ബിഹാറിൽ ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹയുടെ വാഹനവ്യൂഹത്തിന് നേരെ കല്ലേറ്

പട്ന: ബിഹാറിൽ വോട്ടടുപ്പ് ദിവസം ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹയുടെ വാഹനവ്യൂഹത്തിന് നേരെ കല്ലേറ്. ലഖിസരായ് ജില്ലയിലാണ് ഉപമുഖ്യമന്ത്രിക്ക് നേരെ കല്ലുകളും ചാണകവും ചെരിപ്പും എറിഞ്ഞത്. ആക്രമണത്തിന് പിന്നിൽ ആർ.ജെ.ഡി ആണെന്ന് ബി.ജെ.പി ആരോപിച്ചു.

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ലഖിസാരായ് സീറ്റിൽ നിന്ന് സിൻഹ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. ഖോറിയാരി ഗ്രാമത്തിലേക്കുള്ള തന്റെ സന്ദർശനം തടയാൻ ശ്രമിച്ച ആർ.ജെ.ഡി അനുയായികളാണ് ആക്രമണം നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ പ്രചരിക്കുന്നുണ്ട്. ദൃശ്യങ്ങളിൽ സിൻഹയുടെ വാഹനവ്യൂഹത്തിന് ചുറ്റും ജനക്കൂട്ടം മുദ്രാവാക്യം വിളിക്കുകയും അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തെ തടയുകയും ചെയ്യുന്നത് കാണാം.

“ഇവർ ആർ.ജെ.ഡിയുടെ ഗുണ്ടകളാണ്. എൻ.ഡി.എ വീണ്ടും അധികാരത്തിൽ വരുമെന്ന് അവർക്കറിയാം. അതുകൊണ്ടാണ് അവർ ഗുണ്ടായിസം നടത്തിയത്. അവർ എന്റെ പോളിങ് ഏജന്റിനെ പിന്തിരിപ്പിച്ചു. വോട്ട് ചെയ്യാൻ അനുവദിച്ചില്ല. ഖോറിയാരിയിലെ 404, 405 ബൂത്തുകളിലെ അവരുടെ പെരുമാറ്റം നോക്കൂ.” എന്നും സിൻഹ പറയുന്നത് കാണാം.

സംഭവത്തിൽ ജില്ല പൊലീസിനെ 'ഭീരുവും ദുർബലരുമാണ്' എന്നാണ് സിൻഹ വിശേഷിപ്പിച്ചത്. കേന്ദ്ര സേനയെ വിന്യസിക്കണമെന്ന് ആവശ്യപ്പെടുകയും പ്രതിഷേധ പ്രകടനം നടത്തുമെന്നും അഭിപ്രായപ്പെട്ടു. പ്രാദേശിക ഗ്രാമീണരുടെ പ്രതിഷേധമാണെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും പൊലീസ് പറഞ്ഞു.

ക്രമസമാധാനം തകർക്കാൻ ആരെയും അനുവദിക്കില്ലെന്നും കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കാൻ ബിഹാർ ഡി.ജി.പിക്ക് നിർദേശം നൽകിയതായും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ പറഞ്ഞു. ബി​ഹാ​ർ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ഒന്നാംഘട്ടത്തിൽ 18 ജില്ലകളിലെ 121 മണ്ഡലങ്ങളിലെ സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്.

1314 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ഇതിൽ 122 പേർ സ്ത്രീകളാണ്. 3.75 കോടി ജനങ്ങളാണ് ഒന്നാംഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തുക. പ്രശാന്ത് കിഷോറിന്‍റെ ജൻ സൂരജ് പാർട്ടി 119 സ്ഥാനാർഥികളെ മത്സരപ്പിക്കുന്നുണ്ട്. ഇതിൽ ഭോറയിൽ മത്സരിക്കുന്ന പ്രീതി കിന്നാർ ട്രാൻസ്ജെൻഡർ ആണ്. എസ്.ഐ.ആർ നടപ്പാക്കി തയാറാക്കിയ വോട്ടർ പട്ടികയാണ് തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്നത്. 243 സീറ്റുകളിൽ ബാക്കിയുള്ള 20 ജില്ലകളിലെ 122 മണ്ഡലങ്ങൾ ഉൾപ്പെടുന്ന രണ്ടാംഘട്ട വോട്ടെടുപ്പ് 10ന് നടക്കും. 14ന് വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും

Tags:    
News Summary - Bihar Deputy Chief Ministers convoy attacked stones thrown

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.