ബംഗളൂരു: ബൈബിൾ സ്കൂളിലെ പാഠ്യപദ്ധതിയുടെ ഭാഗമാക്കി നിർബന്ധിത പഠനത്തിന് പ്രേരിപ്പിച്ചെന്നാരോപിച്ച് ബംഗളൂരുവിലെ ക്ലാരൻസ് ഹൈസ്‌കൂളിന് നോട്ടീസ് അയച്ചതായി കർണാടക വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് അറിയിച്ചു. കർണാടകയിൽ രജിസ്റ്റർ ചെയ്ത ഏതൊരു വിദ്യാഭ്യാസ സ്ഥാപനവും കർണാടക വിദ്യാഭ്യാസ നിയമത്തിന്റെ പരിധിയിൽ വരുന്നതാണെന്നും ഇതനുസരിച്ച് പാഠ്യപദ്ധതിയുടെ ഭാഗമായി ഒരു മതഗ്രന്ഥവും നിർബന്ധിതമായി പഠിപ്പിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. മതഗ്രന്ഥങ്ങളുടെ നിർബന്ധിത പഠനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ക്ലാരന്‍സ് സ്കൂളിന്‍റെ വെബ്സൈറ്റിൽ ക്രിസ്ത്യന്‍ വിദ്യാഭ്യാസത്തെയും ബൈബിൾ പാഠ്യപദ്ധതിയാക്കുന്നതിനെക്കുറിച്ചും പരാമർശിച്ചിട്ടുണ്ടെന്ന് മന്ത്രി പറയുന്നു. ഭരണപരമായ കാര്യങ്ങളിൽ ന്യൂനപക്ഷ സ്ഥാപനങ്ങൾക്ക് അൽപ്പം ഇളവ് നൽകിയിട്ടുണ്ടെങ്കിലും മതഗ്രന്ഥങ്ങൾ പഠിക്കാൻ നിർബന്ധിക്കാനാവില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വെബ്സൈറ്റിൽ പരാമർശിച്ച കാര്യങ്ങളിൽ ഉത്തരം നൽകാന്‍ നോട്ടീസിൽ നിർദ്ദേശിച്ചതായും അദ്ദേഹം പറഞ്ഞു.
അതേസമയം വിവാദങ്ങൾക്ക് മറുപടിയുമായി സ്കൂൾ അധികൃതരും രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ നൂറ് വർഷത്തോളം ബൈബിളധിഷ്‌ഠിത വിദ്യാഭ്യാസത്തിലൂടെ ബംഗളൂരിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനമായി ക്ലാരൻസ് ഹൈസ്‌കൂൾ പ്രവർത്തിച്ചിട്ടുണ്ടെന്ന് അധികൃതർ അഭിപ്രായപ്പെട്ടു. നിയമം അനുസരിക്കുമെന്നും വിഷയത്തിൽ വ്യക്തത വരുത്തുന്നതിനായി അഭിഭാഷകരുമായി ബന്ധപ്പെടുമെന്നും സ്കൂൾ അധികൃതർ അറിയിച്ചു.
നിർബന്ധിത ബൈബിൾ പഠനം നടത്തുവെന്നാരോപിച്ച് കർണാടക വിദ്യാഭ്യാസ മന്ത്രിക്ക് ഹിന്ദു ജന ജാഗ്രത സമിതി നിവേദനം നൽകിയതിന്‍റെ അടിസ്ഥാനത്തിലാണ് ക്ലാരൻസ് സ്കൂളിനെതിരെ നടപടിയെടുത്തത്. സംഭവത്തെ തുടർന്ന് സ്കൂളിന് ചുറ്റും പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.