷൻ ഓഫിസ് പോസ്റ്റ് ഓഫിസ് പോലെയാണ് പ്രവർത്തിക്കുന്നതെന്നും ചോദ്യങ്ങൾക്ക് ഉത്തരം നൽകാനാകുന്നില്ലെന്നും തേജസ്വി കൂട്ടിച്ചേർത്തു. വോട്ടർപട്ടികയിൽ പേര് നിലനിർത്താൻ തെരഞ്ഞെടുപ്പ് കമീഷൻ ആവശ്യപ്പെടുന്ന 11 രേഖകൾ ബിഹാറിലെ 90 ശതമാനം ആളുകളുടെയും പക്കൽ ഇല്ലെന്ന് രാജേഷ് കുമാർ പറഞ്ഞു. അവ സംഘടിപ്പിക്കാൻ വളരെയധികം സമയമെടുക്കും. എന്നിട്ടും ഇതു വളരെ തിടുക്കത്തിൽ ചെയ്യുന്നത് വോട്ടവകാശം നിഷേധിക്കാനുള്ള തന്ത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.