വോട്ടർ ലിസ്റ്റിന്റെ പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: വോട്ടുകൊള്ള വിവാദങ്ങൾക്കിടയിൽ പ്രത്യേക തീവ്രപരിശോധന (എസ്.ഐ.ആർ) പൂർത്തിയാക്കി ബിഹാറിലെ അന്തിമ വോട്ടർപട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ പ്രസിദ്ധീകരിച്ചു. 65 ലക്ഷം പേരെ നീക്കിയ ആഗസ്റ്റ് ഒന്നിലെ കരട് വോട്ടർപട്ടികയിൽനിന്ന് 3.66 ലക്ഷം പേരെ കൂടി വെട്ടിമാറ്റിയും 21.53 ലക്ഷം പേരെ പുതുതായി കൂട്ടിച്ചേർത്തും തയാറാക്കിയ അന്തിമ വോട്ടർപട്ടികയിൽ ആകെ 7.42 കോടി പേർക്കാണ് വോട്ടവകാശം അനുവദിച്ചത്. ഇതോടെ ഈ വർഷം ജൂൺ 24 വരെ 7.89 കോടി വോട്ടർമാരുണ്ടായിരുന്ന ബിഹാറിൽ എസ്.ഐ.ആറിലൂടെ വെട്ടിമാറ്റിയ ആകെ വോട്ടർമാർ 68.66 ലക്ഷമായി.
തെരഞ്ഞെടുപ്പ് കമീഷന്റെ ലിങ്ക് ക്ലിക്ക് ചെയ്താൽ തങ്ങളുടെ പേരുകൾ വോട്ടർപട്ടികയിൽ ഉണ്ടോ എന്ന കാര്യം വോട്ടർമാർക്ക് അറിയാമെന്ന് കമീഷൻ വ്യക്തമാക്കി. ഇതു കൂടാതെ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും അന്തിമ വോട്ടർപട്ടികയുടെ ഹാർഡ്, സോഫ്റ്റ് കോപ്പികൾ നൽകിയിട്ടുണ്ട്. തങ്ങൾക്ക് ലഭിച്ച എല്ലാ പരാതികളും ആക്ഷേപങ്ങളും കണക്കിലെടുത്ത് ഭരണഘടന അനുച്ഛേദം 326 പ്രകാരം യോഗ്യതയുള്ള വോട്ടർമാരെ ഒഴിവാക്കാതെയും അയോഗ്യതയുള്ള ഒരു വ്യക്തിയെയും ഉൾപ്പെടുത്താതെയും ആണ് വോട്ടർപട്ടിക തയാറാക്കിയിരിക്കുന്നത് എന്ന് കമീഷൻ അവകാശപ്പെട്ടു.
ബിഹാറിൽ വോട്ടർപട്ടിക പ്രത്യേക തീവ്രപരിഷ്കരണം വിജയമാക്കിയതിന് എല്ലാവർക്കും മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ നന്ദി പറഞ്ഞു കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ പ്രസിദ്ധീകരിച്ച എസ്.ഐ.ആർ അന്തിമ വോട്ടർപട്ടികയിൽനിന്ന് വെട്ടിമാറ്റപ്പെട്ടവർക്കും ഇതിനെക്കുറിച്ച് പരാതിയുള്ളവർക്കും 1950-ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ 24-ാം വകുപ്പു പ്രകാരം അപ്പീലിനുള്ള വഴി മാത്രമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ തുറന്നുവെച്ചിരിക്കുന്നത്.
വോട്ടർപട്ടികയിൽ പേരുചേർക്കുന്നതുമായി ബന്ധപ്പെട്ട് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർ (ഇ.ആർ.ഒ) കൈക്കൊണ്ട തീരുമാനത്തിൽ ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ അവർ ജില്ല മജിസ്ട്രേറ്റിനെ സമീപിക്കണം. ജില്ല മജിസ്ട്രേറ്റിന്റെ തീരുമാനത്തിലും പരാതിയുണ്ടെങ്കിൽ രണ്ടാമത്തെ അപ്പീലുമായി സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറെ സമീപിക്കണം. സ്വാഭാവികമായും കമീഷന്റെ ഭാഗത്തുനിന്നുള്ള അന്തിമതീരുമാനമായിരിക്കും.
വോട്ടർപട്ടികയിൽ ഇനിയും പുതുതായി ചേർക്കാനുള്ള വഴിയും കമീഷൻ തുറന്നുവെച്ചിട്ടുണ്ട്. ഇനിയും ബിഹാറിൽനിന്ന് ആരെങ്കിലും പേരു ചേർക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ വരുന്ന നിയമസഭ തെരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് 10 ദിവസം മുമ്പ് വരെ അപേക്ഷകൾ സമർപ്പിക്കാമെന്നാണ് കമീഷൻ അറിയിച്ചത്.
ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എക്ക് വോട്ട് ചെയ്യാത്തവരെ കൂട്ടത്തോടെ വെട്ടി മാറ്റുന്നതിനാണ് നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പ്രത്യേക തീവ്ര പരിശോധന നടത്തിയതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. എസ്.ഐ.ആർ സ്റ്റേ ചെയ്യാൻ സുപ്രീംകോടതി തയാറായില്ല. ഏതെങ്കിലും അപാകത കണ്ടാൽ അന്തിമ പട്ടിക റദ്ദാക്കുമെന്ന് കോടതി മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.