മുസ്‍ലിം വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ നടത്തിയ പ്രവർത്തനങ്ങളുടെ അവലോകനത്തിനായി ബിഹാർ ഡെമോക്രാറ്റിക് ഫോറം പട്നയിൽ വിളിച്ചുചേർത്ത യോഗം
പട്ന: ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിച്ച് ഫാഷിസ്റ്റ് കക്ഷികൾ വീണ്ടും അധികാരത്തിൽ എത്തുന്നത് തടയാൻ ബിഹാർ ഡെമോക്രാറ്റിക് ഫോറം (ബി. ഡി.എഫ്). സീമാഞ്ചലിലും ചമ്പാരനിലും മിഥിലാഞ്ചലിലും മഗധിലുമെല്ലാം ഈ ദിശയിലുള്ള പ്രവർത്തനങ്ങൾ നടത്തിയെന്ന് ഫോറം രൂപവത്കരണത്തിൽ നേതൃപരമായ പങ്കുവഹിച്ച ജമാഅത്തെ ഇസ്‍ലാമി അമീർ മൗലാന റിസ്വാൻ സ്വലാഹി പറഞ്ഞു. ഈ തെരഞ്ഞെടുപ്പിൽ മുസ്‍ലിം വോട്ടുകൾ നാല് സ്ഥാനാർഥികൾക്കിടയിൽ ഭിന്നിച്ചു പോകുന്ന സാഹചര്യമാണ്.
സ്ഥാനാർഥി മുസ്‍ലിം ആണെങ്കിലും അല്ലെങ്കിലും മുസ്‍ലിം വോട്ടുകൾ ഭിന്നിച്ച് പോകരുതെന്ന നിലപാടാണ് ഫോറം കൈക്കൊണ്ടത്. സ്ഥാനാർഥി മുസ്‍ലിമാണെങ്കിൽ ഓരോ സ്ഥാനാർഥിക്കും അദ്ദേഹത്തിന്റെ കുടുംബ ബന്ധങ്ങളും സുഹൃദ് ബന്ധങ്ങളുമായി നിരവധി വോട്ടുകളുണ്ടാകും. മുസ്‍ലിം വോട്ടുകളുടെ ശതമാന കണക്ക് നാം പറയുന്നത് ഇതെല്ലാം അടങ്ങിയതാണ്.
സീമാഞ്ചലിലെ അററിയ നിയമസഭാ മണ്ഡലം ഉദാഹരണം. തേജസ്വി യാദവും അസദുദ്ദീൻ ഉവൈസിയും മാത്രമല്ല നിതീഷ് കുമാറും പ്രശാന്ത് കിഷോറും എല്ലാം മുസ്‍ലിം സ്ഥാനാർഥികളെ നിർത്തിയ മണ്ഡലമാണിത്. ജാലയെപ്പോലെ നേരത്തെ സീറ്റ് പ്രതീക്ഷിച്ച മുസ്‍ലിം സ്ഥാനാർഥികൾക്ക് സീറ്റ് നൽകാതെ മറ്റുള്ളവർക്ക് നൽകിയ മണ്ഡലങ്ങളും ഉണ്ട്. ഗയയിൽ നിർണായക മുസ്‍ലിം വോട്ടുള്ള ഏക മണ്ഡലത്തിലും പ്രശാന്ത് കിഷോർ ഇറക്കിയത് മുസ്‍ലിം സ്ഥാനാർഥിയെ ആണ്. ദർഭംഗയും മധുബനിയും ഒന്നും ഇതിൽ നിന്നൊഴിവല്ല.
ജാലയെപ്പോലെ മുസ്‍ലിംകൾക്ക് സീറ്റ് നിഷേധിച്ച സ്ഥലങ്ങളിൽ സമുദായ നേതാക്കളെ കാര്യം പറഞ്ഞു ഫലിപ്പിക്കാൻ ഏറെ പണിപ്പെടേണ്ടിവന്നു. ന്യൂനപക്ഷ സ്ഥാനാർഥികൾക്കിടയിലുള്ള മത്സരം നടക്കുന്ന പല മണ്ഡലങ്ങളിലും വോട്ടുകൾ പാഴാക്കാതെ ജയസാധ്യതയുള്ള മതേതര സ്ഥാനാർഥിക്ക് നൽകണമെന്ന പ്രചാരണമാണ് സമൂഹത്തിൽ സ്വാധീനമുള്ള നേതാക്കളെ രംഗത്തിറക്കി നടത്തിയത്.
പ്രവർത്തനങ്ങളുടെ അവലോകനം പട്നയിൽ നടന്നു. വിവിധ മുസ്‍ലിം സംഘടനകളുടെയും പ്രമുഖ മുസ്‍ലിം സ്ഥാപനങ്ങളുടെയും പ്രതിനിധികളും എല്ലാ വിഭാഗങ്ങളിലും പെട്ട ജനാധിപത്യ മനുഷ്യാവകാശ പ്രവർത്തകരും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.