കൊന്നത് തെളിവ് ദുര്‍ബലമായതിനാല്‍?


ഭോപാല്‍: മധ്യപ്രദേശില്‍ തടവുചാടിയ എട്ടു വിചാരണ തടവുകാരെ പൊലീസ് വെടിവെച്ചുകൊന്നത് തെളിവ് ദുര്‍ബലമായതിനാലെന്ന സംശയം ശക്തമാകുന്നു. കൊല്ലപ്പെട്ടവരില്‍ മൂന്നു പേര്‍ക്കെതിരായ തെളിവുകള്‍ വിശ്വസനീയമല്ളെന്ന ഖണ്ഡ്വ കോടതി  പുറപ്പെടുവിച്ച വിധിയാണ് സംശയം ഉന്നയിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നത്. 2015 സെപ്റ്റംബര്‍ 30ന് പുറപ്പെടുവിച്ച വിധിയില്‍, ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റ് ചെയ്ത അകീല്‍ ഖില്‍ജിയെന്നയാളെ കോടതി വെറുതെവിടുകയും ചെയ്തിരുന്നു. അംസദ് റംസാന്‍ ഖാന്‍, മുഹമ്മദ് സാലിഖ് എന്നിവരെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തു.
മധ്യപ്രദേശ് പൊലീസ് കൊന്ന സക്കീര്‍ ഹുസൈന്‍ എന്നയാളുടെ സഹോദരന്‍ അബ്ദുല്ലയെയും ഈ കേസില്‍ കോടതി വെറുതെ വിട്ടിരുന്നു.2011ല്‍, സാമുദായിക സംഘര്‍ഷത്തിന് ശ്രമിച്ചുവെന്ന കേസ് യു.എ.പി.എ പ്രകാരം അന്വേഷിക്കാനുള്ള തീരുമാനവും കേസിനാസ്പദമായ തെളിവുകള്‍ ഫോറന്‍സിക് പരിശോധനക്ക് നല്‍കാന്‍ അയക്കാതിരുന്നതും കോടതി ചോദ്യംചെയ്യുകയുണ്ടായി. 

പൊലീസ് തയാറാക്കിയ കുറ്റപത്രത്തില്‍, പത്തോ പതിനഞ്ചോ വരുന്ന സിമി പ്രവര്‍ത്തകര്‍ ഖില്‍ജിയുടെ വീട്ടില്‍ ചേര്‍ന്ന് ശക്തമായ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി ആരോപിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പൊലീസ് പരിശോധനയില്‍ ഖില്‍ജിയുടെ വീട്ടില്‍നിന്ന് സിമിയുടെ സാഹിത്യങ്ങളും പ്രകോപനപരമെന്ന് പൊലീസ് വിശേഷിപ്പിക്കുന്ന ഉള്ളടക്കമുള്ള സീഡിയും പൊലീസ് കണ്ടെടുക്കുകയുണ്ടായി.

എന്നാല്‍, സീഡിയിലെ സന്ദേശമെന്താണെന്ന് വ്യക്തമാക്കാനും പിടിച്ചെടുത്തത് നിരോധിത സാഹിത്യങ്ങളാണെന്ന് സ്ഥാപിക്കാനും പൊലീസിനായില്ല. രണ്ട് തെളിവുകളും പിടിച്ചെടുത്തയുടന്‍ ഫോറന്‍സിക് പരിശോധനക്ക് അയക്കാത്തതിനാല്‍, പിന്നീട് അവ പരിശോധനക്ക് അയക്കുന്നത് ഉചിതമായിരിക്കുകയില്ളെന്നും കോടതി പറയുകയുണ്ടായി. ഈ വിധിയില്‍, വീട്ടില്‍ സ്ഫോടനവസ്തുക്കള്‍ സൂക്ഷിച്ചുവെന്ന കേസില്‍ മൂന്നുപേരെ കുറ്റക്കാരെന്ന് വിധിക്കുകയും ചെയ്തിരുന്നു. ചൊവ്വാഴ്ചയാണ് അകീല്‍ ഖില്‍ജി ഉള്‍പ്പെടെ സിമി പ്രവര്‍ത്തകരെന്ന് ആരോപിക്കപ്പെടുന്ന ജയില്‍ ചാടിയ എട്ടുപേരെ മധ്യപ്രദേശ് പൊലീസ് വെടിവെച്ചുകൊന്നത്.


 
 

Tags:    
News Summary - bhopal encounter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.