നിതീഷ് കുമാർ 

ബിഹാർ: മുഖ്യമന്ത്രി നിതീഷ് തന്നെ?

പട്ന: ബിഹാറിൽ മുഖ്യമന്ത്രിയായി ജെ.ഡി.യു നേതാവ് നിതീഷ് കുമാർതന്നെ തുടരുമെന്ന് സൂചന. 19 സീറ്റ്‍ നേടി എൻ.ഡി.എയിൽ നിർണായക വിജയം നേടിയ ലോക് ജൻശക്തി പാർട്ടിയുടെ നേതാവും കേന്ദ്ര മന്ത്രിയുമായ ചിരാഗ് പസ്വാൻ നിതീഷിനെ വസതിയിൽ സന്ദർശിച്ച് പിന്തുണ അറിയിച്ചതോടെ മുന്നണിയിലുണ്ടായ ആശയക്കുഴപ്പങ്ങൾ നീങ്ങി. നേരത്തേ, ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പിയിൽനിന്നൊരാൾ മുഖ്യമന്ത്രിയാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. മുഖ്യമന്ത്രിയായി നിതീഷ് സത്യപ്രതിജഞ ചെയ്യുമെന്നുതന്നെയാണ് തന്റെ വിശ്വാസമെന്ന് കൂടിക്കാഴ്ചക്കുശേഷം പസ്വാൻ വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ, മുഖ്യമന്ത്രി ആരെന്ന വിഷയത്തിൽ സഖ്യകക്ഷി നേതാക്കൾ നടത്തിയ ചില പ്രസ്താവനകൾ ആശയക്കുഴപ്പത്തിനിടയാക്കിയിരുന്നു. പ്രചാരണഘട്ടത്തിൽ അപൂർവം സന്ദർഭങ്ങളിൽ മാത്രമായിരുന്നു നിതീഷിനെ എൻ.ഡി.എ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയത്. ഇക്കാര്യം ഇൻഡ്യ മുന്നണി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. ഫലം പുറത്തുവന്നപ്പോൾ ഏറ്റവും വലിയ ഒറ്റക്കക്ഷി ബി.ജെ.പി ആയ സാഹചര്യത്തിൽ മുഖ്യമന്ത്രിസ്ഥാനം നിതീഷിന് കൈവെടിയേണ്ടിവരുമെന്ന തരത്തിൽ ചില ബി.ജെ.പി കേന്ദ്രങ്ങൾ സൂചന നൽകിയതോടെയാണ് ചർച്ച ചൂടുപിടിച്ചത്.

വെള്ളിയാഴ്ച ചിരാഗ് ഉൾപ്പെടെ നേതാക്കൾ ഇക്കാര്യത്തിൽ വ്യക്തമായ മറുപടി പറയാതിരുന്നതും ആശയക്കുഴപ്പം ഇരട്ടിയാക്കി. ശനിയാഴ്ച രാവിലെ നടന്ന ചിരാഗ്-നിതീഷ് കൂടിക്കാഴ്ച നിർണായകമായിരുന്നു. നിതീഷിനെ അനുനയിപ്പിക്കാനാണ് ചിരാഗ് വസതിയിൽ നേരിട്ടെത്തിയത് എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൂടിക്കാഴ്ചക്കുശേഷം പാർട്ടിയുടെ പിന്തുണ ചിരാഗ് വ്യക്തമാക്കി. ഇതോടെ, നിതീഷ് മുഖ്യമന്ത്രി പദത്തിൽ തുടരുമെന്ന് ഉറപ്പായി.

Tags:    
News Summary - Bihar: Is it Chief Minister Nitish?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.