ജലീലിനെ കൊണ്ടുപോയി, കൊന്നത് പിതാവിനെ

ജയില്‍ ചാടിയ പ്രതികളെ കണ്ടത്തൊന്‍ സഹായിക്കണമെന്ന് പറഞ്ഞ് മധ്യപ്രദേശ് എ.ടി.എസ് ഏറ്റുമുട്ടല്‍ നടന്ന ഗ്രാമപഞ്ചായത്തിന്‍െറ സര്‍പഞ്ചിനെ വിളിക്കുന്നത് രാവിലെ ഏഴു മണിക്കാണ്. അതിനും രണ്ടു മണിക്കൂര്‍ മുമ്പേ ഭോപാലില്‍നിന്ന് ഏറെ ദൂരമുള്ള ഖാണ്ഡ്വയിലെ അഖീലിന്‍െറ വീട്ടില്‍ മധ്യപ്രദേശ് ഭീകരവിരുദ്ധ സ്ക്വാഡ് എത്തി ജലീലിനെ തട്ടിക്കൊണ്ടുപോയതെന്തിനാണെന്നത് ആരുമറിയാത്ത ദുരൂഹതയായി അവശേഷിക്കുന്നു...

ആഘോഷമൊന്നുമില്ലാതെ പുതുതായി വീട്ടിലേക്ക് കടന്നുവന്ന മരുമകളെയും കൂട്ടി മകനോടൊപ്പം പിതാവിനെ കാണാനുള്ള ആവേശത്തിലായിരുന്നു ഉമ്മയെന്ന് ജലീല്‍ പറഞ്ഞു. രണ്ടു നാള്‍ കഴിഞ്ഞ് ഭോപാല്‍ ജയിലില്‍ ആദ്യമായി നടക്കാനിരിക്കുന്ന കുടുംബസമാഗമത്തിന് പ്രതീക്ഷയോടെ കാത്തുനില്‍ക്കുമ്പോഴാണ് ദീപാവലിയുടെ പിറ്റേന്ന് പുലര്‍ച്ചെ അപ്രതീക്ഷിതമായ മറ്റൊരു സംഭവമുണ്ടാകുന്നത്. ഭോപാലില്‍നിന്ന് തടവുകാര്‍ ജയില്‍ചാടിയെന്നും അവരെ പൊലീസുകാര്‍ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയെന്നും പറയുന്ന അതേ ദിവസം.

പുലര്‍ച്ചെ അഞ്ചു മണിയായിക്കാണും. സുബ്ഹി ബാങ്ക് വിളിച്ചിട്ടില്ല. വീട്ടിലെല്ലാവരും ഉറക്കത്തിലാണ്. പുറത്ത് നല്ല ഇരുട്ടുമാണ്. മധ്യപ്രദേശ് ഭീകരവിരുദ്ധ സ്ക്വാഡിലെ ജിതേന്ദ്ര എന്ന പൊലീസുകാരന്‍ വന്ന് അഖീലിന്‍െറ വീടിന്‍െറ വാതിലില്‍ മുട്ടി. ജലീല്‍ വാതില്‍ തുറന്ന നിമിഷം തന്‍െറ കൂടെ വരണമെന്ന് ആവശ്യപ്പെട്ടു. മുമ്പൊരിക്കല്‍ ഇതുപോലെ പൊലീസ് വിളിച്ചത് കേട്ട് അക്ഷരംപ്രതി അനുസരിച്ച് അവരോടൊപ്പം വീട്ടില്‍നിന്നിറങ്ങിപ്പോയതിന് ‘സിമി ഭീകരനാ’യി ജയിലില്‍ കഴിയേണ്ടിവരുകയും പുറത്തുവരാന്‍ വര്‍ഷങ്ങളോളം നിയമയുദ്ധം നടത്തേണ്ടിവരുകയും ചെയ്തത് മറക്കാത്ത ജലീല്‍ രണ്ടാമതൊന്നാലോചിക്കാതെ തന്‍െറ വക്കീലായ അഡ്വ. ജാവേദ് ചൗഹാനെ വിളിച്ചു.

അസമയത്തെ വിളി കേട്ടുണര്‍ന്ന അഡ്വ. ജാവേദും സഹോദരന്‍ ഖലീല്‍ ചൗഹാനും കാര്യമെന്തെന്ന് തിരക്കി ഉടന്‍ ജലീലിന്‍െറ വീട്ടിലത്തെി. ഭീകരവിരുദ്ധ സ്ക്വാഡിലെ ജിതേന്ദ്ര വീടിന് മുന്നില്‍ ജലീലിനെ കൊണ്ടുപോകാന്‍ കാത്തുനില്‍ക്കുകയാണ്. എന്തിനാണ് വന്നതെന്ന് ചോദിച്ചപ്പോള്‍ ഭീകരവിരുദ്ധ സ്ക്വാഡിന്‍െറ സൂപ്രണ്ട് ജലീലിനോട് പൊലീസ് സ്റ്റേഷനില്‍ എത്താന്‍ പറഞ്ഞിട്ടുണ്ടെന്നായിരുന്നു മറുപടി. കാരണം ചോദിച്ചപ്പോള്‍ തനിക്കറിയില്ളെന്നും തന്നോട് ജലീലിനെ കൂട്ടിവരാനാണ് പറഞ്ഞതെന്നും ജിതേന്ദ്ര പ്രതികരിച്ചു. പൊലീസ് സ്റ്റേഷനില്‍ വരേണ്ട വല്ല ആവശ്യവുമുണ്ടെങ്കില്‍ പാതിരാത്രിയില്‍ വീട്ടില്‍ വന്ന് വിളിക്കുകയല്ല വേണ്ടതെന്നും പകല്‍ സമയത്താണ് വരേണ്ടതെന്നും ഇപ്പോള്‍ നിയമവിരുദ്ധമായി ജലീലിനെ കൊണ്ടുപോകാന്‍ പറ്റില്ളെന്നും അഡ്വ. ജാവേദ് പറഞ്ഞത് കേട്ട് ജിതേന്ദ്രയെന്ന പൊലീസുകാരന്‍ മടങ്ങിപ്പോയി.

ഒൗറംഗാബാദിലെ ഏറ്റുമുട്ടലില്‍ ഖലീല്‍ ഖില്‍ജി കൊല്ലപ്പെട്ടുവെന്ന് എ.ടി.എസ് നല്‍കിയ വിവരം 2012 മാര്‍ച്ച് 27ലെ ലീഡാക്കിയ ഹിന്ദി പത്രം. ഖലീല്‍ ഇപ്പോഴും ഒൗറംഗാബാദ് ജയിലിലാണ്.
 


അഡ്വ. ജാവേദും സഹോദരനും അപ്പോള്‍തന്നെ വീട്ടിലേക്ക് മടങ്ങി.  എന്നാല്‍, ഈ പ്രതിരോധത്തിന് അല്‍പായുസ്സേ ഉണ്ടായിരുന്നുള്ളൂ. സുബ്ഹി ബാങ്കിനുശേഷം ഇരുവരും നമസ്കരിക്കാന്‍ പോയ സമയം നോക്കി പൊലീസുകാരന്‍ വീണ്ടും ജലീലിന്‍െറ വീട്ടിലത്തെി. ബലപ്രയോഗത്തിലൂടെ പിടിച്ച് വണ്ടിയില്‍ കൊണ്ടുതള്ളി അതിവേഗത്തില്‍ ഓടിച്ചുപോയി. വണ്ടിയില്‍ കയറ്റിയ പാടേ കണ്ണ് വരിഞ്ഞുകെട്ടിയിരുന്നതിനാല്‍ എങ്ങോട്ടാണ് തന്നെ കൊണ്ടുപോകുന്നതെന്ന് ഒരത്തെുംപിടിയും കിട്ടിയില്ളെന്ന് ജലീല്‍ പറഞ്ഞു. മണിക്കൂറുകള്‍ നീണ്ട ഓട്ടത്തിനുശേഷം വണ്ടി നിര്‍ത്തി. കണ്ണിന്‍െറ കെട്ടഴിച്ചപ്പോഴാണ് മനസ്സിലായത് ഖാണ്ഡ്വയില്‍നിന്ന് ഇന്ദോറിലത്തെിയെന്ന്.

ഇപ്പോള്‍ സിമി കേസിലാക്കി ഒൗറംഗാബാദ് ജയിലില്‍ കഴിയുന്ന സഹോദരന്‍ ഖലീല്‍ ഖില്‍ജിയുടെ അനുഭവത്തിന്‍െറ വെളിച്ചത്തില്‍ കണ്ണുകെട്ടിയതോടെ തന്നെ കൊല്ലാന്‍ കൊണ്ടുപോകുകയാണെന്നുതന്നെയാണ് കരുതിയതെന്ന് ജലീല്‍ പറഞ്ഞു. അന്ന് ഖലീല്‍ ഖില്‍ജിയാണെന്ന് കരുതി മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ് ആളുമാറി കൊന്നത് മുഹമ്മദ് ശകീല്‍ എന്ന യുവാവിനെയായിരുന്നെങ്കിലും ഖലീലിന് കാലില്‍ വെടിയേറ്റിരുന്നു. എങ്കിലും അതിന്‍െറ പിറ്റേന്ന് 2012 മാര്‍ച്ച് 27ന് മുഴുവന്‍ മാധ്യമങ്ങളും സഹോദരന്‍ ഖലീല്‍ ഖില്‍ജി കൊല്ലപ്പെട്ടുവെന്ന പൊലീസ് ഭാഷ്യം പ്രധാന വാര്‍ത്തയാക്കി അവന്‍െറ ഫോട്ടോ സഹിതം നല്‍കിയെന്ന് പറഞ്ഞ് ജലീല്‍ സൂക്ഷിച്ചുവെച്ച അന്നത്തെ ഹിന്ദി പത്രങ്ങളിലൊന്നെടുത്തുകാണിച്ചു. നിരവധി കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട സഹോദരന്‍ ഖലീല്‍ ഖില്‍ജി മാധ്യമങ്ങളുടെ ഈ റിപ്പോര്‍ട്ടിനുശേഷം ഇപ്പോഴും ഒൗറംഗാബാദ് ജയിലില്‍ കഴിയുകയാണെന്ന് ജലീല്‍ കൂട്ടിച്ചേര്‍ത്തു. ബാബരി മസ്ജിദ് കേസില്‍ വിധി പറഞ്ഞ അലഹബാദ് ഹൈകോടതി ജഡ്ജിമാരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തുവെന്ന് പറഞ്ഞായിരുന്നു ഒൗറംഗാബാദിലെ അന്നത്തെ ‘ഏറ്റുമുട്ടല്‍’.

ആ അനുഭവംവെച്ച് ഉമ്മയും ഭാര്യയും, തന്നെ കൊണ്ടുപോയി കൊല്ലുമെന്നാണുറപ്പിച്ചത്. എന്നാല്‍, ഉച്ചകഴിഞ്ഞപ്പോള്‍ ചാനലുകള്‍ വഴിയറിഞ്ഞത് പിതാവ് കൊല്ലപ്പെട്ടുവെന്ന വിവരമാണ്. പിതാവടക്കമുള്ളവര്‍ കൊല്ലപ്പെട്ടുവെന്ന വിവരമറിഞ്ഞിട്ടും ജലീലിനെ മധ്യപ്രദേശ് പൊലീസ് വിട്ടയച്ചില്ല. ഒടുവില്‍ പിറ്റേദിവസം പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ അഖീലിന്‍െറ മയ്യിത്ത് കൊണ്ടുവരാന്‍ ഇന്ദോറില്‍നിന്ന് ജലീലിനെ വിടുന്നതും കാത്തിരിക്കേണ്ടിവന്നു. ജയില്‍ ചാടിയ പ്രതികളെ കണ്ടത്തൊന്‍ സഹായിക്കണമെന്ന് പറഞ്ഞ് മധ്യപ്രദേശ് എ.ടി.എസ് ഏറ്റുമുട്ടല്‍ നടന്ന ഗ്രാമപഞ്ചായത്തിന്‍െറ സര്‍പഞ്ചിനെ വിളിക്കുന്നത് രാവിലെ ഏഴു മണിക്കാണ്. അതിനും രണ്ടു മണിക്കൂര്‍ മുമ്പേ ഭോപാലില്‍നിന്ന് ഏറെ ദൂരമുള്ള ഖാണ്ഡ്വയിലെ അഖീലിന്‍െറ വീട്ടില്‍ മധ്യപ്രദേശ് ഭീകരവിരുദ്ധ സ്ക്വാഡ് എത്തി ജലീലിനെ തട്ടിക്കൊണ്ടുപോയതെന്തിനാണെന്നത് ആരുമറിയാത്ത ദുരൂഹതയായി അവശേഷിക്കുന്നു.

Tags:    
News Summary - bhopal massacre series

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.