ഇന്ത്യയെ വീണ്ടെടുക്കുന്ന രാഹുൽ ഗാന്ധി

ഇ​തൊ​രു മാ​റ്റ​മാ​ണ്. 2018ൽ ​കോ​ൺ​ഗ്ര​സ് ഉ​യ​ർ​ത്തി​യ ‘വ​ക്​​ത്​ ഹേ ​ബ​ദ​ലാ​വ് കാ’ (​മാ​റ്റ​ത്തി​നു​ള്ള സ​മ​യ​മാ​യി) എ​ന്ന മു​ദ്രാ​വാ​ക്യം ഇ​വി​ടെ കൂ​ടു​ത​ൽ അ​ർ​ഥ​പൂ​ർ​ണ​മാ​വു​ന്നു

വെറുപ്പ് രാഷ്ട്രീയത്തിന്റെ അമരത്ത് കയറിയ കാലം, സാമ്പത്തിക അസമത്വങ്ങൾ സാമൂഹിക ഘടനയെ അട്ടിമറിച്ച കാലം. ഈ സന്ദർഭത്തിലാണ്, ഇന്ത്യയുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ജയത്തേക്കാൾ കൂടുതൽ പരാജയങ്ങൾ ഏറ്റുവാങ്ങിയ ഒരു നേതാവ് രാജ്യം ഇന്നോളം കണ്ടതിൽ വെച്ചേറ്റവും മഹത്തായ ഒരുദ്യമത്തിന് മുന്നോട്ടുവന്നത്.

രാഹുൽ ഗാന്ധിയാണ് ആ നേതാവ്. ഇന്ത്യയെ ഒരുമിപ്പിക്കാനുള്ള കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള പദയാത്രയാണ് ആ ഉദ്യമം. പോയ കാലത്ത് ഇതുപോലെ ഒരു രാഷ്ട്രീയ സാമൂഹിക പരിഷ്ക്കരണ മുന്നേറ്റം നമ്മൾ കണ്ടിട്ടില്ല. ഇന്ത്യയുടെ ഹൃദയത്തിലൂടെയാണ് രാഹുൽ നടന്നു തീർത്തത്. അദ്ദേഹം തന്നെ പറയുന്നതുപോലെ ഇത് ശ്രീനഗറിൽ തീരുന്ന ഒരു മുന്നേറ്റമല്ല. ഇതിന് തുടർച്ചകളുണ്ടാകും.

'ഭാരത് ജോഡോ' എന്നാൽ ഭാരതത്തെ ഒന്നിപ്പിക്കൂ എന്നാണർഥം. യാത്രയുടെ ഏറ്റവും വലിയ രാഷ്ട്രീയവും അതുതന്നെയായിരുന്നു. വെറുപ്പിന്റെ ചന്തയിൽ സ്നേഹത്തിന്റെ പെട്ടിക്കട തുറക്കുകയാണ് ഞാൻ എന്ന രാഹുൽ ഗാന്ധിയുടെ വാക്കുകളോളം പ്രസക്തമായ ഒരു രാഷ്ട്രീയ പ്രസ്താവന ഈയടുത്ത് രാജ്യം കണ്ടിട്ടില്ല. ജനങ്ങളുടെ ജീവൽ പ്രശ്നങ്ങളിൽ നിന്നും അകന്നുപോയ കേന്ദ്ര സർക്കാറിനോട് നിരന്തരം ചോദ്യങ്ങൾ ചോദിച്ചുകൊണ്ടാണ് രാഹുൽ ഇത്രയിടം നടന്നത്.

രാഹുലിന്റെ ഒപ്പം നടന്നവരാകട്ടെ, ദശലക്ഷക്കണക്കിന് പാർട്ടിപ്രവർത്തകരും അനേകം സാമൂഹിക പ്രവർത്തകരും കലാകാരന്മാരും സാധാരണക്കാരുമാണ്. ജനങ്ങളെ കേൾപ്പിക്കുക എന്നതല്ല, ജനങ്ങളെ കേൾക്കുകയായിരുന്നു അദ്ദേഹം. കേൾക്കാൻ തയാറാകുന്ന രാഷ്ട്രീയം എത്ര മനോഹരമാണ്. സുരക്ഷ പ്രശ്നങ്ങളുണ്ടാകുമെന്ന്, കാലാവസ്ഥ പ്രതികൂലമാകുമെന്ന്, ഉത്തരേന്ത്യയിൽ സ്വീകരിക്കപ്പെടില്ലെന്ന് അങ്ങനെ ഒരു പിടി വിമർശനങ്ങളെ, ആശങ്കകളെ, പരിഹാസങ്ങളെ നടന്നുതോൽപിച്ചു ആ മനുഷ്യൻ.

പദയാത്രകളുടെ രാഷ്ട്രീയം ഇന്ത്യയിൽ എന്നും പ്രസക്തമാണ്. ഗാന്ധി മുതൽ മുൻ പ്രധാനമന്ത്രി എസ്. ചന്ദ്രശേഖറും വൈ.എസ്. രാജശേഖര റെഡ്ഡി വരെയുള്ളവർ പദയാത്രകളിലൂടെ രാഷ്ട്രീയ ഭൂപടങ്ങൾ ഉഴുതു മറിച്ചു. ഈ യാത്രയും അതുപോലെ ഒരു രാഷ്ട്രീയ നിലം ഉഴുതു മറിക്കുകയാണ്. വെറുപ്പിനപ്പുറം സ്നേഹത്തിന്റെ രാഷ്ട്രീയത്തെ വിതക്കുകയാണ് ഭാരത് ജോഡോ യാത്ര. കോൺഗ്രസ് പാർട്ടി അതിന്റെ വേരുകൾ വീണ്ടും കണ്ടെത്തുകയാണ്. ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിവന്ന, ഇഴുകിച്ചേർന്ന ഈ നേതാവിന്റെ ചിറകിൽ പാർട്ടി പുതിയ ഊർജം കണ്ടെത്തും.

ഈ യാത്ര രാഹുൽ ഗാന്ധി എന്ന നേതാവിനെ കുറിച്ച് മാലോകർക്കുണ്ടായിരുന്ന തെറ്റായ പ്രതിച്ഛായ കൂടി തിരുത്തി. ‘കോടിക്കണക്കിന് രൂപ ചെലവിട്ട് ബി.ജെ.പിയും ആർ.എസ്.എസും അപകീർത്തിപ്പെടുത്തിയ രാഹുൽ ഗാന്ധി’ ഇപ്പോഴില്ല എന്നാണ് രാഹുൽ അതേക്കുറിച്ച് പറയുന്നത്. ആകെയുള്ളത് ജനങ്ങൾ മാത്രമാണ്. പപ്പുവിളികളെ രാഹുൽ വിജയകരമായി മറികടന്നു. സ്ഥിരതയെ പറ്റിയുള്ള ആത്മാർഥവും അല്ലാത്തതുമായ ആശങ്കകളെ അസ്ഥാനത്താക്കി.

മാധ്യമങ്ങൾ തിരുത്താൻ നിർബന്ധിതമായി മിഴിച്ചു നിൽക്കുകയാണ്. രാഹുലിന്റെ ടീഷർട്ടിലായിരുന്നു ബി.ജെ.പി ഐ.ടി സെല്ലിന്റെ കണ്ണ്. കൊടും തണുപ്പിലും ആ വെളുത്ത ടീഷർട്ട് മാത്രമിട്ട് രാഹുൽ നടന്നുകൊണ്ടേയിരുന്നു. ‘തെരുവിൽ ചൂടുവസ്ത്രമില്ലാത്ത കുട്ടികളോടോ, കർഷകരോടോ തൊഴിലാളികളോടോ അവരുടെ വസ്ത്രങ്ങളെ കുറിച്ച് അവർക്ക് എന്തേ വസ്ത്രമില്ലെന്നതിനെ കുറിച്ച് നിങ്ങൾ ചോദിക്കാറുണ്ടോ’ എന്ന് രാഹുൽ ചോദിച്ചതോടെ അത്തരം സ്ഥിരം പരിഹാസങ്ങളൊക്കെ എരിഞ്ഞൊടുങ്ങി.

യാത്രയിലിതുവരെ പ്രതിപക്ഷ നിരയിലെ ഒരുവിധം എല്ലാ പാർട്ടികളും പിന്തുണ അറിയിക്കുകയും യാത്രയുടെ ഭാഗമാവുകയും ചെയ്തു. യാത്രയെ പരിഹസിച്ചു തുടങ്ങിയ സംഘ്പരിവാരം പിന്നീട് യാത്രയെ അവഗണിക്കാമെന്ന് കരുതി.

ഉത്തരേന്ത്യയിലേക്ക് നടന്നടുത്ത രാഹുലിന് സ്വന്തം പാളയത്തിൽ നിന്നുപോലും പിന്തുണ ലഭിക്കുന്നത് കണ്ടതോടെ ബി.ജെ.പി-ആർ.എസ്.എസ് രാഷ്ട്രീയ നേതൃത്വത്തിന് പൊറുതികേടായി. യാത്ര നിർത്തിവെക്കേണ്ടി വരുമെന്ന ഭീഷണി സ്വരമുയർന്നു. കോവിഡ് വകഭേദം പുതിയതൊന്ന് അവതരിപ്പിക്കപ്പെടുക വരെ ചെയ്തു. യാത്ര നടന്നുതന്നെ ജമ്മു-കശ്മീർ വരെ ചെല്ലുമെന്ന് രാഹുൽ കട്ടായം പറഞ്ഞു. ഇതൊരു മാറ്റമാണ്. 2018ൽ കോൺഗ്രസ് ഉയർത്തിയ ‘വക്ത് ഹേ ബദലാവ് കാ’ (മാറ്റത്തിനുള്ള സമയമായി) എന്ന മുദ്രാവാക്യം ഇവിടെ കൂടുതൽ അർഥപൂർണമാവുന്നു

Tags:    
News Summary - Bharat Jodo Yatra-Rahul Ganndhi-TN Prathapan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.