സുരക്ഷയുടെ കാര്യത്തിൽ ഇന്ത്യ ‘ഭാഗ്യമില്ലാത്ത’ രാജ്യമെന്ന് രാജ്നാഥ് സിങ്; ശത്രുക്കൾ സജീവമായി നിലകൊള്ളുന്നുവെന്ന്

ഭോപ്പാൽ: സുരക്ഷാ രംഗത്ത് ഇന്ത്യ അത്ര ‘ഭാഗ്യമില്ലാത്ത’ രാജ്യമാണെന്നും ആഭ്യന്തരവും ബാഹ്യവുമായ ശത്രുക്കൾ എപ്പോഴും സജീവമാണെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. മധ്യപ്രദേശിലെ ഇൻഡോർ ജില്ലയിലെ രണ്ട് നൂറ്റാണ്ടിലേറെ പഴക്കമുള്ള മോവ് കന്റോൺമെന്റിൽ സൈനികരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

‘സുരക്ഷാ സാഹചര്യം കണക്കിലെടുക്കുമ്പോൾ ഭാരതം അത്ര ഭാഗ്യമുള്ള രാജ്യമല്ല. കാരണം നമ്മുടെ വടക്കൻ അതിർത്തിയും പടിഞ്ഞാറൻ അതിർത്തിയും തുടർച്ചയായി വെല്ലുവിളികൾ നേരിടുന്നു. ആഭ്യന്തര മുന്നണിയിലും വെല്ലുവിളികൾ നേരിടുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ നമുക്ക് ആശങ്കയില്ലാതെ നിശ്ശബ്ദരായി ഇരിക്കാൻ കഴിയില്ല. ആഭ്യന്തരമോ ബാഹ്യമോ ആകട്ടെ, നമ്മുടെ ശത്രുക്കൾ എപ്പോഴും സജീവമായി നിലകൊള്ളുന്നു. ഈ സാഹചര്യത്തിൽ, അവരുടെ പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും അവർക്കെതിരെ ഉചിതമായതും സമയബന്ധിതവുമായ ഫലപ്രദമായ നടപടികൾ കൈക്കൊള്ളുകയും വേണം’ -അദ്ദേഹം സൈനികരോട് പറഞ്ഞു.

2047ഓടെ ഇന്ത്യയെ വികസിതവും സ്വയംപര്യാപ്തവുമായ രാജ്യമാക്കാൻ സൈന്യത്തിന്റെ പങ്ക് വളരെ നിർണായകമാണെന്ന് സിങ് പറഞ്ഞു. പ്രതിരോധ മന്ത്രി എന്ന നിലയിൽ എപ്പോഴും ജാഗ്രത പാലിക്കണമെന്ന് പറയാൻ ആഗ്രഹിക്കുന്നുവെന്നും സിങ് സൈനികരെ ഉണർത്തി. സൈനികരുടെ അർപണ മനോഭാവത്തെ പ്രശംസിച്ച അദ്ദേഹം, രാജ്യത്തുടനീളമുള്ള സൈനിക സ്ഥാപനങ്ങളിലെയും കന്റോൺമെന്റുകളി​ലെയും ശുചിത്വം തന്നെ ആകർഷിച്ചതായും പറഞ്ഞു.

ഇൻഡോറിൽ രണ്ട് ദിവസത്തെ പര്യടനത്തിനെത്തിയതാണ് സിങ്. ഇൻഡോറിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള മോവ് കന്റേൺമെന്റിൽ മൂന്ന് പ്രധാന പരിശീലന സ്ഥാപനങ്ങളുണ്ട്.

കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിക്കൊപ്പം മോവിലെ ഡോ. ബി.ആർ അംബേദ്കറുടെ സ്മാരകത്തിൽ പ്രതിരോധമന്ത്രി പുഷ്പാർച്ചന നടത്തി. ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശിൽപിയായ അംബേദ്കറുടെ സ്മാരകം മോവ് കന്റോൺമെന്റിലെ കാലി പൾട്ടൻ മേഖലയിൽ അദ്ദേഹത്തിന്റെ ജന്മസ്ഥലത്താണ് നിർമിച്ചിരിക്കുന്നത്.

Tags:    
News Summary - 'Bharat faces unlucky security scenario,' says Rajnath Singh during visit to Mhow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.