ന്യൂഡൽഹി: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ ചുരുങ്ങിയത് 100 വീതം സീറ്റുകളിലെങ്കിലും മത്സരിക്കാൻ ജനതാദൾ-യു-ബി.ജെ.പി ധാരണ. ബി.ജെ.പിയും ജെ.ഡി.യുവും ചേർന്ന് 205-210 സീറ്റുകൾ പങ്കിട്ടെടുത്തേക്കും.
35-40 സീറ്റുകൾ കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന്റെ ലോക ജനശക്തി പാർട്ടി (രാം വിലാസ്), കേന്ദ്രമന്ത്രി ജിതിൻ റാം മഞ്ചിയുടെ ഹിന്ദുസ്ഥാൻ അവാം മോർച്ച (സെക്കുലർ), ഉപേന്ദ്ര കുഷ്വാഹയുടെ രാഷ്ട്രീയ ലോക്സമതാ പാർട്ടി എന്നീ പാർട്ടികൾക്കായി മാറ്റിവെക്കും. 243 അംഗങ്ങളുള്ള ബിഹാർ നിയമസഭയിൽ നിലവിൽ 131 എം.എൽ.എമാരാണ് എൻ.ഡി.എക്കുള്ളത്. പ്രതിപക്ഷത്തിന് 111 എം.എൽ.എമാരുമുണ്ട്.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ജെ.ഡി.യു 17 സീറ്റുകളിലും ബി.ജെ.പി 16 സീറ്റുകളിലുമാണ് മത്സരിച്ചിരുന്നത്. ഇതിൽ ഇരു പാർട്ടികളും 12 വീതം സീറ്റുകൾ നേടി. സീറ്റ് തുല്യമായി വീതിച്ചെടുക്കുന്നതിന് പകരം ഒന്നോ രണ്ടോ സീറ്റുകൾ എങ്കിലും പ്രതീകാത്മകമായി തങ്ങൾക്ക് കൂടുതൽ നൽകണമെന്ന് ജനതാദൾ-യു ബി.ജെ.പിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ബിഹാറിൽ തങ്ങൾക്കുള്ള അപ്രമാദിത്വം പ്രതീകാത്മകമായെങ്കിലും കാണിക്കാനാണ് ഇത്തരം ഒരാവശ്യം ഉന്നയിച്ചിരിക്കുന്നത്. സെപ്റ്റംബർ അവസാനത്തോടെ സീറ്റ് ധാരണ പരസ്യപ്പെടുത്തിയേക്കും.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് മറ്റാരെങ്കിലും വരണമെന്ന് കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ അടക്കമുള്ള എൻ.ഡി.എ ഘടകകക്ഷി നേതാക്കൾ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, നിതീഷ് മതിയെന്നാണ് ജെ.ഡി-യു നിലപാട്. ബിഹാറിലെ ക്രമസമാധാന നില മോശമായതിന്റെ പേരിൽ ചിരാഗ് പാസ്വാൻ നിതീഷ് കുമാറിനെതിരെ പരസ്യ വിമർശനം നടത്തിയിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന ചിരാഗിന് മുഖ്യമന്ത്രി പദത്തിൽ കണ്ണുണ്ടെന്ന സംസാരങ്ങൾക്കിടെ, നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുമാറിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാണിക്കണമെന്ന് ഉപേന്ദ്ര കുഷ്വാഹ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, നിതീഷ് തന്നെ നയിക്കട്ടെ എന്നാണ് മകൻ നിഷാന്ത് പറഞ്ഞത്.
വോട്ടർ അധികാർ യാത്രയിലൂടെ രാഹുൽ ഗാന്ധിയും തേജസ്വിയും ഇളക്കി മറിച്ച ബിഹാറിൽ ഇൻഡ്യ ഘടകകക്ഷികൾ ഇനിയും സീറ്റുധാരണയിലെത്തിയിട്ടില്ല.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 70 സീറ്റുകൾ തർക്കിച്ചുവാങ്ങി കോൺഗ്രസ് സ്ഥാനാർഥികൾ ദയനീയ പരാജയമേറ്റുവാങ്ങിയതിനാൽ ഇത്തവണ സീറ്റുകൾ കുറഞ്ഞാലും ജയസാധ്യതയുള്ളത് വേണമെന്നാണ് കോൺഗ്രസ് ആവശ്യം.
പുതുതായി ചെറുകക്ഷികൾ സഖ്യത്തിലേക്ക് വന്നത് സീറ്റുവിഭജന ചർച്ചകൾ സങ്കീർണമാക്കുകയും ചെയ്തു. അതേ സമയം ഏതൊക്കെ സീറ്റുകളിലാണ് ഏതൊക്കെ കക്ഷികൾ മത്സരിക്കുക എന്ന് ഏകദേശ ധാരണയുള്ളതിനാൽ അടിത്തട്ടിൽ എൻ.ഡി.എ പ്രചാരണ പ്രവർത്തനങ്ങൾ തുടങ്ങിയെന്നാണ് ബി.ജെ.പി നേതാക്കൾ പറയുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ബിഹാറിൽ വോട്ടർമാരെ പാട്ടിലാക്കാൻ കേന്ദ്ര മന്ത്രിസഭ 7616 കോടിയുടെ റെയിൽ -റോഡ് പദ്ധതികൾക്ക് കഴിഞ്ഞ ദിവസം അംഗീകാരം നൽകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.